ഇസ്ലാമാബാദ്: നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം എല്ലാ മത്സരങ്ങളും പാകിസ്ഥാനില്‍ കളിച്ചിരുന്നെങ്കില്‍ പോലും ചാമ്പ്യന്‍സ് ട്രോഫി നേടുമായിരുന്നുവെന്ന് പാകിസ്ഥാന്‍ പേസ് ഇതിഹാസവും മുന്‍ നായകനുമായ വസീം അക്രം. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യ, പാകിസ്ഥാനിലേക്ക് പോവാന്‍ വിസമ്മതിക്കുകയായിരുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ ദൂബായിലാണ് പൂര്‍ത്തിയാക്കിയത്. ഇന്ത്യക്ക് ഒരു വേദിയില്‍ മാത്രമാണ് കളിക്കേണ്ടിവന്നതെന്നും അതൊരു നേട്ടമായെന്നും മറ്റു താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും ചൂണ്ടികാണിച്ചിരുന്നു. ദുബായില്‍ മാത്രം കളിച്ചാണ് ഇന്ത്യ കിരീടമുയര്‍ത്തിയത്. എന്നാല്‍ ഈ വാദങ്ങള്‍ തള്ളുന്നതാണ് മുന്‍ പാക് നായകന്റെ പ്രതികരണം.

''ലോകത്ത് എവിടെ കളിച്ചിരുന്നുവെങ്കിലും ഇന്ത്യന്‍ ടീം ജയിക്കുമായിരുന്നു. വേദി സംബന്ധിച്ച് ഒരുപാട് ചര്‍ച്ചകള്‍ നടന്നു. പക്ഷേ, ഇന്ത്യ എല്ലാ മത്സരങ്ങളും ദുബായില്‍ കളിക്കുമെന്ന് നേരത്തെ തീരുമാനിച്ചതായിരുന്നു. പാകിസ്ഥാനില്‍ കളിച്ചിരുന്നെങ്കിലും ഇന്ത്യ തന്നെ ജയിക്കുമായിരുന്നു. 2024 ലെ ടി20 ലോകകപ്പ് ഒരു കളി പോലും തോല്‍ക്കാതെ അവര്‍ നേടി. ഒരു കളി പോലും തോല്‍ക്കാതെ അവര്‍ ചാംപ്യന്‍സ് ട്രോറഫി നേടി. അത് അവരുടെ ക്രിക്കറ്റിലെ ആഴം കാണിക്കുന്നു.'' അക്രം പറഞ്ഞു.

രോഹിത് ശര്‍മ്മയെയും പരിശീലകന്‍ ഗൗതം ഗംഭീറിനെയും പിന്തുണച്ചതിന് ബിസിസിഐയെയും അക്രം പ്രശംസിച്ചു. ''ഇന്ത്യ, ന്യൂസിലന്‍ഡിനോട് സ്വന്തം നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ 3-0ന് തോറ്റു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലും ഫലം മറ്റൊന്നായിരുന്നില്ല. ശ്രീലങ്കയില്‍ നടന്ന പരമ്പരയിലും ഇന്ത്യക്ക് ജയിക്കാന്‍ കഴിഞ്ഞുന്നില്ല. ഇതോടെ ക്യാപ്റ്റനെ നീക്കണമെന്ന് ആവശ്യം ഉയര്‍ന്നു. എന്നാല്‍ ബിസിസിഐ ബിസിസിഐ ക്യാപ്റ്റനേയും കോച്ചിനേയും പിന്തുണച്ചു. ഇതാണ് ഞങ്ങളുടെ ക്യാപ്റ്റന്‍, ഇതാണ് ഞങ്ങളുടെ പരിശീലകന്‍ എന്ന് പറഞ്ഞു. ഇപ്പോള്‍ അവര്‍ ചാംപ്യന്മാരുടെ ചാംപ്യന്മാരാണ്.''അക്രം പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാമത്തെ കിരീട വിജയമാണിത്. ഒരു വ്യാഴവട്ടത്തിനുശേഷമാണ് ഇന്ത്യ ഒരു ഐ.സി.സി. ഏകദിന ചാമ്പ്യന്‍ഷിപ്പ് നേടുന്നത്. തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതിയോടെയാണ് രോഹിത് ശര്‍മയുടെ മടക്കം. ടൂര്‍ണമെന്റിലുടനീളം ഫോമില്ലായ്മയുടെ പേരില്‍ പഴികേട്ട രോഹിത് ശര്‍മയുടെ ഇന്നിങ്‌സാണ് ഫൈനലില്‍ ഇന്ത്യക്ക് തുണയായത്. രോഹിത്താണ് മത്സരത്തിലെ താരവും.

ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും കിരീടമുയര്‍ത്തിയത്. 2013ന് ശേഷം ഇന്ത്യ നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടമാണിത്. ദുബായ്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഇന്നിംഗ്‌സ് പുറത്തെടുത്ത രോഹിത് ശര്‍മയാണ് (76) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍ 46 റണ്‍സെടുത്തു. കെ എല്‍ രാഹുലിന്റെ (33 പന്തില്‍ പുറത്താവാതെ 34) ഇന്നിംഗ്‌സ് നിര്‍ണായകമായത്.