- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോർച്ചറിയിൽ ചെന്നു മൃതദേഹം കാണാൻ പലരും പറഞ്ഞു; പക്ഷേ, അച്ചാച്ചൻ ജീവനില്ലാതെ കിടക്കുന്നതു കാണാൻ വയ്യ; കണ്ടാൽ ഞാനും മരിച്ചു പോയേക്കാം; ഭർത്താവിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ച് നടത്തിയത് സമാനതകളില്ലാത്ത പ്രതിഷേധം; വനപാലകരെ കുടുക്കിയത് ഷീബയുടെ നിശ്ചയദാർഢ്യം; മത്തായിക്ക് നീതിയൊരുക്കിയ പോരാട്ടക്കഥ
പത്തനംതിട്ട: മത്തായി മരിച്ച ശേഷം മൃതദേഹം സംസ്ക്കരിക്കാതെ 40 ദിവസം ഭാര്യ ഷീബ മോൾ നിശ്ചയദാർഢ്യത്തോടെ നടത്തിയ സമരം വെറുതെയായില്ല. വെറുമൊരു ആത്മഹത്യയാകേണ്ട കേസിൽ സിബിഐ സത്യം കണ്ടെത്തി. ഷീബാ മോളുടെ സമരത്തിനൊടുവിലാണ് സർക്കാർ കേസ് സിബിഐക്ക് വിട്ടത്.
''മോർച്ചറിയിൽ ചെന്നു മൃതദേഹം കാണാൻ പലരും പറഞ്ഞു. പക്ഷേ, അച്ചാച്ചൻ ജീവനില്ലാതെ കിടക്കുന്നതു കാണാൻ വയ്യ. കണ്ടാൽ ഞാനും മരിച്ചുപോയേക്കാം. ഇനിയെങ്കിലും എന്റെ ഭർത്താവിന്റെ മൃതദേഹത്തോട് ആദരം കാട്ടാൻ സർക്കാർ തയാറാകണം. അദ്ദേഹത്തെ എത്രയും പെട്ടെന്ന് സംസ്കരിക്കാൻ കഴിയണേ എന്നാണു പ്രാർത്ഥന.'' -ഷീബ പൊട്ടിക്കരഞ്ഞു കൊണ്ട് അന്ന് പറഞ്ഞ വാക്കുകളാണ് ഇത്. എന്തു തെറ്റിനാണ് അദ്ദേഹത്തെ കൊന്നതെന്നു വനപാലകർ പറയണം. കൊന്നതാണെന്നു തെളിവു കിട്ടിയിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല. സർക്കാരിൽനിന്നു നീതി കിട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചു. കുടുംബത്തിന്റെ സൗകര്യം പോലെ സംസ്കാരം നടത്തണമെന്ന വനംമന്ത്രി കെ. രാജുവിന്റെ പ്രതികരണം വല്ലാതെ വേദനിപ്പിച്ചുവെന്നും ഷീബ പറഞ്ഞിരുന്നു. ഈ വേദനയ്ക്കാണ് സിബിഐ നീതി കൊടുക്കുന്നത്.
10 വർഷം മുൻപായിരുന്നു മത്തായിയുടെയും ഷീബയുടെയും വിവാഹം. പ്രായമായ അമ്മ, ഭർത്താവു മരിച്ച സഹോദരിയും 2 മക്കളും, വീൽ ചെയറിൽ കഴിയുന്ന മറ്റൊരു സഹോദരി എന്നിവരും മത്തായിയുടെ സംരക്ഷണയിലാണു കഴിഞ്ഞിരുന്നത്. ഷീബയുടെ ഉറച്ച നിലപാടുകളാണ് വനം വകുപ്പുകാരെ കുടുക്കുന്നത്. അല്ലാത്ത പക്ഷം ഇതൊരു ആത്മഹത്യയായി മാറുമായിരുന്നു. ഭർത്താവിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കെ തന്നെ മാധ്യമ പ്രവർത്തകരെ കാണാൻ ഷീബ മോൾ എത്തിയിരുന്നു. ഭർത്താവിനെ ഇല്ലാതാക്കി തന്നെയും എട്ടുപേരെയും അനാഥരാക്കിയവരെ നിയമത്തിന് മുന്നിൽ എത്തിക്കാതെ സംസ്കാരം നടത്തില്ലെന്ന ഭാര്യ ഷീബാമോളുടെ ഉറച്ച നിലപാടിൽ അന്വേഷണ ചുമതല സിബിഐയിലെത്തി എന്നതാണ് വസ്തുത.
