- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകര്‍ കാത്തിരുന്ന 'ഹിറ്റ്മാന്' സെഞ്ചറി; ജയം ഉറപ്പിച്ച രോഹിത് - ഗില്‍ ഓപ്പണിംഗ് സഖ്യം; നിരാശപ്പെടുത്തിയത് കോലി മാത്രം; ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി മുന്നൊരുക്കം 'ഗംഭീരം'; ഇംഗ്ലണ്ടിനെതിരെ നാലു വിക്കറ്റ് വിജയം, പരമ്പര
ഇംഗ്ലണ്ടിനെതിരെ നാലു വിക്കറ്റ് വിജയം, പരമ്പര
കട്ടക്ക്: ട്വന്റി-20 പരമ്പരയ്ക്ക് പിന്നാലെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കി ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള മുന്നൊരുക്കം പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്ന് ഇന്ത്യ ടീം. കട്ടക്കില്‍ നടന്ന ഏകദിനത്തില്‍ നാല് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. സെഞ്ചുറിയുമായി ഫോമിലേക്കുയര്‍ന്ന രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 305 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 33 പന്തുകള്‍ ശേഷിക്കെ മറികടന്നു.
ആരാധകര്‍ ഏറെ കാത്തിരുന്ന രോഹിത് ശര്‍മയുടെ സെഞ്ചറി പ്രകടനം കട്ടക്കിലെ ഗാലറിക്ക് വിരുന്നായി. 90 പന്തില്‍ 119 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയെ മുന്നില്‍നിന്നു നയിച്ചത്. ശുഭ്മന്‍ ഗില്ലും (52 പന്തില്‍ 60) അര്‍ധ സെഞ്ചറിയുമായി തിളങ്ങി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 305 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 44.3 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ആദ്യ മത്സരത്തില്‍ നാലു വിക്കറ്റ് വിജയം നേടിയ ഇന്ത്യ ഏകദിന പരമ്പര 2 - 0ന് സ്വന്തമാക്കി. പരമ്പരയിലെ മൂന്നാം മത്സരം ബുധനാഴ്ച നടക്കും.
ശ്രേയസ് അയ്യര്‍ (47 പന്തില്‍ 44), അക്ഷര്‍ പട്ടേല്‍ (43 പന്തില്‍ 41) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. മറുപടി ബാറ്റിങ്ങില്‍ അതി ഗംഭീരമായാണ് ഇന്ത്യ തുടങ്ങിയത്. രോഹിത് ശര്‍മയും ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ ശുഭ്മന്‍ ഗില്ലും തകര്‍ത്തടിച്ചതോടെ 13.3 ഓവറില്‍ വിക്കറ്റുപോകാതെ ഇന്ത്യ 100 പിന്നിട്ടു. സ്‌കോര്‍ 136 ല്‍ നില്‍ക്കെയാണ് ഇന്ത്യയ്ക്ക് അര്‍ധ സെഞ്ചറി നേടിയ ഗില്ലിനെ നഷ്ടമായത്. ഓവര്‍ടന്റെ പന്തില്‍ ഓപ്പണര്‍ ബോള്‍ഡാകുകയായിരുന്നു. ഒരു ഭാഗത്ത് രോഹിത് തകര്‍ത്തടിക്കുമ്പോള്‍ നിരാശപ്പെടുത്തിയത് വിരാട് കോലിയാണ്. എട്ട് പന്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത കോലിയെ സ്പിന്നര്‍ ആദില്‍ റാഷിദിന്റെ പന്തില്‍ ഫില്‍ സോള്‍ട്ട് ക്യാച്ചെടുത്തു പുറത്താക്കി.
ഏകദിന ക്രിക്കറ്റിലെ 32ാം സെഞ്ചറിയാണ് രോഹിത് ശര്‍മ കട്ടക്കില്‍ അടിച്ചെടുത്തത്. 76 പന്തുകളില്‍നിന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ സെഞ്ചറി നേട്ടം. 487 ദിവസങ്ങള്‍ക്കു ശേഷമാണ് രോഹിത് ശര്‍മ രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചറി അടിക്കുന്നത്. 2023 ഒക്ടോബര്‍ 11 ന് ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെയായിരുന്നു രോഹിത്ത് ഇതിനു മുന്‍പ് സെഞ്ചറി നേടിയത്. ഏഴു സിക്‌സുകളും 12 ഫോറുകളും രോഹിത് കട്ടക്കില്‍ അടിച്ചുകൂട്ടി. 30 പന്തുകളില്‍നിന്നായിരുന്നു രോഹിത് അര്‍ധ സെഞ്ചറിയിലെത്തിയത്. ലിയാം ലിവിങ്സ്റ്റണിന്റെ 30ാം ഓവറിലെ നാലാം പന്തില്‍ രോഹിത്തിനെ ആദില്‍ റാഷിദ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. അപ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ 220 ല്‍ എത്തിയിരുന്നു.
