ബംഗളുരു: ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തില്‍ അടിയും തിരിച്ചടികളും കണ്ടെങ്കിലും ഇക്കുറിയും വിജയത്തിന് തൊട്ടരികെ കാലിടറി ചെന്നൈ സൂപ്പര്‍ കിങ്ങ്സ്. 2 റണ്‍സിനാണ് ചെന്നൈ ബംഗളുരുവിനോട് തോറ്റത്. 214 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. അവസാന പന്തില്‍ 4 റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്നെങ്കിലും ബൗണ്ടറി കണ്ടെത്താന്‍ ശിവം ദുബെയ്ക്ക് കഴിഞ്ഞില്ല. ചെന്നൈയ്ക്ക് വേണ്ടി 94 റണ്‍സ് നേടിയ 17കാരന്‍ ആയുഷ് മഹ്ത്രെയുടെയും 77 റണ്‍സുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയുടെയും പോരാട്ടം പാഴായി.ജയത്തോടെ 16 പോയന്റുമായി പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായും ബംഗളുരു മാറി.

ബെംഗളൂരു ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആയുഷ് മാത്രെ-ഷയ്ഖ് റാഷിദ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് അതിവേഗമാണ് സ്‌കോര്‍ ഉയര്‍ത്തിയത്. 27 പന്തില്‍ 51 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. അഞ്ചാം ഓവറില്‍ ഷയ്ഖ് റാഷിദ് 14 റണ്‍സെടുത്തും ആറാം ഓവറില്‍ സാം കറന്‍ അഞ്ച് റണ്‍സെടുത്തും പുറത്തായി.തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയുമായി ചേര്‍ന്ന് ആയുഷ് മാത്രെ പടുത്തുയര്‍ത്തിയ സെഞ്ചറി കൂട്ടുകെട്ട് ചെന്നൈയ്ക്ക് വിജയപ്രതീക്ഷ നല്‍കി. എന്നാല്‍ 17 ാം ഓവറിലെ രണ്ടാം പന്തില്‍ ആയുഷ് മാത്രെയും തൊട്ടടുത്ത പന്തില്‍ ഡെവാള്‍ഡ് ബ്രെവിസും പുറത്തായി.

രവീന്ദ്ര ജഡേജയ്ക്ക് കൂട്ടായി മഹേന്ദ്ര സിങ് ധോണി (12 റണ്‍സ്) എത്തിയെങ്കിലും വൈകാതെ മടങ്ങി.ജയിക്കാന്‍ അവസാന ഓവറില്‍ 15 റണ്‍സ് വേണ്ടിയിരിക്കെ ശിവം ദുബെ സിക്സടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും തുടര്‍ന്നുള്ള പന്തുകളില്‍ ബോളര്‍ യഷ് ദയാല്‍ വമ്പന്‍ അടികള്‍ക്ക് അവസരം നല്‍കാതിരുന്നതോടെ ചെന്നൈയ്ക്കു വീണ്ടും തോല്‍വി.ബെംഗളൂരുവിനു വേണ്ടി ലുന്‍ഗി എന്‍ഗിഡി മൂന്നും ക്രുനാല്‍ പാണ്ഡ്യ, യഷ് ദയാല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. വെറും 14 പന്തില്‍ പുറത്താവാതെ 53 റണ്‍സ് നേടിയ റൊമാരിയോ ഷെപേര്‍ഡാണ് ബെംഗളൂരുവിന്റെ സൂപ്പര്‍ ഹീറോ. സീസണില്‍ മിന്നും ഫോമിലുള്ള വിരാട് കോലിയുടെയും ജേക്കബ് ബെതലിന്റെയും ഓപ്പണിങ് കൂട്ടുകെട്ടും ബെംഗളൂരുവിന് വലിയ അടിത്തറ നല്‍കി. ചെന്നൈക്കായി മതീഷ പതിരണ നാലോവറില്‍ 35 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്തു.

