- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന് വേണ്ടി ഇറങ്ങി, ഒടുവില്‍ സ്വന്തം തടി രക്ഷിക്കാന്‍ ഓട്ടം! ഐസിസിയോട് കെഞ്ചി പാക് ബോര്‍ഡ്; ഇന്ത്യയുമായുള്ള ഉഭയകക്ഷി പരമ്പരയടക്കം പിസിബിയുടെ മൂന്ന് ആവശ്യങ്ങളും ഐസിസി തള്ളി; ബംഗ്ലാദേശിന് വേണ്ടി നിലകൊണ്ടെങ്കിലും പാക്കിസ്ഥാന് ഒന്നും നേടിയില്ലെന്ന് തുറന്നുസമ്മതിച്ച് മൊഹ്‌സിന്‍ നഖ്വി
പാക്കിസ്ഥാന് ഒന്നും നേടിയില്ലെന്ന് തുറന്നുസമ്മതിച്ച് മൊഹ്‌സിന്‍ നഖ്വി

ഇസ്ലാമബാദ്: ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരം ബഹിഷ്‌കരിക്കുമെന്ന മുന്‍ നിലപാടില്‍ നിന്ന് മലക്കംമറിഞ്ഞ് പാകിസ്ഥാന്‍ സമ്പാദിച്ചത് മാനനഷ്ടം മാത്രം. ഫെബ്രുവരി 15-ന് ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ കളത്തിലിറങ്ങുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അധ്യക്ഷന്‍ മൊഹ്‌സിന്‍ നഖ്വി സ്ഥിരീകരിച്ചു. ഐസിസിയുമായുള്ള ചര്‍ച്ചകളില്‍ പാകിസ്ഥാന് അനുകൂലമായി യാതൊരു വിട്ടുവീഴ്ചകളും നേടിയെടുക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം സമ്മതിച്ചു.
നാടകീയമായ മലക്കംമറിച്ചില്‍
ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കിയ ഐസിസി നടപടിയില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ നേരത്തെ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഐസിസി, യുഎഇ, ശ്രീലങ്ക തുടങ്ങിയ ക്രിക്കറ്റ് ബോര്‍ഡുകളുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തിങ്കളാഴ്ചയാണ് മത്സരിക്കാനുള്ള തീരുമാനം ഔദ്യോഗികമായി അറിയിച്ചത്.
പിഎസ്എല്‍ (PSL) വാര്‍ത്താസമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകന്‍ ചോദ്യം ചെയ്തപ്പോഴാണ് നഖ്വി ഈ 'യു-ടേണ്‍' സൂചന നല്‍കിയത്. ചര്‍ച്ചകളില്‍ പാകിസ്ഥന്‍ എന്തെങ്കിലും നേട്ടമുണ്ടാക്കിയോ എന്ന ചോദ്യത്തിന്, 'ഞങ്ങള്‍ ബംഗ്ലാദേശിന് വേണ്ടിയാണ് നിലകൊണ്ടത്, സ്വന്തമായി ഒന്നും നേടിയില്ല' എന്നായിരുന്നു നഖ്വിയുടെ മറുപടി.
നഖ്വിയും മാധ്യമപ്രവര്‍ത്തകനും തമ്മിലുള്ള സംഭാഷണം:
നഖ്വി: 'തീരുമാനം അല്പസമയത്തിനകം ഉണ്ടാകും.'
മാധ്യമപ്രവര്‍ത്തകന്‍: 'നല്ല വാര്‍ത്തയാണോ വരുന്നത്?'
നഖ്വി: 'ഞങ്ങള്‍ എപ്പോഴും നല്ല വാര്‍ത്തകളാണ് നല്‍കാറുള്ളത്. ബംഗ്ലാദേശിന്റെ പ്രസ്താവന നിങ്ങള്‍ കണ്ടിരിക്കുമല്ലോ. കളിക്കണമെന്ന് അവര്‍ പാകിസ്ഥാനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടതുകൊണ്ടാണ് അവര്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്.'
മാധ്യമപ്രവര്‍ത്തകന്‍: 'നമ്മുടെ വല്ല ആവശ്യങ്ങളും അവര്‍ അംഗീകരിച്ചോ?'
നഖ്വി: 'ഞങ്ങള്‍ ബംഗ്ലാദേശിന് വേണ്ടിയാണ് നിലകൊണ്ടത്. അത് അവരുടെ കാര്യമായിരുന്നു. ഞങ്ങള്‍ക്കായി (പാകിസ്ഥാനായി) ഒന്നും ചെയ്തിട്ടില്ല.'
ഐസിസിയുടെ നിലപാട്
ആഴ്ചകള്‍ നീണ്ട നാടകീയതയ്ക്കൊടുവില്‍ ഐസിസി പുറത്തിറക്കിയ പ്രസ്താവന പ്രകാരം, എല്ലാ അംഗരാജ്യങ്ങളും ഐസിസി ടൂര്‍ണമെന്റുകളിലെ പങ്കാളിത്ത നിബന്ധനകള്‍ പാലിക്കുമെന്നും ലോകകപ്പിന്റെ വിജയത്തിനായി സഹകരിക്കുമെന്നും വ്യക്തമാക്കി.
അതേസമയം, ഇന്ത്യയുമായുള്ള ഉഭയകക്ഷി ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണം എന്നതടക്കം പിസിബി മുന്നോട്ടുവെച്ച മൂന്ന് പ്രധാന ആവശ്യങ്ങളും ഐസിസി തള്ളിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ യാതൊരു ഉറപ്പുകളും ലഭിക്കാതെ തന്നെ ടൂര്‍ണമെന്റില്‍ തുടരാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.