അടുത്തിടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയിലും മോശം ഫോമിനെ തുടര്‍ന്ന് പഴി കേട്ടിരുന്നു താരം. ഇനിയും ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കരുതെന്നും വിരമിക്കണമെന്നും വാദിച്ചവരുണ്ട്. എന്നാല്‍ വിമര്‍ശനകര്‍ക്കുള്ള മറുപടിയാണ് രോഹിത് കട്ടക്കില്‍ നല്‍കിയത്. എന്നാല്‍ സെഞ്ചുറിക്ക് പിന്നാലെ രോഹിത്തിനെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ഇതില്‍ ഇന്ത്യന്‍ ടി20 ക്യാപ്റ്റനും മുംബൈ ഇന്ത്യന്‍സില്‍ രോഹിത്തിന്റെ സഹതാരവുമായ സൂര്യകുമാര്‍ യാദവുമുണ്ട്. ഇന്‍സ്റ്റഗ്രാം സ്റ്റോറില്‍ സൂര്യ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ... ''നല്ല മനുഷ്യര്‍ക്ക്, നല്ല കാര്യങ്ങള്‍ സംഭവിക്കും. ദൈവം, മഹാനാണ്.'' സൂര്യ കുറിച്ചിട്ടു.
മികച്ച തുടക്കം ലഭിച്ച ശ്രേയസ് അയ്യര്‍ റണ്‍ഔട്ടായത് ഇന്ത്യന്‍ ആരാധകര്‍ക്കു നിരാശയായി. കെ.എല്‍. രാഹുലിനും തിളങ്ങാനായില്ല. 14 പന്തില്‍ 10 റണ്‍സ് മാത്രമെടുത്ത രാഹുലിനെ ഫില്‍ സോള്‍ട്ട് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. പിന്നാലെയെത്തിയ ഹാര്‍ദിക് പാണ്ഡ്യ 10 റണ്‍സ് മാത്രമെടുത്തു പുറത്തായി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും ബെന്‍ ഡക്കറ്റും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 81 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 29 പന്തില്‍ 26 റണ്‍സെടുത്ത സാള്‍ട്ടിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.പിന്നീട് സ്‌കോര്‍ ബോര്‍ഡില്‍ 21 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഡക്കറ്റും ക്രീസ് വിട്ടു. 56 പന്തില്‍ 10 ഫോറിന്റെ സഹായത്തോടെ 65 റണ്‍സ് അടിച്ചുകൂട്ടിയ ഡക്കറ്റിനെ രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യയുടെ കൈയിലെത്തിക്കുകയായിരുന്നു.
പിന്നീട് ഹാരി ബ്രൂക്കിനെ കൂട്ടുപിടിച്ച് ജോ റൂട്ട് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. ഇരുവരും മൂന്നാം വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 52 പന്തില്‍ 31 റണ്‍സെടുത്ത ബ്രൂക്കിനെ ഹര്‍ഷിത് റാണ പുറത്താക്കി. പിന്നീട് റൂട്ടും ജോസ് ബട്‌ലറും ചേര്‍ന്ന് അര്‍ധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 35 പന്തില്‍ 34 റണ്‍സെടുത്ത ബട്‌ലറെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ രക്ഷകനായത്. അടുത്തത് റൂട്ടിന്റെ ഊഴമായിരുന്നു. 72 പന്തില്‍ ആറ് ഫോറിന്റെ സഹായത്തോടെ 69 റണ്‍സ് അടിച്ചെടുത്തശേഷമാണ് റൂട്ട് ക്രീസ് വിട്ടത്. രവീന്ദ്ര ജഡേജയ്ക്കാണ് വിക്കറ്റ്. പിന്നീട് ക്രീസിലെത്തിയ ജാമി ഒവര്‍ട്ടെന് അധികം ആയുസുണ്ടായിരുന്നില്ല. 10 പന്തില്‍ ആറ് റണ്‍സെടുത്ത ഒവെര്‍ട്ടനേയും ജഡേജയാണ് തിരിച്ചയച്ചത്.
പിന്നാലെ അറ്റ്കിന്‍സണെ മുഹമ്മദ് ഷമിയും പുറത്താക്കി. ഏഴ് പന്തില്‍ മൂന്ന് റണ്‍സായിരുന്നു സംഭാവന. തുടര്‍ന്ന് ക്രീസിലെത്തിയ ആദില്‍ റാഷിദ്, ലിവിങ്സ്റ്റണ് പിന്തുണ നല്‍കാന്‍ ശ്രമിച്ചെങ്കിലും ആയുസുണ്ടായില്ല. അഞ്ച് പന്തില്‍ മൂന്ന് ഫോറോടെ 14 റണ്‍സ് അടിച്ചെടുത്ത ആദിലിനെ ഹര്‍ഷിത് റാണ റണ്‍ഔട്ടാക്കുകയായിരുന്നു. പിന്നാലെ 32 പന്തില്‍ രണ്ട് വീതം ഫോറും സിക്‌സും സഹിതം 41 റണ്‍സെടുത്ത ലിവിങ്സ്റ്റണും റണ്‍ഔട്ടായി. ശ്രേയസ് അയ്യരാണ് പുറത്താക്കിയത്. തുടര്‍ന്ന് ക്രീസിലെത്തിയ സാഖിബ് മഹ്‌മൂദ് നേരിട്ട ആദ്യ പന്തില്‍തന്നെ റണ്‍ഔട്ടായി. 56 റണ്‍സെടുക്കുന്നതിനിടയിലാണ് അവസാന ആറ് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായത്.
ഇന്ത്യക്കായി രവീന്ദ്ര ജഡേജ 10 ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഹര്‍ഷിത് റാണ, ഹാര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.