ന്യൂയോര്‍ക്ക്: സ്വന്തം നാശം ഉറപ്പാക്കുന്ന ഒരു ഗ്രഹത്തെ കണ്ടെത്തി എന്ന വിചിത്രമായ വെളിപ്പെടുത്തലുമായി ഗവേഷകര്‍. സ്വന്തം മരണം ആഗ്രഹിക്കുന്ന ആദ്യത്തെ ഗ്രഹം എന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. സൂര്യനേക്കാള്‍ ശക്തമായ ഒരു നക്ഷത്രത്തിന് ചുറ്റുമാണ് ഈ ഗ്രഹം ഭ്രമണം ചെയ്യുന്നത്. ഓരോ തവണയും ഈ ഗ്രഹം ഭ്രമണം ചെയ്യുമ്പോള്‍ വലിയ തോതിലുളള റേഡിയേഷനാണ് അത് പ്രസരിപ്പിക്കുന്നത്. ഈ നക്ഷത്രത്തിന്റെ ജ്വാലകള്‍ സൂര്യന്റെ ജ്വാലകളേക്കാള്‍ പതിനായിരം മടങ്ങ് വരെ ശക്തമാണ്.

ഇവ ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തിലേക്ക് എത്തുമ്പോള്‍ ശക്തമായ തോതില്‍ പൊട്ടിത്തെറിക്കുകയാണ്. ഇതൊരു പുതിയ പ്രതിഭാസം ആണെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്ത 100 ദശലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍ നിലവില്‍ വ്യാഴത്തിന്റെ വലിപ്പമുള്ള ഭീമാകാരനായ ഈ ഗ്രഹം നെപ്റ്റിയൂണിന്റെ വലിപ്പമുള്ള ഒരു ചെറിയ ഗ്രഹമായി മാറുമെന്നാണ് അവര്‍ പ്രവചിക്കുന്നത്. അതായത്

അതിന്റെ യഥാര്‍ത്ഥ വലിപ്പത്തിന്റെ മൂന്നിലൊന്ന് വരെ ചുരുങ്ങും.

എച്ച്.ഐ.പി 67522 എന്ന് പേരിട്ടിരിക്കുന്ന നക്ഷത്രം ഭൂമിയില്‍ നിന്ന് ഏകദേശം 415 പ്രകാശവര്‍ഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. സൂര്യനേക്കാള്‍ അല്പം തണുത്തതും വലുതുമാണ് ഇത്. എന്നാല്‍ ഇതിന് സൂര്യനേക്കാള്‍ പ്രായം കുറവാണ് എന്നതാണ് പ്രത്യേകത. സൂര്യന്റെ പഴക്കം 4.5 ബില്യണ്‍ വര്‍ഷങ്ങളാണെങ്കില്‍ എച്ച്.ഐ.പി 67522 ന് 17 ദശലക്ഷം വര്‍ഷം മാത്രം പഴക്കമുള്ളത്. താരതമ്യേന പ്രായം കുറഞ്ഞ

ഇത്തരം നക്ഷത്രങ്ങള്‍ വേഗത്തില്‍ കറങ്ങുകയും ശക്തമായ കാന്തികക്ഷേത്രങ്ങളെ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.

ഒരു ഗ്രഹം സമീപത്തുകൂടി കടന്നുപോകുമ്പോള്‍ ഇത് ശക്തമായ സൗരജ്വാലകള്‍ പുറത്തു വിടുന്നു എന്നാണ് അവര്‍ വാദിക്കുന്നത്. 1990 മുതല്‍ തന്നെ ഈ ഒരു പ്രതിഭാസം ഗവേഷകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഏറ്റവും മികച്ച സാങ്കേതിക മികവുള്ള ദൂരദര്‍ശിനികള്‍ ഇപ്പോള്‍ ലഭ്യമായ സാഹചര്യത്തിലാണ് ഇതിനെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നത്.നാസയുടെ ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് ഉപയോഗിച്ചാണ് ഇത്തരം ഗവേഷണങ്ങള്‍ നടത്തുന്നതും ഇത്തരത്തിലുള്ള ഒരു ഗ്രഹത്തെ കുറിച്ച് കൂടുതല്‍ പഠനം നടത്തണം എന്ന തീരുമാനത്തിലേക്ക് ശാസ്ത്രജ്ഞന്‍മാര്‍ എത്തിച്ചേര്‍ന്നതും.

ഈ ഗ്രഹത്തിന് ഓരോ തവണയും നക്ഷത്രത്തിന് ചുറ്റും ഭ്രമണം നടത്താന്‍ ഏഴ്് ദിവസം മാത്രം മതി എന്നും കണ്ടെത്തിയിട്ടുണ്ട്. അതിന്റെ അര്‍ത്ഥം ഈ ഗ്രഹം നക്ഷത്രത്തിന് വളരെ അടുത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത് എന്നതാണ്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ചിയോപ്സ് എന്നറിയപ്പെടുന്ന എക്സോപ്ലാനറ്റ് ഉപഗ്രഹവും ഇതിനായി ഉപയോഗിച്ചിരുന്നു.