- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല യുവതീ പ്രവേശനത്തിന്റെ പേരിൽ ബിജെപി ലക്ഷ്യമിടുന്നത് രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ആസൂത്രിത അക്രമങ്ങളെന്ന് വിലയിരുത്തൽ; വെടിവെയ്പ്പ് ഉണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള നീക്കത്തിന് പിന്നിൽ രാഷ്ട്രീയ അട്ടിമറി അജണ്ടയെന്ന് മന്ത്രിസഭാ യോഗം; അക്രമങ്ങളെ കരുതലോടെ നേരിടാൻ പൊലീസിനും നിർദ്ദേശം; പൊതുമുതൽ നശിപ്പിക്കുന്നവർക്കും ക്രിമിനലുകൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കും; പ്രകോപനം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും മുഖ്യമന്ത്രിയുടെ നിർദ്ദേശം
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിന് പിന്നാലെ സംസ്ഥാന വ്യാപകമായി നടക്കുന്ന ആക്രമങ്ങളെ കരുതലോടെ നേരിടണമെന്ന് മന്ത്രിസഭാ യോഗത്തിന്റെ നിർദ്ദേശം. പൊലീസ് ഈ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിക്കുമ്പോഴും കരുതൽ വേണമെന്നാണ് സർക്കാർ ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. യുവതി പ്രവേശനം നടത്തിയ വാർത്ത പുറത്തുവന്നത് ഇന്നലെ രാവിലെ എട്ടുമണിയോടെ ആണെങ്കിലും പതിനൊന്ന് മണിയോടെയാണ് അക്രമ സംഭവങ്ങൾ സംസ്ഥാന വ്യാപകമായി ഉണ്ടായത്. ശക്തിമായി പ്രതിഷേധിക്കുമെന്ന് ബിജെപി നേതാവ് എ ടി രമേശ് തിരുവനന്തപുരത്ത് പറഞ്ഞതിന് പിന്നാലെയാണ് സംഘർഷം വ്യാപകമായത്. ഇത് കൃത്യമായി പ്ലാനിംഗിന്റെ ഭാഗമെന്ന് വിലയിരുത്തുന്നു.
യുവതീപ്രവേശനത്തെ തുടർന്നുള്ള സ്ഥിതിവിശേഷവും അക്രമസംഭവങ്ങളും അജൻഡയിലുൾപ്പെടുത്തിയിരുന്നില്ലെങ്കിലും മന്ത്രിസഭായോഗം വിഷയം പ്രത്യേകം ചർച്ച ചെയ്യുകയായിരുന്നു. വെടിവയ്പ് ഉണ്ടാക്കി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള നീക്കമാണ് ബിജെപിയും സംഘപരിവാറും നടത്തുന്നത് എന്നതിനാൽ കരുതലോടെ നീങ്ങാനാണ് പൊലീസിനോട് നിർദ്ദേശിച്ചിരിക്കുന്നത്. മാസങ്ങളായി ഈ വിഷയത്തിൽ ഒരു രക്തസാക്ഷിയെ കിട്ടാൻ ബിജെപി പരിശ്രമിക്കുന്നുണ്ട്. അതിന് വേണ്ടി നുണപ്രചരണങ്ങൾ വ്യാപകമായി നടത്തിയിരുന്നു. ഇന്നലെയാണ് ഈ വിഷയത്തിൽ ഒരു രക്തസാക്ഷിയെ ബിജെപിക്ക് ലഭിച്ചത്. സിപിഎം ഓഫീസിൽ നിന്നുള്ള കല്ലേറിയാണ് ചന്ദ്രൻ ഉണ്ണിത്താന് പരിക്കേറ്റതെന്നത് ബിജെപി ആയുധമാക്കി.
