- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാരാഷ്ട്രയെ എറിഞ്ഞൊതുക്കി എം.ഡി. നിധീഷ്; സെഞ്ചുറിക്ക് അരികിൽ വീണ് റുതുരാജ് ഗെയ്ക്വാദ്; പൊരുതി നിന്ന് ജലജ് സക്‌സേനയും; രഞ്ജി ട്രോഫിയിൽ ആദ്യ ദിനം കേരളത്തിന് മേൽക്കൈ
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മഹാരാഷ്‌ട്രയ്‌ക്കെതിരെ കേരളം ശക്തമായ നിലയിൽ. മഴയെത്തുടർന്ന് ആദ്യ ദിനത്തിൽ 59 ഓവറുകൾ മാത്രമാണ് എറിയാൻ സാധിച്ചത്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ മഹാരാഷ്ട്ര ഏഴ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. കേരളത്തിനായി എം.ഡി. നിധീഷ് നാലും ബേസിൽ എൻ.പി. രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
മഹാരാഷ്ട്രയുടെ തുടക്കം തകർച്ചയോടെയായിരുന്നു. റൺ നേടുന്നതിന് മുമ്പ് തന്നെ മൂന്നു വിക്കറ്റുകൾ നഷ്ടമായി. ആദ്യ ഓവറിലെ നാലാം പന്തിൽ പൃഥ്വി ഷായെ (0) എൽ.ബി.ഡബ്ല്യു.വഴി പുറത്താക്കി നിധീഷ് തകർച്ചയ്ക്ക് തുടക്കമിട്ടു. തൊട്ടടുത്ത പന്തിൽ സിദ്ധേഷ് വീറിനെയും (0) ഗോൾഡൻ ഡക്കാക്കി. രണ്ടാം ഓവറിലെ ആദ്യ പന്തിൽ അർഷിൻ കുൽക്കർണിയെ (0) ബേസിൽ എൻ.പി.യും പുറത്താക്കി. ഇതോടെ റൺസെടുക്കും മുമ്പ് മൂന്ന് വിക്കറ്റുകൾ സന്ദർശകർക്ക് നഷ്ടമായി. ക്യാപ്റ്റൻ അങ്കിത് ബാവ്‌നെയും (0) ബേസിലിന്റെ പന്തിൽ ബൗൾഡായി മടങ്ങിയതോടെ അഞ്ച് റൺസിനിടെ നാല് വിക്കറ്റുകൾ മഹാരാഷ്ട്രക്ക് നഷ്ടമായി.
സ്കോർബോർഡിൽ 18 റൺസുള്ളപ്പോൾ സൗരഭ് നവാലെയും (12) നിധീഷിന്റെ പന്തിൽ എൽ.ബി.ഡബ്ല്യു.വഴി പുറത്തായതോടെ മഹാരാഷ്ട്രയുടെ നില കൂടുതൽ ദയനീയമായി. എന്നാൽ, ഏഴാം വിക്കറ്റിൽ റുതുരാജ് ഗെയ്ക്വാദും (91) മുൻ കേരള താരം ജലജ് സക്‌സേനയും (49) ചേർന്ന് 122 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റി. ആദ്യ ദിനം ചായക്ക് തൊട്ടുമുമ്പ് ജലജിനെ പുറത്താക്കി നിധീഷ് ഈ കൂട്ടുകെട്ട് പൊളിച്ചു. ചായക്ക് ശേഷം സെഞ്ചുറിയിലേക്ക് നീങ്ങുകയായിരുന്ന റുതുരാജിനെ (91) ഏദൻ ആപ്പിൾ ടോം പുറത്താക്കിയതോടെ കേരളം വീണ്ടും കളിയിൽ മേൽക്കൈ നേടി. 11 ബൗണ്ടറികളോടെയുള്ള ഗെയ്ക്വാദിന്റെ ഇന്നിംഗ്‌സ് ശ്രദ്ധേയമായി.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ടോസ് നേടിയ കേരളം ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കളിയുടെ അവസാനം ക്രീസിലുണ്ടായിരുന്ന വിക്കി ഒസ്ത്വാൾ (10), രാമകൃഷ്ണ ഘോഷ് (11) എന്നിവർക്കൊപ്പം മഹാരാഷ്ട്രയ്ക്ക് ഇനിയും സ്കോർ ഉയർത്താനാകുമോ എന്ന് കണ്ടറിയണം. സഞ്ജു സാംസൺ കേരള ടീമിലുണ്ട്.