- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യന്‍ മണ്ണില്‍ 'ആദ്യ സെഞ്ച്വറി' കുറിച്ച് 'ക്യാപ്റ്റന്‍ ഗില്‍'! ഡല്‍ഹിയില്‍ പിറന്നത് ടെസ്റ്റ് കരിയറിലെ ഗില്ലിന്റെ പത്താം ശതകം; ഒന്നാം ഇന്നിങ്‌സ് 518ല്‍ അവസാനിപ്പിച്ച് ഇന്ത്യ
ഇന്ത്യന്‍ മണ്ണില്‍ 'ആദ്യ സെഞ്ച്വറി' കുറിച്ച് 'ക്യാപ്റ്റന്‍ ഗില്‍'!
ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ യശസ്വി ജയ്സ്വാളിനു പിന്നാലെ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. ടെസ്റ്റ് നായകനായ ശേഷം താരം ഇന്ത്യന്‍ മണ്ണില്‍ നേടുന്ന ആദ്യ സെഞ്ച്വറി കൂടിയാണിത്. ടെസ്റ്റ് കരിയറിലെ ഗില്ലിന്റെ പത്താം ശതകമാണ് ഡല്‍ഹിയില്‍ പിറന്നത്. ക്യാപ്റ്റനായ ശേഷം അഞ്ചാം തവണയാണ് താരം മൂന്നക്കം താണ്ടുന്നത്. 129 റണ്‍സാണ് ഗില്‍ നേടിയത്.
ഗില്ലിന്‍രെ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സ് 518 റണ്‍സില്‍ ഡിക്ലയര്‍ ചെയ്തു. ഓപണര്‍ യശസ്വി ജയ്‌സ്വാളിനു പുറമെ നായകന്‍ ശുഭ്മന്‍ ഗില്ലും സെഞ്ച്വറി കണ്ടെത്തിയതോടെ ഇന്ത്യ അനായാസം 500 പിന്നിടുകയായിരുന്നു. ധ്രുവ് ജുറേല്‍ പുറത്തായതിനു പിന്നാലെ അഞ്ചിന് 518 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തീരുമാനിക്കുകയായിരുന്നു. വിന്‍ഡീസിനായി ജോമല്‍ വാരികന്‍ മൂന്ന് വിക്കറ്റ് നേടി.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 318 എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സെഞ്ച്വറി നേടിയ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. കഴിഞ്ഞ ദിവസത്തെ സ്‌കോറിനൊപ്പം രണ്ട് റണ്‍സ് മാത്രം ചേര്‍ത്ത താരം അനാവശ്യ റണ്ണിനോടി വിക്കറ്റ് വലിച്ചെറിഞ്ഞു. ഇരട്ട സെഞ്ച്വറി നേടാനുള്ള അസുലഭാവസരം ജയ്‌സ്വാള്‍ നഷ്ടപ്പെടുത്തി. 258 പന്തില്‍ 22 ബൗണ്ടറികളുടെ അകമ്പടിയോടെ 175 റണ്‍സ് നേടിയാണ് താരം പുറത്തായത്.
നയകന് മികച്ച പിന്തുണ നല്‍കിയ നിതാഷ് കുമാര്‍ റെഡ്ഡി 54 പന്തില്‍ 43 റണ്‍സ് നേടി. ഇടയ്ക്ക് വമ്പന്‍ ഷോട്ടുകള്‍ പുറത്തെടുത്ത താരത്തിന്റെ ബാറ്റില്‍നിന്ന് രണ്ട് സിക്‌സും നാല് ഫോറും പിറന്നു. വാരികന്റെ പന്തില്‍ ജെയ്ഡന്‍ സീല്‍സിന് ക്യാച്ച് സമ്മാനിച്ചാണ് താരം കൂടാരം കയറിയത്. പിന്നാലെ ക്രീസിലെത്തിയ ജുറേല്‍ അഞ്ചാം വിക്കറ്റില്‍ നായകനൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് ഒരുക്കി. അര്‍ധ സെഞ്ച്വറിക്ക് ആറ് റണ്‍സകലെ ജുറേലിനെ റോസ്റ്റണ്‍ ചേസ് എറിഞ്ഞിട്ടു. ഇതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.
129 റണ്‍സ് നേടിയ ഗില്‍ പുറത്താകാതെ നിന്നു. 16 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്. ഒരു കലണ്ടര്‍ വര്‍ഷം അഞ്ച് ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന താരമെന്ന കോഹ്ലിയുടെ റെക്കോഡിനൊപ്പം ഗില്ലുമെത്തി. ടെസ്റ്റ് കരിയറില്‍ താരത്തിന്റെ പത്താം സെഞ്ച്വറിയാണ് അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ പിറന്നത്. ക്യാപ്റ്റനായ ശേഷം ഹോം ഗ്രൗണ്ടിലെ ആദ്യ സെഞ്ച്വറിയെന്ന പ്രത്യേകതയുമുണ്ട്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് സ്‌കോര്‍ ബോര്‍ഡില്‍ 21 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓപണര്‍ ജോണ്‍ കാംപ്‌ബെല്ലിനെ (10) നഷ്ടമായി.