ന്യൂഡല്‍ഹി: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള പരസ്യ സ്ലോട്ടുകള്‍ റെക്കോര്‍ഡ് നിരക്കില്‍ വിറ്റഴിഞ്ഞു. ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ പരസ്യ വിപണിയെ ബാധിക്കുമോയെന്ന ആശങ്കയ്ക്കിടെയാണ് വന്‍ കമ്പനികള്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് സ്ലോട്ടുകള്‍ സ്വന്തമാക്കിയത്.

സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക്‌സ് ഇന്ത്യയാണ് മത്സരത്തിന്റെ സംപ്രേക്ഷണാവകാശം കൈവശം വച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം, ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിലെ എല്ലാ പരസ്യ ഇന്‍വെന്ററിയും പൂര്‍ണമായും വിറ്റഴിഞ്ഞു. 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യ സ്ലോട്ടിന് 12 ലക്ഷം രൂപയോളം നല്‍കിയാണ് പ്രമുഖ ബ്രാന്‍ഡുകള്‍ സമയം ഉറപ്പിച്ചത്.

വിപണിയില്‍ ഉണ്ടായിരുന്ന ആശങ്കകള്‍ക്കൊന്നും പ്രതികൂലമായ സ്വാധീനം ഉണ്ടായില്ലെന്ന് പരസ്യരംഗം വിലയിരുത്തുന്നു. 'ഇന്ത്യ-പാക് മത്സരം സാധാരണ മത്സരമല്ല, വികാരമാണ്. ആളുകള്‍ എന്തു ചെയ്താലും സമയം കണ്ടെത്തി കാണുന്ന മത്സരമാണിത്,' പരസ്യ സംവിധായകന്‍ പ്രഹ്ലാദ് കക്കര്‍ പറഞ്ഞു. ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കണമെന്ന് ചില വിഭാഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബ്രാന്‍ഡുകള്‍ സ്ലോട്ടുകള്‍ നേടാന്‍ കടുത്ത മത്സരം നടത്തുകയായിരുന്നുവെന്നതും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.