ഹൈദരാബാദ്: ഐപിഎല്ലിന്റെ ചരിത്രത്തില്‍ ആദ്യമായി ഈ സീസണില്‍ 300 റണ്‍സ് നേടുമെന്ന പ്രഖ്യാപനവുമായി എത്തിയ സണ്‍രൈസേര്‍സ് ഹൈദരാബാദിനെ ഹോംഗ്രൗണ്ടില്‍ വീഴ്ത്തി ലക്നൗ സൂപ്പര്‍ ജയന്റസ്.ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ ഹൈദരാബാദിനെ പിന്തള്ളിയാണ് ല്ക്നൗ സൂപ്പറായത്. സണ്‍ റൈസേഴ്സ് ഹൈദരാബാദ് ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം ലക്നൗ 16.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷും നിക്കോളാസ് പുരാനും നേടിയ അര്‍ധ സെഞ്ചുറികളാണ് ടീമിന് കരുത്തായത്.ലക്നൗവിനായി ശാര്‍ദൂല്‍ ഠാക്കൂര്‍ നാലുവിക്കറ്റുകള്‍ നേടി.ലക്നൗ സൂപ്പര്‍ജയന്റസിന്റെ സീസണിലെ ആദ്യ ജയം കൂടിയാണിത്.

26 പന്തുകള്‍ നേരിട്ട പുരാന്‍ ആറു സിക്സുകളും ഫോറുകളും ബൗണ്ടറി കടത്തിയാണ് 70 റണ്‍സ് നേടിയത്.18 പന്തുകളിലാണ് പുരാന്‍ അര്‍ധ സെഞ്ചറി പിന്നിട്ടത്.ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ലക്നൗവിന്റെ ആദ്യ മത്സരത്തില്‍ പുരാന്‍ 30 പന്തില്‍ 75 റണ്‍സെടുത്തിരുന്നു. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷും മറുപടി ബാറ്റിങ്ങില്‍ അര്‍ധ സെഞ്ചറി തികച്ചു.31 പന്തില്‍ 52 റണ്‍സാണ് മാര്‍ഷ് അടിച്ചത്. നാലു റണ്‍സെടുത്തു നില്‍ക്കെ, എയ്ഡന്‍ മാര്‍ക്രമിനെ നഷ്ടമായ ലക്നൗവിനെ, മാര്‍ഷും പുരാനും ചേര്‍ന്ന് സുരക്ഷിതമായ നിലയിലെത്തിച്ചു.7.3 ഓവറിലാണ് ലക്നൗ 100 കടന്നത്.

സ്‌കോര്‍ 154 ല്‍ നില്‍ക്കെ ആയുഷ് ബദോനിയും(ആറ്),164ല്‍ ക്യാപ്റ്റന്‍ ഋഷഭ് പന്തും (15 റണ്‍സ്)മടങ്ങി.എന്നാല്‍ ഇന്ത്യന്‍ താരം അബ്ദുല്‍ സമദും ഡേവിഡ് മില്ലറും (ഏഴു പന്തില്‍ 13) ചേര്‍ന്ന് 16.1 ഓവറില്‍ ലക്നൗവിനായി വിജയ റണ്‍സിലെത്തി.

നേരത്തേ സീസണിലെ ആദ്യമത്സരത്തില്‍ രാജസ്ഥാനു മുന്നില്‍ റണ്‍സിന്റെ വന്‍മതില്‍ തീര്‍ത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു മുന്നിലും തരക്കേടില്ലാത്ത ബാറ്റിങ് പ്രകടനം നടത്തിയിരുന്നു. ആദ്യ എട്ടോവറിനിടെത്തന്നെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ വീണിട്ടും 190 എന്ന ടോട്ടല്‍ കെട്ടിപ്പടുക്കാന്‍ കമിന്‍സ് നായകനായ സംഘത്തിന് കഴിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ്, നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്തു.

ഓപ്പണര്‍ ട്രാവിസ് ഹെഡ് ആണ് ടോപ് സ്‌കോറര്‍. 28 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ബൗണ്ടറിയും സഹിതം 47 റണ്‍സാണ് ഹെഡ് നേടിയത്. അനികെത് വര്‍മ 13 പന്തില്‍ 36 റണ്‍സ് നേടി. ലഖ്‌നൗവിനായി ഷാര്‍ദുല്‍ ഠാക്കൂര്‍ നാലോവറില്‍ 34 റണ്‍സ് വഴങ്ങി നാലുവിക്കറ്റ് നേടി.

അഭിഷേക് ശര്‍മയും (6), കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി നേടിയ ഇഷാന്‍ കിഷനും (0) നിറം മങ്ങിയെങ്കിലും മറുവശത്ത് ഹെഡ് തലയെടുപ്പോടെ തുടര്‍ന്നു. മൂന്നാമതായി ഹെഡും പുറത്തായതോടെ സണ്‍റൈസേഴ്‌സ് പ്രതിസന്ധിയിലായി. പിന്നീട് ഹെന്റിച്ച് ക്ലാസനും (17 പന്തില്‍ 26) നിതീഷ് കുമാര്‍ റെഡ്ഢിയും (28 പന്തില്‍ 32) ടീമിനെ സുരക്ഷിതമാക്കി.

12-ാം ഓവറില്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ ഒരു റണ്ണൗട്ടിലൂടെ ക്ലാസന്‍ പുറത്തായി. പ്രിന്‍സ് യാദവെറിഞ്ഞ പന്ത് നിതീഷ് കുമാര്‍ റെഡ്ഢിയുടെ ബാറ്റില്‍ത്തട്ടി ഉഗ്രവേഗത്തോടെ പ്രിന്‍സിന്റെ കൈകളില്‍ത്തന്നെയെത്തി. ക്യാച്ചെടുത്താല്‍ ഔട്ടാവുമായിരുന്ന ആ പന്ത് പക്ഷേ, പ്രിന്‍സിന് കൈകളിലൊതുക്കാനായില്ല. എന്നാല്‍ പന്ത് നേരെ സ്റ്റമ്പിലേക്ക് ടേണ്‍ ചെയ്തതോടെ ക്രീസില്‍നിന്ന് സിംഗിളെടുക്കാന്‍ ഇറങ്ങിയ ക്ലാസന്‍ ഔട്ട്.

പിന്നീട് അനികെത് വര്‍മയുടെ ഊഴമായിരുന്നു. ക്രീസില്‍ വന്നയുടന്‍തന്നെ ആക്രമണം തുടങ്ങിയ അനികെത്, 13 പന്തില്‍ അഞ്ച് സിക്‌സിന്റെ അകമ്പടിയോടെ 36 റണ്‍സെടുത്തു. ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് (18), ഹര്‍ഷല്‍ പട്ടേല്‍ (12), സിമര്‍ജീത് സിങ് (3), അഭിനവ് മനോഹര്‍ (2), മുഹമ്മദ് ഷമി (1) എന്നിങ്ങനെയാണ് മറ്റു സ്‌കോര്‍ നിലകള്‍.