- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാകപ്പിലെ ചിരവൈരികള്‍ തമ്മിലുള്ള പോരില്‍ ടോസ് പാക്കിസ്ഥാന്‍; ബാറ്റിംഗ് തിരഞ്ഞെടുത്തു; ആദ്യ മത്സരത്തിലെ ഇലവനെ നിലനിര്‍ത്തി ഇന്ത്യ; വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍; പാക്കിസ്ഥാന്‍ ക്യാപ്ടന് കൈ കൊടുക്കാതെ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്
ഏഷ്യാകപ്പിലെ ചിരവൈരികള്‍ തമ്മിലുള്ള പോരില്‍ ടോസ് പാക്കിസ്ഥാന്‍
ദുബായ്: ലോക ക്രിക്കറ്റിലെ ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടത്തിന് തുടക്കമായി. ഏഷ്യാകപ്പ് ക്രിക്കറ്റ് ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യക്കെതിരേ ബാറ്റിങ് തിരഞ്ഞെടുത്തു. ടോസ് ഇടുന്ന വേളയില്‍ പാക്കിസ്ഥാന്‍ ക്യാപ്ടന് കൈ കൊടുക്കാന്‍ വിസമ്മതിച്ചു ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ഇരു ടീമുകളും ആദ്യമത്സരത്തില്‍നിന്ന് മാറ്റങ്ങളില്ലാതെയാണ് കളത്തിലിറങ്ങുന്നത്.
വിജയിക്കുന്ന ടീമിന് ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലേക്കുള്ള യോഗ്യത ഏതാണ്ട് ഉറപ്പിക്കാനാകും. പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം ഉരുത്തിരിഞ്ഞ സംഘര്‍ഷങ്ങള്‍ക്കിടെയാണ് മത്സരമെന്നത് വലിയ പ്രാധാന്യമര്‍ഹിക്കുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു സാംസണിനെ പ്ലെയിങ് ഇലവനില്‍ നിലനിര്‍ത്തി. ശുഭ്മാന്‍ ഗില്ലും ടീമിലുണ്ട്.
ഇന്ത്യന്‍ ഇലവന്‍: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി
പാകിസ്താന്‍ ഇലവന്‍: സഹിബ്സാദ ഫര്‍ഹാന്‍, സായിം അയ്യൂബ്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, സല്‍മാന്‍ ആഘ (ക്യാപ്റ്റന്‍), ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ശഹീന്‍ അഫ്രീദി, സുഫിയാന്‍ മുഖീം, അബ്റാര്‍ അഹ്‌മദ്.
ഇരുടീമുകളിലും പുതിയ തലമുറക്കാര്‍ ഏറെയാണ്. രോഹിത് ശര്‍മയും വിരാട് കോലിയുമില്ലാതെയാണ് ഇന്ത്യയുടെ വരവെങ്കില്‍, ബാബര്‍ അസം ഉള്‍പ്പെടെയുള്ളവരുടെ അസാന്നിധ്യത്തിലാണ് പാകിസ്താന്‍ യുഎഇയിലേക്ക് വിമാനംകയറിയത്. യുഎഇക്കെതിരേ അനായാസ വിജയം വരിച്ചാണ് ഇന്ത്യ വരുന്നത്. ഒമാനെതിരേ കൂറ്റന്‍ ജയവുമായി പാകിസ്താനും.
മത്സരത്തിനിടയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രകോപനം സൃഷ്ടിക്കുന്നത് തടയാന്‍ സ്റ്റേഡിയത്തിലും പുറത്തും കനത്ത സുരക്ഷയാണ് ദുബായ് പോലീസ് ഒരുക്കിയിരിക്കുന്നത്. ആരാധകരുടെയോ കളിക്കാരുടെയോ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നവര്‍ക്ക് മൂന്നുമാസംവരെ തടവും 7.2 ലക്ഷം രൂപ പിഴയും നേരിടേണ്ടിവരുമെന്ന് ദുബായ് പോലീസ് ഇതിനകംതന്നെ പുറത്തിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ആരാധകരുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുള്ള പ്രകോപനവുമുണ്ടാവാതിരിക്കാനുള്ള ശ്രമത്തിലാണ് ദുബായ് പോലീസ്. സ്റ്റേഡിയത്തിലേക്ക് പതാകകള്‍, ബാനറുകള്‍, ലേസര്‍ പോയിന്ററുകള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍, പടക്കങ്ങള്‍ തുടങ്ങി കൊണ്ടുവരാന്‍ അനുമതിയില്ലാത്തവയുടെ പട്ടിക പോലീസ് പുറത്തിറക്കിയിട്ടുണ്ട്.
അനുമതിയില്ലാതെ സ്റ്റേഡിയത്തില്‍ പ്രവേശിക്കുകയോ പടക്കംപോലുള്ള വസ്തുക്കള്‍ കൈവശംവെയ്ക്കുകയോ ചെയ്താല്‍ മൂന്നുമാസംവരെ തടവും 1.2 ലക്ഷം രൂപയില്‍ കുറയാത്തതും 7.2 ലക്ഷം രൂപയില്‍ കവിയാത്തതുമായ പിഴശിക്ഷയും ലഭിക്കും. കാണികള്‍ക്കുനേരെ എന്തെങ്കിലും എറിയുകയോ മോശപ്പെട്ടതോ വംശീയമോ ആയ ഭാഷ പ്രയോഗിക്കുകയോ ചെയ്താല്‍ 2.4 ലക്ഷം മുതല്‍ 7.2 ലക്ഷം വരെ പിഴയും ലഭിക്കും.
ഇതാദ്യമായല്ല ഒരു പ്രധാനപ്പെട്ട ഭീകരാക്രമണത്തിനോ അതിനു മറുപടിയായുള്ള സൈനിക നടപടിക്കോ ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്നത്. 2019-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലും ഇതുപോലെ ഇന്ത്യ-പാക് മത്സരം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമുണ്ടായിരുന്നു. പുല്‍വാമ ഭീകരാക്രമണം കഴിഞ്ഞ് നാലുമാസത്തിനുശേഷമായിരുന്നു അത്.