ഫെബ്രുവരിയില്‍ ആരംഭിക്കാന്‍ പോകുന്ന ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ടീമില്‍ മലയാളി താരമായ സഞ്ജു സാംസണ് അവസരം ലഭിച്ചിരുന്നില്ല. പകരമായി തിരഞ്ഞെടുത്തത് റിഷഭ് പന്തിനെയാണ്. ബിസിസിഐയുടെ നിര്‍ദേശ പ്രകാരം താരങ്ങള്‍ ആഭ്യന്തര ടൂര്‍ണമെന്റുകള്‍ കളിക്കണം എന്ന നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ സഞ്ജു വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് പിന്മാറിയിരുന്നു. കെസിഎ അദ്ദേഹത്തെ തഴഞ്ഞു എന്നാണ് റിപ്പോട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ അതിനെ എല്ലാം തള്ളിയിരിക്കുകയാണ് കെസിഎ അധികൃതര്‍.

സഞ്ജുവിന് പകരം റിഷഭ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിന് വന്‍ ആരാധക രോക്ഷമാണ് ഉയര്‍ന്നു വരുന്നത്. ഏകദിനത്തില്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ലെങ്കിലും സഞ്ജുവിന് റിഷഭ് പന്തിനേക്കാള്‍ മികച്ച സ്റ്റാസ്റ്റിസ്റ്റിക്‌സ് ഉണ്ട്. എന്നാല്‍ പന്തിനെ തിരഞ്ഞെടുത്തതിന് ഒരു കാരണമുണ്ട് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ദിനേശ് കാര്‍ത്തിക്.

ദിനേശ് കാര്‍ത്തിക് പറയുന്നത് ഇങ്ങനെ:

'' ടീമിലേക്ക് സഞ്ജുവും റിഷഭ് പന്തും തമ്മില്‍ നേരിട്ടുള്ള മത്സരമായിരുന്നു ഉണ്ടായിരുന്നത്. സഞ്ജുവിനെയും റിഷഭ് പന്തിനെയും വിക്കറ്റ് കീപ്പര്‍മാരായി മാത്രമല്ല, സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരായി മാത്രമായി വേണമെങ്കിലും ടീമിലുള്‍പ്പെടുത്താവുന്നവരാണ്. എനിക്ക് തോന്നുന്നത്, സഞ്ജുവിന് പകരം റിഷഭ് പന്തിനെ ചാമ്പ്യന്‍സ് ട്രോഫി ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായി എടുക്കാന്‍ ഒറ്റ കാരണമെയുള്ളു. അത് റിഷഭ് പന്ത് ഇടം കൈയനാണെന്നത് മാത്രമാണ് ' ദിനേശ് കാര്‍ത്തിക് പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ.