- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് തുടര്‍ വിജയം; രണ്ടാം മത്സരത്തില്‍ വിജയം ഏഴു വിക്കറ്റിന്; മിന്നി രവി ബിഷ്ണോയ്യും ജയ്സ്വാളും; നിരാശപ്പെടുത്തി സഞ്ജു
പല്ലെക്കെലെ: ശ്രീലങ്കക്കെതിരായ രണ്ടാം ടി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. മഴ മുടക്കിയ കളിയില്‍ ഓവര്‍ പുനര്‍നിശ്ചയിച്ച മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്യ. പരമ്പരയിലെ രണ്ടാം ജയമാണിത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഇന്ത്യക്ക് മുന്നില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, ആദ്യ ഓവര്‍ നേരിടുന്നതിനിടെത്തന്നെ മഴ വീണ്ടുമെത്തി. നേരത്തേ മഴ മൂലം മത്സരം തുടങ്ങാനും വൈകിയിരുന്നു. ഇന്ത്യക്ക് വേണ്ടി സഞ്ജു ബാറ്റേന്തിയെങ്കിലും നിരാശപ്പെടുത്തി.
മഴമൂലം വിജയലക്ഷ്യം പുനര്‍നിശ്ചയിച്ചപ്പോള്‍ എട്ട് ഓവറില്‍ 78 റണ്‍സാണ് ഇന്ത്യക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത്. 6.3 ഓവറില്‍ത്തന്നെ ഇന്ത്യ ലക്ഷ്യം മറികടന്നു. ശുഭ്മാന്‍ ഗില്ലിന് പകരക്കാരനായി ടീമില്‍ സ്ഥാനം ലഭിച്ച സഞ്ജു സാംസണായിരുന്നു യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണിങ്ങിലുണ്ടായിരുന്നത്. നേരിട്ട ആദ്യ പന്തില്‍ത്തന്നെ പുറത്തായി സഞ്ജു നിരാശപ്പെടുത്തി (പൂജ്യം). യശസ്വി ജയ്സ്വാളാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നട്ടെല്ല്. 15 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും ഉള്‍്പ്പെടെ 30 റണ്‍സാണ് താരം നേടിയത്.
രണ്ടാം വിക്കറ്റില്‍ ജയ്സ്വാളും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്ന് 39 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 12 പന്തില്‍ ഒരു സിക്സും നാല് ഫോറും സഹിതം 26 റണ്‍സെടുത്ത് സൂര്യകുമാര്‍ പുറത്തായി. അഞ്ചാം ഓവറില്‍ മതീഷ പതിരണയുടെ പന്തില്‍ ഷനകയ്ക്ക് ക്യാച്ച് നല്‍കിയാണ് മടക്കം. തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യയും ഋഷഭ് പന്തും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ശ്രീലങ്കയ്ക്കായി തീക്ഷണ, ഹസരങ്ക, മതീഷ പതിരണ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തേ ശ്രീലങ്ക ഇന്ത്യക്ക് മുന്നല്‍ 162 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയിരുന്നു. നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ലങ്ക 161 റണ്‍സ് നേടി. ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. കുഷാല്‍ പെരേരയുടെ അര്‍ധ സെഞ്ചുറിയും പത്തും നിസ്സങ്കയുടെ ഓപ്പണിങ് പ്രകടനവുമാണ് ലങ്കയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യക്കായി രവി ബിഷ്ണോയ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് നേടി. അര്‍ഷ്ദീപ് സിങ് എറിഞ്ഞ മൂന്നാം ഓവറില്‍ കുഷാല്‍ മെന്‍ഡിസിനെ പുറത്താക്കി ഇന്ത്യ ഓപ്പണിങ് വിക്കറ്റ് നേടി. തുടര്‍ന്ന് ഒരുമിച്ച നിസ്സങ്കയും കുഷാല്‍ പെരേരയും രണ്ടാം വിക്കറ്റില്‍ 54 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. പത്താം ഓവറില്‍ രവി ബിഷ്ണോയ് എത്തി നിസ്സങ്കയെ പുറത്താക്കി. അപ്പോഴേക്കും താരം അഞ്ച് ഫോറുകളുടെ അകമ്പടിയോടെ 24 പന്തില്‍ 32 റണ്‍സ് നേടിയിരുന്നു.
തുടര്‍ന്ന് കമിന്ദു മെന്‍ഡിസും പെരേരയും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 50 റണ്‍സ് നേടി. ഇതിനിടെ പത്തോവറില്‍ ശ്രീലങ്ക 80 റണ്‍സ് നേടിയിരുന്നു. 16-ാം ഓവറില്‍ ഹാര്‍ദിക് മെന്‍ഡിസിനെ പുറത്താക്കി. 23 പന്തില്‍ 26 റണ്‍സാണ് സമ്പാദ്യം. അതേ ഓവറില്‍ പെരേരയെയും നീക്കി. 23 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും സഹിതം 53 റണ്‍സ് നേടി. രവി ബിഷ്ണോയ് എറിഞ്ഞ തൊട്ടടുത്ത ഓവറില്‍ ശ്രീലങ്കയ്ക്ക് വീണ്ടും രണ്ട് വിക്കറ്റ് നഷ്ടം. ഷനകയും (പൂജ്യം) ഹസരങ്കയും (പൂജ്യം) ആണ് പുറത്തായത്.
19-ാം ഓവറില്‍ ക്യാപ്റ്റന്‍ ചരിത് അസലങ്കയെ സഞ്ജു സാംസന്റെ കൈകളിലെത്തിച്ച് അര്‍ഷ്ദീപ് സിങ് വിക്കറ്റ് നേട്ടം രണ്ടാക്കി. അവസാന ഓവറില്‍ മഹീഷ് തീക്ഷണയെ (രണ്ട്) മടക്കി അക്ഷര്‍ പട്ടേലും വിക്കറ്റ് നേട്ടം സ്വന്തമാക്കി. അവസാന പന്തില്‍ രമേഷ് മെന്‍ഡിസും റണ്ണൗട്ടായി മടങ്ങി. 140-ല്‍ നാല് എന്ന നിലയിലായിരുന്ന ശ്രീലങ്ക, തുടര്‍ന്നുള്ള അഞ്ച് വിക്കറ്റുകള്‍ 21 റണ്‍സെടുക്കുന്നതിനിടെ കളഞ്ഞു. അവസാന അഞ്ചോവറുകളില്‍ മാത്രം കളഞ്ഞത് ഏഴ് വിക്കറ്റുകള്‍. കഴിഞ്ഞ ദിവസം 30 റണ്‍സിനിടെ ഒന്‍പത് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്ന ശ്രീലങ്കയ്ക്ക് ഇന്നും അതുപോലെയുള്ള അവസ്ഥ നേരിടേണ്ടി വന്നു. അവസാന 31 റണ്‍സെടുക്കുന്നതിനിടെ നഷ്ടപ്പെട്ടത് ഏഴ് വിക്കറ്റുകള്‍.
നാലോവറില്‍ 26 റണ്‍സ് വഴങ്ങി ബിഷ്ണോയ് മൂന്ന് വിക്കറ്റ് നേടി. രണ്ടോവറില്‍ 23 റണ്‍സ് വഴങ്ങി ഹാര്‍ദിക് രണ്ട് വിക്കറ്റുകളും നേടി. അര്‍ഷദീപിനും അക്ഷര്‍ പട്ടേലിനും രണ്ട് വിക്കറ്റുകളുണ്ട്.