മുംബൈ: ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റിനോട് വിടചൊല്ലിയതിന് പിന്നാലെ ടെസ്റ്റ് കരിയറിന് വിരമാമിടാന്‍ തയ്യാറെടുത്ത് മുന്‍ നായകന്‍ വിരാട് കോലിയും. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ പദ്ധതിയിടുന്നതായി കോലി ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കോലി ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് പിന്മാറാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും ജൂണ്‍ 20-ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം കളിക്കാന്‍ സാധ്യതയില്ലെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. അതേസമയം, കോലിയോട് തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടതായാണ് വിവരം.

ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് കോലിയുടെ തീരുമാനം. കോലി തീരുമാനവുമായി മുന്നോട്ടുപോയാല്‍ അത് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വലിയ വിടവാണ് സൃഷ്ടിക്കാന്‍ പോകുന്നത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയിലെ ഒരു ഉന്നതന്‍ കോലിയുമായി സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ഇംഗ്ലണ്ട് പരമ്പരയ്ക്കായുള്ള ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് തൊട്ടുമുമ്പാണ് ഈ വാര്‍ത്ത വരുന്നത്. കോലി മനസ് മാറ്റിയില്ലെങ്കില്‍ പ്രധാനപ്പെട്ട ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യയ്ക്ക് പരിചയസമ്പന്നരില്ലാത്ത മധ്യനിരയാകും ഉണ്ടാകുക. 2024-25 ടെസ്റ്റ് സീസണ്‍ കോലിക്ക് അത്ര മികച്ചതായിരുന്നില്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗാവാസ്‌ക്കര്‍ ട്രോഫിയില്‍, പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിലെ സെഞ്ചുറി ഉള്‍പ്പെടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് 186 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.

ജൂണ്‍ 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍, അഞ്ച് ടെസ്റ്റുകളാണ് ഇന്ത്യ അവിടെ കളിക്കുന്നത്. ഇംഗ്ലണ്ട് പര്യടനം ആസന്നമായിരിക്കെ, നായകന്‍ രോഹിത് ശര്‍മ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ്, അതിലും അപ്രതീക്ഷിത നീക്കത്തിലൂടെ ടെസ്റ്റ് കരിയറിന് വിരാമം ഇടാനുള്ള തീരുമാനം വിരാട് കോലി ബിസിസിഐയെ അറിയിച്ചിരിക്കുന്നത്.

ഇന്ത്യയെ സംബന്ധിച്ച് പുതിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പരമ്പരയ്ക്ക് ഇംഗ്ലണ്ട് പര്യടനത്തോടെ തുടക്കമാകാനിരിക്കെയാണ്, രോഹിത്തിനു പിന്നാലെ കോലിയും വിരമിക്കല്‍ തീരുമാനം അറിയിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം. കഴിഞ്ഞ വര്‍ഷം ട്വന്റി20 ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെ ഇരുവരും ഒരുമിച്ചാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയ്ക്കായി ഇതുവരെ 123 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള കോലി, 30 സെഞ്ചറികള്‍ ഉള്‍പ്പെടെ 9230 റണ്‍സാണ് നേടിയിട്ടുള്ളത്. ഏറ്റവും ഒടുവില്‍ നടന്ന ഓസ്‌ട്രേലിയന്‍ പര്യനടത്തില്‍ വിരാട് കോലിയുടെ സാങ്കേതിക മികവിനെ ചോദ്യചിഹ്നമാക്കുന്ന തരത്തിലുള്ള വിക്കറ്റുകള്‍ വന്‍ ചര്‍ച്ചയായിരുന്നു. പരമ്പരയില്‍ ഒരു സെഞ്ചറി നേടിയെങ്കിലും, കോലിയുടെ ഫോമിനെക്കുറിച്ചും ചോദ്യങ്ങളുയരുകയും ചെയ്തു.

ബോര്‍ഡര്‍ ഗാവാസ്‌ക്കര്‍ പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ വലിയ വിമര്‍ശനമുണ്ടായതില്‍ കോലി നിരാശനായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ 23.75 ആയിരുന്നു കോലിയുടെ ശരാശരി. ഒമ്പത് ഇന്നിങ്സുകളില്‍ നിന്നായി 190 റണ്‍സ് മാത്രമാണ് താരത്തിന് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്.

പരമ്പരയില്‍ തുടര്‍ച്ചയായി ഓഫ് സ്റ്റമ്പിന് പുറത്തുപോകുന്ന പന്തുകളിലാണ് കോലി പുറത്തായത്. ഇത് താരത്തെ വലിയ സമ്മര്‍ദത്തിലാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് ആ സമയത്ത് കടന്നുപോയതെന്ന് പിന്നീട് കോലി തന്നെ വെളിപ്പെടുത്തിയിരുന്നു. ഒമ്പതു ഇന്നിങ്‌സുകളില്‍ എട്ടിലും അദ്ദേഹം ഇതേ രീതിയിലാണ് പുറത്തായത്.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നുള്ള കാര്യം വിരാട് കോലി ബോധ്യപ്പെടുത്താന്‍ ബിസിസിഐ ഇടപെടണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കോലി ആരാധകരുടെ പ്രതികരണങ്ങള്‍ നിറഞ്ഞു. കോലിയെ ടെസ്റ്റില്‍ നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് ആരാധകര്‍ ബിസിസിഐയോട് ആവശ്യപ്പെട്ടു.