ദുബായ്: ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകാനിരിക്കെ ക്യാപ്റ്റന്‍മാരുടെ വാര്‍ത്താ സമ്മേളനത്തില്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയോട് വ്യക്തമായ അകലം പാലിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. വാര്‍ത്താ സമ്മേളനത്തിനൊടുവില്‍ അഫ്ഗാനിസ്ഥാന്‍ നായകന്‍ റാഷിദ് ഖാനെയും മറ്റ് ചില നായകന്‍മാരെയും ആലിംഗനം ചെയ്ത സൂര്യകുമാര്‍ യാദവ് സല്‍മാന്‍ ആഗയെ ആലിംഗനം ചെയ്യാന്‍ മുതിര്‍ന്നില്ലെന്നത് ശ്രദ്ധേയമായി. അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാനും ശ്രീലങ്കന്‍ നായകന്‍ ചരിത് അസലങ്കക്കും നടുവിലായിട്ടാണ് സൂര്യകുമാര്‍ യാദവ് വാര്‍ത്താസമ്മേളനത്തില്‍ ഇരുന്നത്.

വാര്‍ത്താസമ്മേളനത്തിനിടെ ഇന്ത്യയാണോ ടൂര്‍ണമെന്റിലെ ഫേവറൈറ്റുകളെന്ന ചോദ്യത്തിന് ആര് പറഞ്ഞു, ഞാനത് കേട്ടില്ലല്ലോ എന്നായിരുന്നു സൂര്യകുമാര്‍ യാദവിന്റെ മറുപടി. ഏഷ്യാ കപ്പിന് മികച്ച തയാറെടുപ്പുകളോടെയാണ് വന്നിരിക്കുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു. തയാറെടുപ്പുകള്‍ മികച്ചതായാല്‍ ഏത് ടീമിനെയും ആത്മവിശ്വാസത്തോടെ നേരിടാനാവുമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

എന്നാല്‍ ട്വന്റി 20 ക്രിക്കറ്റില്‍ ഒരു ടീമും ഫേവറൈറ്റുകളല്ലെന്നും ഒന്നോ രണ്ടോ ഓവറുകളില്‍ കളി മാറിമറിയാവുന്ന ടി20 ഫോര്‍മാറ്റില്‍ ആര്‍ക്കും ആരെയും തോല്‍പ്പിക്കാനാവുമെന്നുമായിരുന്നു പാക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയുടെ മറുപടി. ബാബര്‍ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും അസാന്നിധ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കാന്‍ പാക് ക്യാപ്റ്റന്‍ തയാറായില്ല. പുതിയ ടീമിന് കഴിഞ്ഞ നാല് പരമ്പരകളില്‍ മൂന്നെണ്ണത്തിലും ജയിക്കാനായത് വലിയ നേട്ടമാണെന്നും ടീമിലെ പല താരങ്ങളും ഏഷ്യാ കപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ ആദ്യമായാണ് കളിക്കുന്നതെന്നും പാക് ക്യാപ്റ്റന്‍ പറഞ്ഞു.

പാകിസ്ഥാനെതിരായ മത്സരത്തില്‍ ആക്രണോത്സുകയതോടെയാവുമോ ഇറങ്ങുക എന്ന ചോദ്യത്തിന് എല്ലാ ടീമുകള്‍ക്കെതിരെയും ആക്രമണോത്സുകതയോടെ തന്നെയാവും ഇറങ്ങുകയെന്നും ആക്രമണോത്സുകതയില്ലാതെ ഒരു ടീമിനെതിരെ ഗ്രൗണ്ടിലിറങ്ങാനാവില്ലെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി. സമീപകാലത്തെ ഇന്ത്യ-പാക് അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ 14ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തെ ആകാംക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.