20202 ജുലായ് 28ന് വൈകുന്നേരമാണ് ചിറ്റാറിൽ നിന്നെത്തിയ വനപാലകർ മത്തായിയെ കൊണ്ടുപോയത്. വൈകുന്നേരത്തോടെ മൃതദേഹം കുടുംബവീടിന്റെ കിണറ്റിൽ കണ്ടെത്തുകയായിരുന്നു. വനാതിർത്തിയിലെ കാമറ തകർക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് മത്തായിയെ കസ്റ്റഡിയിലെടുത്തതെന്നു വനപാലകർ പറയുന്നു. മത്തായിയെ ഇറക്കാൻ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ വരെ ഷീബ എത്തിയതാണ്. ആവശ്യപ്പെട്ട 75000 രൂപ കൈവശമില്ലായിരുന്നെങ്കിലും അതു സംഘടിപ്പിക്കാൻ കഴിയുന്ന തരത്തിൽ പണയം വയ്ക്കാനുള്ള സ്വർണവുമായാണ് ഇറങ്ങിയത്. ഫോറസ്റ്റ് സ്റ്റേഷനരികിൽ നിൽക്കുമ്പോഴാണ് മരണവാർത്ത അറിയുന്നത്.
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പോസ്റ്റുമോർട്ടം കഴിഞ്ഞ് 31ന് മൃതദേഹം കുടുംബത്തിന് കൈമാറി. മത്തായി കിണറ്റിൽ ചാടിയപ്പോൾ മുങ്ങിമരിച്ചതാണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ നിഗമനം. നീതിക്കുവേണ്ടി അന്നു മുതൽ ഷീബാ മോൾ പോരാട്ടത്തിന് ഇറങ്ങി. സംസ്കാരം നടക്കണമെങ്കിൽ മത്തായിയുടെ മരണത്തിനുത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു കുടുംബാംഗങ്ങളുട ആവശ്യം. പൊലീസ് അന്വേഷണം എങ്ങുമെത്തില്ലെന്നായപ്പോൾ ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം എന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. സർക്കാരും സമ്മതം അറിയിച്ചു.
മത്തായിയുടെ മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്തു. റീ പോസ്റ്റുമോർട്ടം കഴിഞ്ഞാലുടൻ സംസ്കാരം നടത്തണമെന്ന കോടതി നിർദ്ദേശം അംഗീകരിക്കുകയും ചെയ്തു. ഭർത്താവിന്റെ മൃതദേഹം മോർച്ചറിയിൽസൂക്ഷിക്കുകയും വീട്ടിൽ കിടക്കവിരിച്ച് അതിൽ ഫോട്ടോയും തിരിയും വച്ച് ഒരു മാസത്തിൽ അധികം പ്രാർത്ഥനകൾ നടത്തുകയും ചെയ്തു കുടുംബം. മരണത്തിനുശേഷമുള്ള 30-ാംദിന കുർബാനയും അനുസ്മരണ ശുശ്രൂഷയും മൃതദേഹം സംസ്കരിച്ചിട്ടില്ലാത്തതിനാൽ കല്ലറയ്ക്കൽ അന്ന് നടത്താനായില്ല. വീട്ടിൽ പ്രാർത്ഥന നടത്തി മത്തായിയുടെ ആത്മാവിന് നിത്യശാന്തി അന്നവർ നിത്യശാന്തി നേർന്നു. റീ പോസ്റ്റുമോർട്ടത്തിന് ശേഷമായിരുന്നു സംസ്കാരം.
മറുനാടന് മലയാളി ബ്യൂറോ