മുംബൈ: 2026 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയശില്‍പ്പിയായ മലയാളി സൂപ്പര്‍താരം സഞ്ജു സാംസണെ പ്രശംസിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. ആദ്യ ആറ് ഓവറില്‍ തന്നെ മത്സരം വിജയിപ്പിക്കാനുള്ള കഴിവ് സഞ്ജുവിനുണ്ടെന്നാണ് ഗംഭീര്‍ പറഞ്ഞു. ടോപ് ഓര്‍ഡറില്‍ മൂന്ന് ബാറ്റര്‍മാര്‍ ഇടംകയ്യന്‍മാരാണെന്നതുകൊണ്ടല്ല സഞ്ജുവിനെ കളിപ്പിച്ചതെന്നും ഗംഭീര്‍ വ്യക്തമാക്കി.

'സഞ്ജുവിന്റെ കഴിവിനെക്കുറിച്ചോ സ്‌ഫോടനാത്മകമായ ബാറ്റിങ്ങിനെക്കുറിച്ചോ ഒരിക്കല്‍ പോലും സംശയം ഉണ്ടായിരുന്നില്ല. താളം കണ്ടെത്തിയാല്‍ സഞ്ജു ആദ്യ ആറ് ഓവറില്‍ തന്നെ മത്സരം വിജയിപ്പിക്കും. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് സിംബാബ്വെക്കെതിരെയുള്ള മത്സരത്തില്‍ കളിക്കുമെന്ന് സഞ്ജുവിനോട് പറഞ്ഞത്. വരട്ടെ നോക്കാം എന്നായിരുന്നു അപ്പോള്‍ സഞ്ജുവിന്റെ മറുപടി. പരിശീലകനും താരവും തമ്മിലുള്ള ബന്ധത്തേക്കാള്‍ ഒരു സൗഹൃദമാണ് ഞങ്ങള്‍ക്ക് ഇടയില്‍ ഉണ്ടായിരുന്നത്', ഗംഭീര്‍ പറഞ്ഞു.

'ടോപ് ഓര്‍ഡറില്‍ മൂന്ന് ഇടംകയ്യന്‍മാര്‍ ഉള്ളതുകൊണ്ടാണു സഞ്ജുവിനെ കളിപ്പിക്കുന്നത് എന്നാണ് ഒരുപാടു പേര്‍ പറയുന്നത്. എന്നാല്‍ അത് അങ്ങനെയല്ല. ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കണമെന്നുള്ളതുകൊണ്ടാണ് സഞ്ജു കൂടി പ്ലേയിങ് ഇലവനില്‍ വന്നത്. ഈ രീതിയാണു കഴിഞ്ഞ ഒന്നര വര്‍ഷമായി ഞങ്ങള്‍ പിന്തുടരുന്നത്. ഓഫ് സ്പിന്നര്‍മാരെ നേരിടാന്‍ വേണ്ടിയല്ല, മറിച്ച് ആദ്യ ആറോവറുകളില്‍ പരമാവധി സ്‌കോര്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് സഞ്ജുവിനെ ടീമിലേക്ക് കൊണ്ടുവന്നത്, ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ തോല്‍വിക്ക് ശേഷം ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ചത് സഞ്ജുവിന്റെ ബാറ്റിങ്ങായിരുന്നു. ഓരോ മത്സരവും നോക്കൗട്ട് ആയി മാറിയ നിര്‍ണ്ണായക ഘട്ടത്തില്‍ അര്‍ദ്ധസെഞ്ച്വറികളുടെ ഹാട്രിക് കുറിച്ച സഞ്ജു, ടൂര്‍ണമെന്റിലെ താരമായും മാറി. വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ 89 റണ്‍സ് നേടിയ താരം, ഇംഗ്ലണ്ടിനെതിരെ 97 റണ്‍സും ന്യൂസിലാന്‍ഡിനെതിരെ 89 റണ്‍സും അടിച്ചുകൂട്ടി.