- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓപറേഷന് സിന്ദൂറിന് പിന്നാലെ ചണ്ഡീഗഡ് വിമാനത്താവളം അടച്ചു; പഞ്ചാബ്-മുംബൈ മത്സരം മുംബൈയിലേക്ക് മാറ്റി; ഇന്ത്യ- പാക്ക് സംഘര്‍ഷം ഐപിഎല്ലിനെ ബാധിക്കില്ല; മത്സരങ്ങള്‍ തുടരുമെന്ന് ബിസിസിഐ
മത്സരങ്ങള്‍ തുടരുമെന്ന് ബിസിസിഐ
ധരംശാല: പഹല്‍ഗാം ഭീകരാക്രമണത്തിന് പാക്കിസ്ഥാന്‍ മണ്ണിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത് ഇന്ത്യ നല്‍കിയ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഐപിഎല്ലിലും കനത്ത സുരക്ഷ ഒരുക്കാന്‍ സാധ്യത. മുന്‍കരുതലെന്ന നിലയിലാണ് പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിമാനത്താവളങ്ങള്‍ മെയ് 10വരെ അടച്ചിടാന്‍ കേന്ദസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായി ചണ്ഡീഗഡ് വിമാനത്താവളം അടച്ചിട്ടതോടെ ഐപിഎല്ലില്‍ ഈ മാസം 11ന് ധരംശാലയില്‍ നടക്കേണ്ടിയിരുന്ന പഞ്ചാബ് കിംഗ്‌സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിന്റെ വേദി മുംബൈയിലേക്ക് മാറ്റി.
മെയ് 11ന് നടക്കേണ്ട പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിനായി മുംബൈ താരങ്ങള്‍ ചണ്ഡീഗഡിലായിരുന്നു വിമാനം ഇറങ്ങേണ്ടിയിരുന്നത്. മെയ് 10വരെ വിമാനത്താവളം അടച്ചിട്ടതിനാല്‍ റോഡ് മാര്‍ഗം ഡല്‍ഹി വഴി മാത്രമെ മുംബൈ ടീമിന് ധരംശാലയില്‍ എത്താന്‍ കഴിയുവെന്നതിനാലാണ് വേദി മുംബൈയിലേക്ക് മാറ്റിയത്. ദീര്‍ഘദൂരം റോഡ് യാത്ര വേണ്ടിവരുമെന്നതിനാലാണ് വേദി മാറ്റമെന്നാണ് റിപ്പോര്‍ട്ട്.
ഐപിഎല്ലില്‍ നാളെ ധരംശാലയില്‍ നടക്കേണ്ട പഞ്ചാബ്-ഡല്‍ഹി മത്സരവുമായി മുന്നോട്ടുപോകണോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി ഐപിഎല്‍ ഭരണസമിതി ചര്‍ച്ച നടത്തി വരികയാണ്. പഞ്ചാബ്, ഡല്‍ഹി ടീമുകള്‍ നിലവില്‍ ധരംശാലയിലാണുള്ളത്. ചണ്ഡീഗഡ് വിമാനത്താവളം അടച്ചതിനാല്‍ നാളത്തെ മത്സരശേഷമുള്ള ഡല്‍ഹി ടീമിന്റെ തിരിച്ചുപോക്കിനെയും ബാധിക്കാനിടയുണ്ട്.
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് 60 കിലോ മീറ്റര്‍ മാത്രം അകലെയാണ് 20000 പേര്‍ക്കിരിക്കാവുന്ന ധരംശാല സ്റ്റേഡിയം. അതേസമയം പഞ്ചാബ്-മുംബൈ മത്സരവേദി മുംബൈയിലേക്ക് മാറ്റിയെങ്കിലും മത്സരം മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെയില്‍ ആയിരിക്കില്ല നടത്തുകയെന്നും സൂചനയുണ്ട്.
മുംബൈക്ക് അധിക ആനുകൂല്യം ലഭിക്കാതിരിക്കാനായി മത്സരം മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലോ ബ്രാബോണ്‍ സ്റ്റേഡിയത്തിലോ നടത്തുന്നതിനെക്കുറിച്ചും ബിസിസിഐ ആലോചിക്കുന്നുണ്ട്. എന്നാല്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ ഇവിടെ വേദി സജ്ജമാക്കാനാകുമോ എന്നാണ് ആശങ്ക.
ഓപ്പറേഷന്‍ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ സംഘര്‍ഷം ഐപിഎല്ലിനെ ബാധിക്കില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അടുത്ത മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ഫൈനല്‍ ഉള്‍പ്പെടെ 14 മത്സരങ്ങള്‍ നിലവിലെ ഷെഡ്യൂള്‍ പ്രകാരം തന്നെ നടക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ബിസിസിഐ അറിയിച്ചു.
ഐപിഎല്‍ 18-ാം സീസണിലെ ആകെയുള്ള 74 മത്സരങ്ങളില്‍ 56 എണ്ണവും നടന്നുകഴിഞ്ഞു. ഏപ്രില്‍ 22-ലെ പഹല്‍ഗാം ആക്രമണവും ഐപിഎല്‍ മത്സരങ്ങളെ ബാധിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ ബിസിസിഐ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുമെന്നും ആവശ്യമെങ്കില്‍ അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പ്രതികരിച്ചു. ഒരു വിദേശ കളിക്കാരനോ കമന്റേറ്ററോ ഇന്ത്യയിലെ സുരക്ഷയെക്കുറിച്ച് ആശങ്കകള്‍ ഉന്നയിക്കുന്നത് കേട്ടിട്ടില്ലെന്നും ഐപിഎല്‍ മത്സരങ്ങള്‍ നിശ്ചയിച്ച പോലെ നടക്കുമെന്നും മുന്‍ താരം സുനില്‍ ഗാവസ്‌ക്കര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഐപിഎല്‍ പ്ലേ ഓഫ് പോര് കടുക്കുന്നതിനിടെ അവസാന മത്സരങ്ങള്‍ ഓരോ ടീമിനും നിര്‍ണായകമാണ്. ഇന്നലെ നടന്ന മത്സരത്തില്‍ ലാസ്റ്റ് ബോള്‍ ത്രില്ലറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടേറ്റ തോല്‍വി മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു. 12 കളികലില്‍ 14 പോയന്റുമായി ഇപ്പോഴും ടോപ് ഫോറിലുണ്ടെങ്കിലും അവസാന രണ്ട് കളികളും ജയിച്ചാലെ മുംബൈക്ക് ഇനി പ്ലേ ഓഫ് ഉറപ്പിക്കാനാവു. പഞ്ചാബിന് പുറമെ പ്ലേ ഓഫ് സ്വപ്നം കാണുന്ന അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹി ക്യാപിറ്റല്‍സാണ് മുംബൈയുടെ രണ്ടാമത്തെ എതിരാളി.
പഹല്‍ഗാമം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരില്‍ ആക്രമണം നടത്തിയത്. മെയ് ഏഴാം തീയതി പുലര്‍ച്ചെയായിരുന്നു വ്യോമ, കര, നാവിക സേനകള്‍ സംയുക്തമായി നടത്തിയ ഓപ്പറേഷന്‍. പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി. പാക് ഭീകരസംഘടനകളായ ജെയ്ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയവയുടെ പ്രധാന താവളങ്ങളെല്ലാം ആക്രമണത്തില്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്.