- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബേസ്ബോള്‍ ശൈലി മാറ്റിപ്പിടിച്ച് ഇംഗ്ലണ്ട്! സെഞ്ച്വറിയിലേക്ക് ഒരു റണ്‍ അകലെ ജോ റൂട്ട്; ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറിലേക്ക്; ഒന്നാം ദിനം ആതിഥേയര്‍ക്ക് 83 ഓവറില്‍ 4 ന് 251 റണ്‍സ്
ലോര്‍ഡ്സിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറിലേക്ക്
ലോര്‍ഡ്‌സ്: ടെസ്റ്റില്‍ ബേസ്ബോള്‍ ശൈലി മാറ്റിപ്പിടിച്ച് ഇംഗ്ലണ്ട്.ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ലോര്‍ഡ്സിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്‌കോറിലേക്ക്.ആദ്യ ദിനത്തിലെ കളിയവസാനിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 37-ാം ടെസ്റ്റ് സെഞ്ചുറിക്ക് ഒരു റണ്ണകലെ നില്‍ക്കുന്ന ജോ റൂട്ടും (99*), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സുമാണ് (39*) ക്രീസില്‍.191 പന്തില്‍ നിന്ന് ഒമ്പത് ബൗണ്ടറിയടക്കമാണ് റൂട്ട് 99 റണ്‍സെടുത്തിരിക്കുന്നത്. 102 പന്തുകള്‍ നേരിട്ട സ്റ്റോക്ക്‌സിന്റെ ഇന്നിങ്‌സില്‍ മൂന്ന് ബൗണ്ടറികളാണുള്ളത്.പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇരുവരും ഇതുവരെ 79 റണ്‍സ് ചേര്‍ത്തിട്ടുണ്ട്.
ഓപ്പണര്‍മാരായ സാക് ക്രൗളി (43 പന്തില്‍ 18), ബെന്‍ ഡക്കറ്റ് (40 പന്തില്‍ 23), ഒലി പോപ്പ് (104 പന്തില്‍ 44) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യദിനത്തില്‍ ഇംഗ്ലണ്ടിന് നഷ്ടമായത്.ഇന്ത്യയ്ക്കായി നിതീഷ് കുമാര്‍ റെഡ്ഡി രണ്ടും രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.ജസ്പ്രീത് ബുംറയും ആകാശ് ദീപും മുഹമ്മദ് സിറാജും അടങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ തുടക്കത്തില്‍ ശ്രദ്ധയോടെയായിരുന്നു ഇംഗ്ലീഷ് ഓപ്പണര്‍മാരുടെ ബാറ്റിങ്.ഇത്തരത്തില്‍ 13 ഓവര്‍ വരെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ ശ്രദ്ധയോടെ പിടിച്ചുനിന്ന സാക്ക് ക്രോളിക്കും ബെന്‍ ഡക്കറ്റിനും പക്ഷേ നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ 13-ാം ഓവറില്‍ പിഴച്ചു.
ഇംഗ്ലണ്ട് ഓപ്പണര്‍മാരെ, തന്റെ ആദ്യ ഓവറില്‍ത്തന്നെ നിതീഷ് കുമാര്‍ റെഡ്ഡി പവലിയനില്‍ തിരിച്ചെത്തിച്ചു.സാക് ക്രൗളി (18), ബെന്‍ ഡക്കറ്റ് (23) എന്നിവരെ ഒരേ ഓവറില്‍ നിതീഷ് കുമാര്‍ പുറത്താക്കിയതോടെ വിക്കറ്റ് നഷ്ടം കൂടാതെ 43 റണ്‍സില്‍നിന്ന് അവര്‍ രണ്ടു വിക്കറ്റിന് 44 റണ്‍സ് എന്ന നിലയിലേക്ക് പതിച്ചു.ഓപ്പണിങ് വിക്കറ്റില്‍ മികച്ച തുടക്കം സമ്മാനിച്ച് മുന്നേറുന്നതിനിടെ, 14ാം ഓവറിലാണ് മൂന്ന്, ആറ് പന്തുകളിലായി സാക് ക്രൗളിയെയും ബെന്‍ ഡക്കറ്റിനെയും നിതീഷ് കുമാര്‍ റെഡ്ഡി പുറത്താക്കിയത്. 43 പന്തില്‍ നാലു ഫോറുകളോടെ 18 റണ്‍സെടുത്ത ക്രൗളിയും, 40 പന്തില്‍ മൂന്നു ഫോറുകളോടെ 23 റണ്‍സെടുത്ത ഡക്കറ്റും വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്.
എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച ഒലി പോപ്പ് - ജോ റൂട്ട് സഖ്യം പതിയെ ഇന്നിങ്സ് മുന്നോട്ടുനയിച്ചു.വേഗത്തില്‍ റണ്‍സടിക്കാന്‍ മുതിരാതെ ശ്രദ്ധയോടെയായിരുന്നു ഇരുവരുടെയും ബാറ്റിങ്. എന്നാല്‍ ചായ ഇടവേളയ്ക്കു ശേഷമുള്ള ആദ്യ പന്തില്‍ തന്നെ പോപ്പിനെ പുറത്താക്കി ജഡേജ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു.104 പന്തില്‍ നിന്ന് നാലു ബൗണ്ടറിയടക്കം 44 റണ്‍സായിരുന്നു പോപ്പിന്റെ സമ്പാദ്യം. മൂന്നാം വിക്കറ്റില്‍ റൂട്ടിനൊപ്പം 109 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കാനും പോപ്പിനായി.തുടര്‍ന്ന് ക്രീസിലെത്തിയ ഒന്നാം നമ്പന്‍ ടെസ്റ്റ് ബാറ്റര്‍ ഹാരി ബ്രൂക്കിനെ അധികനേരം ക്രീസില്‍ തുടരാന്‍ ബുംറ അനുവദിച്ചില്ല.
20 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ബ്രൂക്കിന്റെ കുറ്റിതെറിപ്പിച്ച് ബുംറ ഇംഗ്ലണ്ടിന്റെ നാലാം വിക്കറ്റ് സ്വന്തമാക്കി.ഇതോടെ ഇംഗ്ലണ്ട് 4 ന് 172 റണ്‍സ് എന്ന നിലയിലായി.എന്നാല്‍ പിന്നീട് റൂട്ടും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സും ഒന്നിച്ചതോടെ ഇംഗ്ലണ്ട് കൂടുതല്‍ നഷ്ടങ്ങളില്ലാതെ മുന്നോട്ട് നീങ്ങി.ഇന്ത്യന്‍ ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും 79 റണ്‍സിന്റെ കൂട്ടുകെട്ടോടെ ഒന്നാം ദിനം അവസാനിപ്പിച്ചു.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.ജോഷ് ടോങ്ങിനു പകരം പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ടീമിലെത്തിയതൊഴിച്ചാല്‍ ഇംഗ്ലണ്ട് പ്ലേയിങ് ഇലവനില്‍ മാറ്റങ്ങളില്ല.സൂപ്പര്‍ താരം ജസ്പ്രീത് ബുമ്ര ഇന്ത്യന്‍ ടീമിലേക്കു തിരിച്ചെത്തി.ബുമ്രയ്ക്കു പകരമെത്തിയ ആകാശ്ദീപും ഇന്നു കളിക്കുന്നുണ്ട്.വിക്കറ്റു വീഴ്ത്താന്‍ ബുദ്ധിമുട്ടുന്ന യുവതാരം പ്രസിദ്ധ് കൃഷ്ണയാണ് പുറത്തായത്.ആദ്യ രണ്ട് ടെസ്റ്റിലും തിളങ്ങാതിരുന്ന കരുണ്‍ നായരെ നിലനിര്‍ത്തിയപ്പോള്‍ സായ് സുദര്‍ശന് മൂന്നാം ടെസ്റ്റിലും അവസരം ലഭിച്ചില്ല.