ഖലീല്‍ അഹ്‌മദ് എറിഞ്ഞ 19-ാം ഓവറില്‍ ബെംഗളൂരുവിന്റെ വിന്‍ഡീസ് താരം റൊമാരിയോ ഷെപേര്‍ഡ് നാല് സിക്‌സുകളും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെ 32 റണ്‍സ് നേടി. ഒരു നോബോള്‍ ഉള്‍പ്പെടെ ഓവറില്‍ പിറന്നത് 33 റണ്‍സ്. അവസാന രണ്ടോവറില്‍ മാത്രം ബെംഗളൂരു നേടിയത് 54 റണ്‍സാണ്. ഐപിഎലില്‍ അവസാന രണ്ടോവറുകളില്‍ ഇതുവരെ ഒരു ടീമും 54 റണ്‍സ് നേടിയിട്ടില്ല. വെറും 14 പന്തില്‍നിന്ന് ആറ് സിക്‌സും നാല് ഫോറും സഹിതം 53 റണ്‍സ് നേടിയ ഷെപേര്‍ഡ് ടീം സ്‌കോര്‍ 200 കടത്തി. ഐപിഎലിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ചുറിയാണിത്. 13 പന്തില്‍ ഫിഫ്റ്റി നേടിയ യശസ്വി ജയ്‌സ്വാളാണ് (2023) മുന്നിലുള്ളത്. കെഎല്‍ രാഹുലും പാറ്റ് കമിന്‍സും മുന്‍പ് 14 പന്തില്‍ അര്‍ധസെഞ്ചുറി നേടിയിട്ടുണ്ട്.

33 പന്തില്‍ 55 റണ്‍സെടുത്ത ബെതലാണ് ബെംഗളൂരു നിരയില്‍ ആദ്യം പുറത്തായത്. കോലിക്കൊപ്പം ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 97 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തു. രണ്ട് സിക്‌സും എട്ട് ബൗണ്ടറിയും ബെതലിന്റെ ഇന്നിങ്‌സിലുണ്ട്. 33 പന്തില്‍ 62 റണ്‍സ് നേടിയ കോലിയാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. അഞ്ചുവീതം സിക്‌സും ഫോറും ചേര്‍ന്നതാണ് ഇന്നിങ്‌സ്. ഇതോടെ ടി20-യില്‍ ഒരു ടീമിനുവേണ്ടി ഏറ്റവുംകൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന റെക്കോകഡ് കോലിയുടെ പേരിലായി. ആര്‍സിബിക്കുവേണ്ടി 301 സിക്‌സാണ് കോലിയുടെ സമ്പാദ്യം. ആര്‍സിബിക്കുവേണ്ടിത്തന്നെ 263 സിക്‌സുകള്‍ നേടിയ ക്രിസ് ഗെയില്‍ രണ്ടാമതും മുംബൈക്കുവേണ്ടി 262 സിക്‌സുകള്‍ നേടിയ രോഹിത് മൂന്നാമതുമാണ്. ഒരേ വേദിയില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരമെന്ന നേട്ടവും കോലിയെത്തേടിയെത്തി- ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മാത്രം 152 സിക്‌സുകള്‍.

ചെന്നൈ നിരയില്‍ മീഡിയം പേസര്‍ ഖലീല്‍ അഹ്‌മദാണ് ഏറ്റവുംകൂടുതല്‍ തല്ലുവാങ്ങിയത്. മൂന്നോവറില്‍ 65 റണ്‍സ് വിട്ടുനല്‍കി. വിക്കറ്റ് നേടാനുമായില്ല. 19-ാം ഓവറില്‍ മാത്രം 33 റണ്‍സ് വഴങ്ങി. ആദ്യ രണ്ടോവറുകളില്‍ 32 റണ്‍സും വഴങ്ങി. ദേവ്ദത്ത് പടിക്കല്‍ (17), രജത് പാട്ടിദര്‍ (11), വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ (7), ടിം ഡേവിഡ് (2*) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.