ന്യൂഡൽഹി: കോൺഗ്രസ് ലോക്സഭ പാർലമെന്ററി പാർട്ടി നേതാവായി ശശി തരൂർ എത്താൻ സാധ്യത. നിലവിലെ പാർലമെന്ററി പാർട്ടി നേതാവായ അധീർ രഞ്ജൻ ചൗധരിയെ തൽസ്ഥാനത്ത് മാറ്റാൻ കോൺഗ്രസ് ഒരുങ്ങുന്നതായാണ് തലസ്ഥാനത്ത് നിന്നുള്ള വാർത്തകൾ. തൃണമൂൽ കോൺഗ്രസുമായും മമത ബാനർജിയുമായും കോൺഗ്രസ് അടുക്കുന്നതിന്റെ ഭാഗമായാണ് അധീറിനെ മാറ്റുന്നത്.

കൃത്യമായൊരു നേതൃത്വമില്ലാതെ കോൺഗ്രസ് ഉഴലുന്നതിന്റെ ബുദ്ധിമുട്ട് എല്ലാ പ്രതിപക്ഷ കക്ഷികളും അനുഭവിക്കുന്നുണ്ട്. ആ ഘട്ടത്തിലാണ് തലപ്പത്ത് ആടുന്ന കസേര ഉറപ്പിക്കാൻ ശശി തരൂരിനെ കൊണ്ടുവരാൻ കോൺഗ്രസ് ഒരുങ്ങുന്നത്. മൂന്ന് മാസത്തിനകം എഐസിസി പ്രസിഡന്റിനെ തീരുമാനിക്കുമെന്നാണ് അറിയുന്നത്. ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോൾ പൊതുസമൂഹത്തെ ആകർഷിക്കുന്ന ഒരു മുഖത്തെ ലോകസഭാ തലപ്പത്ത് ഇരുത്താൻ കോൺഗ്രസ് തീരുമാനിക്കുന്നത്.

അധീറിനെ തൽസ്ഥാനത്തേയ്ക്ക് മാറ്റുമ്പോൾ പ്രതിപക്ഷ ഏകോപനത്തിന് സാധിക്കുന്ന സർവ്വസമ്മതനായ ഒരാളെയാണ് കോൺഗ്രസ് പകരം അന്വേഷിച്ചത്. പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ ലോക്സഭാ കക്ഷിയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറായില്ലെന്നാണ് സൂചന. ഇതേ തുടർന്നാണ് കോൺഗ്രസ് മറ്റ് പേരുകൾ തിരഞ്ഞത്. അടുത്ത നിരയിൽ പ്രഥമ പരിഗണന ശശി തരൂരിനാണ്. പാർലമെന്റ് അംഗമെന്ന നിലയിലെ മികച്ച പ്രവർത്തനവും മുൻകാല പ്രവർത്തി പരിചയവും അദ്ദേഹത്തിന് അനുകൂല ഘടകമാവുന്നു.

പാർലമെന്റിനകത്തെ ശശി തരൂരിന്റെ പ്രകടനത്തെ ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാവരും അംഗീകരിക്കുന്നുണ്ട്. പൊതുസമൂഹത്തിനിടയിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടിയെ നയിക്കാൻ ശശി തരൂരിനെ ഏൽപ്പിക്കണമെന്ന ചിന്ത ഹൈക്കമാൻഡിൽ ഉണ്ടാകുന്നത്. മാത്രമല്ല കോൺഗ്രസിലെ വിമത ഗ്രൂപ്പായ ജി-23ന്റെ ഭാഗമാണ് തരൂർ. അദ്ദേഹത്തെ പരിഗണിക്കുക വഴി ജി-23 ഗ്രൂപ്പിനെയും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.

ബംഗാളിലെ ബഹറംപൂർ ലോക്സഭ എംപിയായ അധീർ പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷനുമാണ്. മമതക്കെതിരെയും ബംഗാൾ സർക്കാറിനെതിരെയും നിരന്തരം വെടിയുതിർക്കുന്ന അധീറിനെ മാറ്റുന്നതുവഴി മമതയുമായി കൈകോർക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് കരുതുന്നത്. ഇതുവഴി പാർലമെന്റിൽ ബിജെപിക്കെതിരെയുള്ള പോരാട്ടത്തിന് തൃണമൂൽ പിന്തുണ ലഭിക്കുമെന്നും കോൺഗ്രസ് കരുതുന്നു.

മനീഷ് തിവാരിയുടെ പേരും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. എന്നാൽ മനീഷ് തിവാരിയെ പഞ്ചാബ് പിസിസി അധ്യക്ഷനാക്കണം എന്ന നിർദ്ദേശം മുഖ്യമന്ത്രി അമരീന്ദർ സിങ് മുന്നോട്ട് വെച്ചിട്ടുണ്ട്. പഞ്ചാബിലെ നിലവിലെ പ്രശ്നങ്ങൾക്ക് സമവായം എന്ന നിലയിലാണ് അമരീന്ദർ ഇത്തരമൊരു ഫോർമുല മുന്നോട്ട് വെച്ചത്. ഇത് എഐസിസി അംഗീകരിച്ചാൽ ലോക്സഭാ കക്ഷി നേതാവാവാനുള്ള ശശി തരൂരിന്റെ സാധ്യത വർധിക്കും.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കടുത്ത വിമർശകനാണ് അധീർ രഞ്ജൻ ചൗധരി. ഈ സാഹചര്യത്തിൽ ഇദ്ദേഹത്തെ ലോക്സഭാ കക്ഷി നേതാവ് സ്ഥാനത്ത് നിലനിർത്തികൊണ്ട് മമത ബാനർജിയുമായി അടുക്കാൻ കോൺഗ്രസിന് കഴിയില്ല. അതുകൊണ്ടാണ് മമതയുമായി അടുക്കുന്നതിന്റെ ആദ്യ പടിയെന്നോണം അധീർ രഞ്ജൻ ചൗധരിയെ മാറ്റുന്നത്.