തിരുവനന്തപുരം: കൊലക്കയർ കിട്ടാത്തതിൽ ആശ്വാസവുമായി വഞ്ചിയൂർ കോടതിയിൽ നിന്ന് ഫാദറും സിസ്റ്ററും മടങ്ങിയത് ആളും ആരവവും ഇല്ലാതെ. പ്രതികളെ ആശ്വസിപ്പിക്കാൻ ഇന്നലെ കന്യാസ്ത്രീകൾ ഉൾപ്പടെയുള്ളവർ എത്തിയിരുന്നെങ്കിലും ഇന്ന് അവരാരും എത്തിയിരുന്നില്ല. നിയമവിദ്യാർത്ഥികൾ ഉൾപ്പടെ വിധികേൾക്കാൻ എത്തിയവരെക്കൊണ്ട് കോടതിമുറി തിങ്ങിനിറഞ്ഞിരുന്നു. അങ്ങനെ കേരളം കാത്തിരുന്ന അഭയ കേസിലെ ചരിത്ര വിധി മലയാളി കേട്ടു. സിസ്റ്റർ സെഫിയും ഫാദർ തോമസ് കോട്ടൂരാനും ഇനി അഴിക്കുള്ളിൽ.

പ്രാർത്ഥനാ ഭാവത്തിൽ കണ്ണടച്ചുനിന്നാണ് സെഫി വാദങ്ങളും ശിക്ഷാവിധിയും കേട്ടത്. വധ ശിക്ഷ ഉണ്ടാകരുതേ എന്ന പ്രാർത്ഥനയായിരുന്നു ആ മുഖത്ത് കണ്ടത്. ഒരു ഭാവവ്യത്യാസവുമില്ലാതെ നിന്നാണ് ഫാ. തോമസ് കോട്ടൂർ വിധി കേട്ടത്. അപൂർവങ്ങളിൽ അപൂർവകേസായി പരിഗണിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. ഫാ. തോമസ് കോട്ടൂർ അർബുദരോഗിയാണെന്നും അതിനാൽ ശിക്ഷയിൽ ഇളവുനൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. ഇത് കോടതിക്ക് പല കാരണങ്ങളാൽ അംഗീകരിക്കാനായില്ല. എന്നാലും ഇരട്ട ജീവപര്യന്തത്തിലൂടെ കോട്ടൂരാന് പരമാവധി ശിക്ഷ നൽകി.

പ്രായമായ മാതാപിതാക്കളുണ്ടെന്നും അവർക്ക് സംരക്ഷണം നൽകുന്നത് താനാണെന്നും അതിനാൽ ശിക്ഷയിൽ ഇളവു നൽകണമെന്നുമായിരുന്നു സെഫി ആവശ്യപ്പെട്ടത്. വീടുമായുള്ള ബന്ധമെല്ലാം ഉപേക്ഷിച്ചാണ് തിരുവസ്ത്രം അണിയുന്നതെന്നാണഅ വയ്‌പ്പ്. അപ്പോഴും സെഫിയെന്ന അമ്പത്തിയേഴുകാരി കുടുംബത്തെ കൂട്ടു പിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനും കോടതി സാക്ഷ്യം വഹിച്ചു. ഒടുവിൽ പ്രായവും അസുഖവും കണക്കിലെടുത്ത് കോടതി വിധി പറഞ്ഞു. ഇനി കോടതിയിൽ പ്രതികൾക്ക് കഴിയാം. ഇന്ന് കോടതിയിൽ എത്തിയപ്പോഴും കുറ്റ ബോധമെന്ന ഭാവം രണ്ടു പേരുടെ മുഖത്തും ഉണ്ടായിരുന്നില്ല.

കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവാദ്ധ്യായം കൂടിയാണ് ഈ കേസ്. രണ്ടു പ്രതികൾക്കുമെതിരെ കൊലക്കുറ്റം, തെളിവു നശിപ്പിക്കൽ എന്നിവ തെളിഞ്ഞതായി സിബിഐ ജഡ്ജി കെ.സനിൽകുമാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. തോമസ് കോട്ടൂരിനെതിരെ കന്യാസ്ത്രീ മഠത്തിൽ അതിക്രമിച്ചു കയറിയെന്ന കുറ്റവുമുണ്ട്. തെളിവുകളുടെ അഭാവത്തിൽ രണ്ടാം പ്രതി ഫാ തോമസ് പൂതൃക്കയിലിനെ നേരത്തേ വിട്ടയച്ചിരുന്നു. സാങ്കേതിക അർത്ഥത്തിലായിരുന്നു ഇത്. അതുകൊണ്ട് തന്നെ പുതൃക്കയിലിനെതിരെ ഇനിയും വിചാരണ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.

ഇതിനെതിരെ സി ബി ഐ അപ്പീൽ നൽകും. കോട്ടയം ബി സി എം കോളേജിൽ പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനിയായിരിക്കെ 1992 മാർച്ച് 27 നാണ് പയസ് ടെൻത്ത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ സിസ്റ്റർ അഭയയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് സി ബി ഐയാണ്.ഫാ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ തമ്മിലുള്ള ശാരീരിക ബന്ധം അഭയ കണ്ടതിനെ തുടർന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്നാണ് സി ബി ഐയുടെ കണ്ടെത്തൽ.

അഭയയുടെ ഇൻക്വസ്റ്റിൽ കൃത്രിമം കാട്ടിയ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ അഗസ്റ്റിനെയും നാലാം പ്രതിയാക്കി സി ബി ഐ കുറ്റപത്രം സമർപ്പിച്ചു. സി ബി ഐ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പേ അഗസ്റ്റിൻ ആത്മഹത്യ ചെയ്തിരുന്നു. തുടരന്വേഷണത്തിൽ കേസ് അട്ടിമറിച്ച ക്രൈം ബ്രാഞ്ച് മുൻ ഡി വൈ എസ് പി സാമുവലിനേയും പ്രതിയാക്കി. മുൻ ക്രൈം ബ്രാഞ്ച് എസ് പി കെ ടി മൈക്കിളിനെ സി ബി ഐ കോടതിയും പ്രതിചേർത്തു. സാമുവൽ മരിച്ചതിനാൽ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 26ന് ആരംഭിച്ച വിചാരണ പല പ്രാവശ്യം തടസപ്പെട്ടിരുന്നു. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നു. വിചാരണ തുടരാൻ സുപ്രീം കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം സി ബി ഐ കോടതിയിൽ വിചാരണ ആരംഭിച്ചത്. ഇതാണ് പര്യവസാനിക്കുന്നത്.