ഇന്ന് ഹർത്താൽ നടത്തിയപ്പോൾ ഈ വിഷയം അവർ അക്രമത്തിന് ആയുധമാക്കി എടുക്കുകയായിരുന്നു. അടുത്തിടെ കേരളം കണ്ട ഏറ്റവും വലിയ കലാപമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘപരിവാർ സംഘടനകൾ നടത്തുന്ന അക്രമങ്ങൾ ആസൂത്രിതമാണ്. ഇതോടെ ജാഗ്രതവേണമെന്നാണ് നിർദ്ദേശം. പൊലീസിന്റെ ഭാഗത്തുനിന്ന് പ്രകോപനമൊന്നുമില്ലെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ഡിജിപിയോട് നിർദ്ദേശിച്ചിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കുന്നവർക്കും അക്രമം നടത്തുന്നവർക്കുമെതിരെ ജാമ്യമില്ലാവകുപ്പുകൾ ചുമത്തി കേസെടുക്കാനും പൊലീസിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
അക്രമങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് ഇന്നലെ രാവിലെ വരെ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അക്രമികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും സംഘപരിവാറിന് രാഷ്ട്രീയ മുതലെടുപ്പിന് സാഹചര്യമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നുമുള്ള പൊതുനിർദ്ദേശം യോഗം അംഗീകരിക്കുകായായിരുന്നു.
വിശ്വാസത്തിന്റെ പേരിലോ വിശ്വാസികളോ അല്ല അക്രമവുമായി തെരുവിൽ ഇറങ്ങിയിട്ടുള്ളതെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായിവിജയൻ വാർത്താ ലേഖകരോട് പറഞ്ഞു. യുവതികൾ ശബരിമല ദർശനം നടത്തിയെന്ന വാർത്തകളുണ്ടായിട്ടും ബുധനാഴ്ച ഉച്ചവരെ അക്രമങ്ങളൊന്നുമുണ്ടായില്ല. ദർശനത്തിന്റെ ഭാഗമായി നാടിനോ അയ്യപ്പഭക്തർക്കോ പ്രതിഷേധം ഇല്ല. എന്നാൽ സംഘർഷം ഉണ്ടാക്കാൻ തീരുമാനിച്ചവർ അടങ്ങിയിരിക്കില്ലല്ലോ. രാഷ്ട്രീയമുതലെടുപ്പ് ആഗ്രഹിച്ചവർ സംഘർഷത്തിന് നിർദ്ദേശം നല്കുന്ന നിലയുണ്ടായി.
ആസൂത്രിത നീക്കമാണ് പിന്നീടുണ്ടായത്. സംഘർഷമുണ്ടാക്കാനുള്ള നിർദ്ദേശം താഴോട്ട് പോയപ്പോൾ സംഘപരിവാർ തെരുവിൽ അക്രമം നടത്തുകയായിരുന്നു. അല്ലാതെ സ്വാഭാവികപ്രതിഷേധം എവിടെയുമുണ്ടായിട്ടില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന അക്രമസംഭവങ്ങളെ ശക്തമായി നേരിടും. ഒരുതരം അക്രമവും വച്ചുപൊറുപ്പിക്കില്ല. ശബരിമലവിഷയത്തിൽ ബിജെപി നടത്തുന്ന അഞ്ചാമത്തെ സംസ്ഥാന ഹർത്താലാണിത്. മൂന്ന് മാസത്തിനിടയിൽ ഏഴ് തവണ ഹർത്താലുകൾ നടത്തി. ഇന്നത്തെ ഹർത്താൽ യഥാർത്ഥത്തിൽ സുപ്രീംകോടതി വിധിക്കെതിരെയാണ്. സുപ്രീംകോടതിയെ വെല്ലുവിളിച്ചുള്ള ഹർത്താലാണിതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് മാധ്യമപ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിട്ട സംഘപരിവാർ ക്രിമിനലുകൾക്ക് എതിരെ കർശന നടപടിയാണ് വരുന്നത്. ഇത്തരത്തിൽ അക്രമം നടത്തിയ ക്രിമിനലുകൾക്ക് എതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾ അന്വേഷിക്കാൻ എല്ലാ ജില്ലകളിലും പ്രത്യേക സംഘങ്ങൾ രൂപീകരിക്കുമെന്നും ഡി.ജി.പി പറഞ്ഞു. ഇതിന് ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കലാപകാരികളെ പിടികൂടാനുള്ള ദൗത്യത്തിന് ഓപ്പറേഷൻ ബ്രോക്കൺ വിൻഡോ എന്നാണ് പേര്. ഇന്നലെ മുതൽ ആക്രമണങ്ങൾ വളരെ ഗൗരവത്തോടെ കണക്കാക്കി നടപടിയെടുക്കും.