വിരാട് കോഹ് ലിയെ വിമര്‍ശിച്ച ഓസീസ് മുന്‍ താരം റിക്കി പോണ്ടിങ്ങിന് തക്കതായ മറുപടി നല്‍കി ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ മൂന്ന് ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ കോഹ് ലിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ യോഗ്യനല്ലെന്നാണ് പോണ്ടിങ് പറഞ്ഞത്. എന്നാല്‍ പോണ്ടിങ് ഓസീസ് ക്രിക്കറ്റിന്റെ കാര്യം നോക്കിയാല്‍ മതിയെന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കെണ്ട എന്നുമായിരുന്നു ഗംഭീറിന്റെ മറുപടി.

'വിരാട് കോഹ്ലിയെ കുറിച്ചുള്ള ഒരു കണക്ക് ഞാന്‍ കണ്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോഹ്ലി കേവലം മൂന്ന് ടെസ്റ്റ് സെഞ്ച്വറികള്‍ മാത്രമാണ് നേടിയത്. അദ്ദേഹത്തെ പോലൊരു താരത്തെ സംബന്ധിച്ചിടത്തോളം ഇത് അത്ര നല്ല കണക്കല്ല. ഇത്തരം കണക്കുകളുള്ള മറ്റൊരു ബാറ്റര്‍ക്കും ടീമില്‍ ഇടംലഭിക്കില്ല. എന്നാല്‍ കോഹ്ലിയുടെ കാര്യം വ്യത്യസ്തമാണ്. ഓസ്ട്രേലിയയില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കാം', എന്നായിരുന്നു പോണ്ടിങ് പറഞ്ഞത്.

എന്നാല്‍ കോഹ്ലിയുടെയും രോഹിത്തിന്റെയും ഫോമിനെ കുറിച്ച് തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് ഗംഭീര്‍ തുറന്നുപറഞ്ഞു. ഇരുതാരങ്ങളും ഇപ്പോഴും ഇന്ത്യന്‍ ടീമിന്റെ കരുത്താണെന്നും ഗംഭീര്‍ വ്യക്തമാക്കി. നവംബര്‍ 22ന് ആരംഭിക്കുന്ന ഓസീസ് പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ കോച്ച്.

'ഇന്ത്യന്‍ ക്രിക്കറ്റുമായി പോണ്ടിങ്ങിന് എന്ത് ബന്ധമാണുള്ളത്? അദ്ദേഹം ഓസ്ട്രേലിയന്‍ ക്രിക്കറ്റിന് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നാണ് എനിക്ക് തോന്നുന്നത്. വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും ഫോമിനെ കുറിച്ച് എനിക്ക് ആശങ്കകളൊന്നുമില്ല. അവര്‍ ഇപ്പോഴും ക്രിക്കറ്റിനോട് അഭിനിവേശം പുലര്‍ത്തുന്നവരാണ്. ഇരുവരും കരിയറില്‍ ഇനിയും നേടണമെന്ന ആഗ്രഹമുള്ളവരുമാണ്. മറ്റു താരങ്ങളും മികച്ച പ്രകടനം കാഴ്ച വെക്കുന്നവരാണ്. ഒരു ടീമെന്ന നിലയില്‍ ഇനിയും മെച്ചപ്പെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു', ഗംഭീര്‍ പറഞ്ഞു.