- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തി കൊന്നത് യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി; കുത്തിയ ശേഷം ഓടിപോകുന്നത് കണ്ടതായി ദൃക്സാക്ഷിയുടെ മൊഴി; സംഭവം കാമ്പസിന് പുറത്തെന്ന് പ്രിൻസിപ്പൽ; കോളേജ് അനിശ്ചിത കാലത്തേക്ക് അടക്കാൻ നിർദ്ദേശം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു
ഇടുക്കി: ഇടുക്കി എൻജിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തി കൊന്നത് യൂത്ത് കോൺഗ്രസ് നേതാവാണെന്ന് ദൃക്സാക്ഷി. കുത്തേറ്റ് വീണ ധീരജിനെ ആശുപത്രിയിൽ എത്തിച്ച സത്യൻ എന്നയാളാണ് ഇക്കാര്യം വ്യക്തമാക്കിയത്.ധീരജിന്റെ നെഞ്ചിനാണ് കുത്തേറ്റത്. ആക്രമണത്തിന് ശേഷം യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലി ഓടി പോകുന്നത് കണ്ടെന്നാണ് ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ സത്യന്റെ പ്രതികരണം.
ആക്രമണത്തിന് പിന്നിൽ കെഎസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് എസ്എഫ്ഐയും ആരോപിച്ചു. മണിയാറംകുടി സ്വദേശി നിഖിൽ പൈലിയാണ് നിഖിലിനെ കുത്തിയതെന്ന് സിപിഐഎം വ്യക്തമാക്കി. കൊലപാതകം നടത്തിയത് കോളേജിന് പുറത്തു നിന്നെത്തിയവരാണെന്നും ആസൂത്രിതമായ കൊലയാണെന്നും സിപിഐഎം നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.ഇന്ന് കോളേജ് തെരഞ്ഞെടുപ്പിനിടെയാണ് കെഎസ്യു-എസ്എഫ്ഐ സംഘർഷമുണ്ടായത്. ഇതിനിടയാണ് കണ്ണൂർ സ്വദേശിയായ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തേറ്റത്. കുത്തേറ്റ മറ്റൊരു വിദ്യാർത്ഥിയുടെ നില ഗുരുതരമായി തുടരുകയാണ്.
അതേസമയം കാമ്പസിന് പുറത്തുവച്ചാണ് അക്രമം നടന്നതെന്നും കോളേജിനകത്ത് സമാധാനപരമായാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും പ്രിൻസിപ്പൽ ഡോ.ജലജ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പൊലീസിന് നേരത്തെ കത്ത് നൽകുകയും കാമ്പസിൽ പൊലീസ് സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. സമീപകാലത്തൊന്നും കോളേജിൽ സംഘർഷമുണ്ടായിട്ടില്ലെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
ധീരജിന്റെ നെഞ്ചിലാണ് ആഴത്തിലുള്ള കുത്തേറ്റത്. ഉടൻതന്നെ സമീപത്തുണ്ടായിരുന്നവർ വിദ്യാർത്ഥിയെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുത്തേറ്റ മറ്റ് വിദ്യാർത്ഥികളിൽ ഒരാളുടെ നില ഗുരുതരമാണെന്നും വിവരങ്ങളുണ്ട്. അതിനിടെ, സംഭവത്തിൽ പ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കൃത്യം നടത്തിയതിന് പിന്നാലെ ഇയാൾ അല്പസമയം കൂടി സ്ഥലത്തുണ്ടായിരുന്നു. പിന്നീടാണ് കാണാതായത്. അധികദൂരത്തേക്ക് പ്രതി രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണ് പൊലീസ് കരുതുന്നത്. സമീപപ്രദേശങ്ങളിൽ ഒളിവിൽകഴിയുകയായിരിക്കുമെന്നും പൊലീസ് കേന്ദ്രങ്ങൾ പറയുന്നുണ്ട്.
എസ്.എഫ്.ഐ. പ്രവർത്തകനെ കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിക്കൊന്ന സംഭവം ആസൂത്രിതമായ അക്രമമാണെന്ന് സിപിഎം. ഇടുക്കി ജില്ലാ സെക്രട്ടറി ആരോപിച്ചു. പൈനാവ് കോളേജിൽ നടന്നത് കോൺഗ്രസിന്റെ അക്രമമാണെന്ന് എസ്.എഫ്.ഐ.യും ആരോപിച്ചു. തിങ്കളാഴ്ച കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെയാണ് എസ്.എഫ്.ഐ പ്രവർത്തകനായ ധീരജ് കാമ്പസിന് പുറത്തുവെച്ച് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് കോളേജിലും പ്രദേശത്തും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.