ദുബായ്: തന്റെ ബാറ്റിങ്ങ് വൈഭവം തുടരുന്ന വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് പ്രകടനത്തില്‍ അണ്ടര്‍ 19 എഷ്യാകപ്പ് ഏകദിന ടൂര്‍ണ്ണമെന്റില്‍ യുഎഇക്കെതിരായ ഉദ്ഘാടനമത്സരത്തില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത അമ്പത് ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 433 റണ്‍സെടുത്തു.സെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യക്ക് കരുത്തായത്.മലയാളി താരം ആരോണ്‍ ജോര്‍ജും വിഹാന്‍ മല്‍ഹോത്രയും അര്‍ധസെഞ്ച്വറിയും നേടി.ആദ്യ മത്സരത്തില്‍ തന്നെ സെഞ്ചുറി നേടിയ വൈഭവ് 171 റണ്‍സെടുത്താണ് പുറത്തായത്. 56 പന്തില്‍ നിന്നാണ് താരം സെഞ്ചുറി തികച്ചത്. 14സിക്സറുകളും 9 ഫോറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ആയുഷ് മാത്രെയുടെ വിക്കറ്റ് നഷ്ടമായി.നാലു റണ്‍സ് മാത്രമാണ് ആയുഷിന് നേടാനായത്.എന്നാല്‍,രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വൈഭവ് സൂര്യവംശിയും മലയാളിതാരം ആരോണ്‍ ജോര്‍ജും കൂട്ടൂകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്.പതിയെ തുടങ്ങിയ വൈഭവ് പിന്നീട് കത്തിക്കയറി.അതോടെ ടീം സ്‌കോര്‍ കുതിച്ചു.ഒമ്പതാം ഓവറിലാണ് ടീം അമ്പത് കടക്കുന്നത്. അതിന് ശേഷം വൈഭവ് യുഎഇ ബൗളര്‍മാരെ കടന്നാക്രമിച്ചു.11 ഓവര്‍ അവസാനിക്കുമ്പോള്‍ 24 പന്തില്‍ 35 റണ്‍സെന്ന നിലയിലായിരുന്നു വൈഭവ്. അടുത്ത രണ്ട് ഓവറുകളില്‍ അടിച്ചുകളിച്ച താരം 13-ാം ഓവറില്‍ അര്‍ധസെഞ്ചുറി തികച്ചു. 30 പന്തില്‍നിന്നാണ് അര്‍ധസെഞ്ചുറി നേട്ടം. വൈഭവ് ട്രാക്ക് മാറ്റിയതോടെ സിക്‌സറുകള്‍ പറപറന്നു. 16-ാം ഓവറില്‍ മൂന്ന് സിക്‌സറുകളാണ് താരം നേടിയത്. പിന്നാലെ 56 പന്തില്‍ നിന്ന് സെഞ്ചുറി തികയ്ക്കുകയും ചെയ്തു.

അര്‍ധസെഞ്ച്വറി നേടിയ ആരോണ്‍ മികച്ച പിന്തുണ നല്‍കി.രണ്ടാം വിക്കറ്റില്‍ 133 പന്തില്‍ 196 റണ്‍സടിച്ച് ഇന്ത്യയെ മികച്ച നിലയില്‍ എത്തിച്ചു. 57 പന്തിലാണ് കോട്ടയം സ്വദേശിയായ ആരോണ്‍ ജോര്‍ജ് അര്‍ധശതകം തികച്ചത്.73 പന്തില്‍ 7 ഫോറും 1 സിക്സും ഉള്‍പ്പടെ 69 റണ്‍സായിരുന്നു ആരോണിന്റെ സമ്പാദ്യം.20 ഓവര്‍ അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നാലെ 69 റണ്‍സെടുത്ത ആരോണ്‍ ജോര്‍ജ് പുറത്തായി.പിന്നീടിറങ്ങിയ വിഹാന്‍ മല്‍ഹോത്രയെ ഒരുവശത്തുനിര്‍ത്തി വൈഭവ് വെടിക്കെട്ട് തുടര്‍ന്നു.30-ാം ഓവറില്‍ താരം 150 റണ്‍സ് കടന്നു.താരം ഇരട്ടസെഞ്ചുറി നേടുമെന്ന് തോന്നിച്ചു.എന്നാല്‍ ടീം സ്‌കോര്‍ 265 ല്‍ നില്‍ക്കേ വൈഭവ് പുറത്തായി.താരം ബൗള്‍ഡാകുകയായിരുന്നു.95 പന്തില്‍ നിന്ന് 171 റണ്‍സെടുത്താണ് വൈഭവ് മടങ്ങിയത്.

മറ്റൊരു അര്‍ധസെഞ്ച്വറി നേടിയ വിഹാന്‍ മല്‍ഹോത്ര 55 പന്തില്‍ 69 റണ്‍സെടുത്ത് പുറത്തായി.7 ഫോറും 1 സിക്സും ഉള്‍പ്പടുന്നതായിരുന്നു വിഹാന്റെയും ഇന്നിങ്ങ്സ്.അവസാന ഓവറുകളില്‍ റണ്‍നിരക്ക് ഉയര്‍ത്താനുള്ള കൂറ്റനടിക്കിടെയാണ് വിഹാന്‍ പുറത്തായത്.വേദാന്ത് ത്രിവേദി 38,കനിഷ്‌ക് ചൗഹാന്‍ 28 എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്‍മാര്‍.അഭിഗ്യാന്‍ 32 റണ്‍സുമായും ഖിലാന്‍ പട്ടേല്‍ 5 റണ്‍സുമായും പുറത്താകാതെ നിന്നു.യുഎഇക്കായി ഉദ്ദിഷ് സുരി,യുഗ് ശര്‍മ്മ എന്നിവര്‍ 2 വിക്കറ്റ് വീതവും ഷാലോം ഡിസുസ,യായിന്‍ റായി എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.