ന്യൂഡല്‍ഹി: ജി.എസ്.ടിയില്‍ സമഗ്രപരിഷ്‌കാരം വരുത്തികൊണ്ടുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനും പ്രഹരമായി. ഐ.പി.എല്‍ ഉള്‍പ്പടെയുള്ള മത്സരങ്ങളെ ആഡംബര നികുതിയായ 40 ശതമാനത്തിന് കീഴില്‍ കൊണ്ടു വന്നതോടെ ടിക്കറ്റ് നിരക്ക് ഉയരുന്നതിന് ജി.എസ്.ടി പരിഷ്‌കാരം ഇടയാക്കും.

മുമ്പ് ജി.എസ്.ടിയടക്കം 1280 രൂപയുണ്ടായിരുന്ന ഐ.പി.എല്‍ മത്സരത്തിലെ ടിക്കറ്റിന് ഇനി മുതല്‍ 1400 രൂപ നല്‍കേണ്ടി വരും. 120 രൂപയുടെ വര്‍ധനവാണ് ഉണ്ടാവുക. 500 രൂപയുടെ ടിക്കറ്റിന് ഇപ്പോള്‍ ജി.എസ്.ടിയടക്കം 640 രൂപയാണ് നിരക്കെങ്കില്‍ ഇനി അത് 700 രൂപയാകും. 2000 രൂപ അടിസ്ഥാനവിലയുള്ള ടിക്കറ്റിന് ജി.എസ്.ടിയടക്കം ഇപ്പോള്‍ 2560 രൂപയാണ് ഈടാക്കുന്നത്. ഇത് 2800 ആയി വര്‍ധിക്കും.

പുതിയ ജി.എസ്.ടി പരിഷ്‌കാരത്തില്‍ ഐ.പി.എല്ലിനെ ആഡംബര വിനോദമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, സാധാരണ ക്രിക്കറ്റ് മത്സരങ്ങളെ ഇതില്‍ ഉള്‍പ്പെടുത്താത്തത് കാരണം ഐ.പി.എല്ലിന്റെ ടിക്കറ്റിന് മാത്രമേ നിരക്ക് വര്‍ധിക്കു. മുമ്പ് ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് 28 ശതമാനം നികുതി മാത്രമാണ് ചുമത്തിയിരുന്നത്. ഇത് 40 ശതമാനമായാണ് വര്‍ധിപ്പിച്ചത്.