ദുബായ്: ഏഷ്യാ കപ്പ് ഫൈനലില്‍ അവേശപ്പോരാട്ടത്തില്‍ പാക്കിസ്ഥാനെ കീഴടക്കി കിരീടം നേടിയെങ്കിലും ജേതാക്കള്‍ക്കുള്ള ട്രോഫി ഇന്ത്യ ഏറ്റുവാങ്ങിയില്ല. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ തലവന്‍ എന്ന നിലയില്‍ പിസിബി ചെയര്‍മാന്‍ കൂടിയായ മുഹസിന്‍ നഖ്വിയാണ് കപ്പ് കൈമാറേണ്ടിയിരുന്നത്. ഇതൊഴിവാക്കാനാണ് കിരീട വിതരണ ചടങ്ങില്‍നിന്ന് ഇന്ത്യ വിട്ടുനിന്നത്. സമ്മാനദാന ചടങ്ങിലെ അസാധാരണമായ കാലതാമസം അഭ്യൂഹങ്ങള്‍ക്ക് ഉണ്ടാക്കി. പക്ഷേ നേരത്തെ തന്നെ ഇന്ത്യ ഇത് പ്രഖ്യാപിച്ചതാണ്. പാക്കിസ്ഥാനിയില്‍ നിന്നും കപ്പ് ഏറ്റുവാങ്ങില്ലെന്നതായിരുന്നു നിലപാട്. ഇതിനൊപ്പം കളിയില്‍ നിന്നും കിട്ടിയ മാച്ച് ഫീസ് ഇന്ത്യന്‍ ആര്‍മിക്ക് നല്‍കുമെന്ന് ക്യാപ്ടന്‍ സൂര്യകുമാര്‍ യാദവ് അറിയിച്ചു. ടൂര്‍ണമെന്റില്‍ മൂന്നു തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും പാക്ക് താരങ്ങളുമായി ഹസ്തദാനം നടത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ തയാറായിരുന്നില്ല. ഫൈനലില്‍ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാന്‍ 146 റണ്‍സെടുത്തു പുറത്തായപ്പോള്‍, മറുപടി ബാറ്റിങ്ങില്‍ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലെത്തി.

അതിനിടെ ഏഷ്യാകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗെയിംസ് ഫീല്‍ഡിലെ ഓപ്പറേഷന്‍ സിന്ദൂറാണ് സംഭവിച്ചതെന്ന് മോദി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ''മൈതാനത്തെ ഓപ്പറേഷന്‍ സിന്ദൂറാണിത്. ഫലം രണ്ടിലും ഒന്നുതന്നെ, ഇന്ത്യന്‍ വിജയം'' പ്രധാനമന്ത്രി പ്രതികരിച്ചു. അഞ്ച് വിക്കറ്റ് വിജയമാണ് ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ നേടിയത്. ഏഷ്യാകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ പല തവണ പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും ചര്‍ച്ചയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെ തകര്‍ത്തപ്പോള്‍ വിജയം, ഇന്ത്യന്‍ സൈനികര്‍ക്കും പഹല്‍ഗാം ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങള്‍ക്കുമാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സമര്‍പ്പിച്ചത്. യഥാര്‍ത്ഥ ട്രോഫി ടീം അംഗങ്ങളും സ്റ്റാഫുമാണെന്ന് ക്യാപ്ടന്‍ സൂര്യകുമാര്‍ യാദവ് പ്രതികരിച്ചു.

തിലക് വര്‍മയാണ് പ്ലെയര്‍ ഓഫ് മാച്ച്. ടൂര്‍ണമെന്റില്‍ 17 വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ് പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റായി. ജേതാക്കള്‍ക്കുള്ള ട്രോഫി ഇന്ത്യ ഏറ്റുവാങ്ങിയില്ല. പിസിബി ചെയര്‍മാന്‍ കൂടിയായ എസിസി പ്രസിഡന്റ് മുഹസിന്‍ നഖ്വിയില്‍ നിന്നാണ് ഇന്ത്യ ട്രോഫി ഏറ്റുവാങ്ങേണ്ടിയിരുന്നത്. ഇതൊഴിവാക്കാനാണ് വിതരണ ചടങ്ങില്‍നിന്ന് ഇന്ത്യ വിട്ടുനിന്നത്. പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രി കൂടിയായ നഖ്വിയാണ്, ഹസ്തദാന വിവാദത്തില്‍ ഇന്ത്യയ്ക്കെതിരെ ഐസിസിയില്‍ പരാതി നല്‍കിയത്.

ഇന്നലെ ചേസിംഗില്‍ ജയിക്കാന്‍ 147റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ 19.4ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം കണ്ടത്. 20/3 എന്ന നിലയില്‍ നിന്ന് തിലക് വര്‍മ്മ (53 പന്തുകളില്‍ പുറത്താകാതെ 69 റണ്‍സ്), സഞ്ജു സാംസണ്‍ (24),ശിവം ദുബെ (33) എന്നിവര്‍ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ ഒമ്പതാം തവണയും ഏഷ്യാകപ്പ് ജേതാക്കളാക്കിയത ്.നേരത്തേ ടോസ് നഷ്ടപ്പെട്ട്ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ 19.1 ഓവറില്‍ 146 റണ്‍സിന് പാകിസ്ഥാന്‍ ആള്‍ഔട്ടായി. നാലുവിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയും അക്ഷര്‍ പട്ടേലും പേസര്‍ ജസ്പ്രീത് ബുംറയും ചേര്‍ന്നാണ് പാകിസ്ഥാനെ ഈ സ്‌കോറില്‍ ഒതുക്കിയത്. പാകിസ്ഥാനായി ഓപ്പണര്‍ സാഹിബ്‌സദ ഫര്‍ഹാന്‍ (57) അര്‍ദ്ധ സെഞ്ച്വറി നേടിയപ്പോള്‍ ഫഖാര്‍ സമാന്‍ 46 റണ്‍സ് നേടി.

ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഏറ്റുമുട്ടിയതെങ്കിലും ഈ ഏഷ്യാകപ്പില്‍ ഇരുവരും തമ്മിലുള്ള മൂന്നാമത്തെ മത്സരമായിരുന്നു ഇന്നലത്തേത്. ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ ആധികാരികമായി വിജയം കണ്ടിരുന്നു. ഈ മത്സരങ്ങളില്‍ പാകിസ്ഥാന്‍ ക്യാപ്ടന് ഷേക് ഹാന്‍ഡ് നല്‍കാന്‍ വിസമ്മതിച്ച ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഇന്നലെയും തന്റെ നിലപാട് തുടര്‍ന്നുവെന്ന് മാത്രമല്ല മത്സരത്തലേന്ന് പാക് ക്യാപ്ടനൊപ്പം ട്രോഫിയുമായുള്ള ഫോട്ടോ ഷൂട്ടില്‍ നിന്ന് പിന്മാറുകയും ചെയ്തു.

മത്സരത്തിന് തൊട്ടുമുമ്പ് ട്രോഫിക്ക് ഇരുവശത്തുമായി നിന്നപ്പോള്‍ പാക് ക്യാപ്ടന്‍ സല്‍മാന്‍ ആഗയെ നോക്കാന്‍പോലും സൂര്യ തയ്യാറായില്ല.