- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അടിമത്തത്തിന്റെ കാലം കഴിഞ്ഞു! ഐപിഎല്‍ സംപ്രേക്ഷണം തടയും; ട്വന്റി 20 ലോകകപ്പ് വേദി ശ്രീലങ്കയിലേക്ക് മാറ്റണം'; മുസ്തഫിസുര്‍ റഹ്‌മാനെ 'കെകെആര്‍' പുറത്താക്കിയതിന് പിന്നാലെ ഇന്ത്യക്കെതിരെ 'ക്രിക്കറ്റ് യുദ്ധം' പ്രഖ്യാപിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍; ഐസിസിക്ക് കത്തയച്ച് ബിസിബി; വേദിമാറ്റം അസാധ്യമെന്ന് ബിസിസിഐ
ധാക്ക: ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഈ വര്‍ഷത്തെ ഐപിഎല്‍ ക്രിക്കറ്റില്‍നിന്ന് ഒഴിവാക്കിയതിനു പിന്നാലെ ട്വന്റി 20 ലോകകപ്പില്‍ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഐസിസിയെ സമീപിക്കാനൊരുങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി). ബംഗ്ലാദേശ് താരങ്ങളുടെ സുരക്ഷാപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നീക്കം. അടുത്ത മാസം തുടങ്ങുന്ന ലോകകപ്പിലെ ബംഗ്ലാദേശിന്റെ ആദ്യ മൂന്ന് മത്സരങ്ങള്‍ കൊല്‍ക്കത്തയിലാണ് നടക്കുന്നത്. ലോകകപ്പിലെ ബംഗ്ലദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്കു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിനോട് (ബിസിബി) കായിക മന്ത്രാലയം നിര്‍ദേശിച്ചിരുന്നു.ഇക്കാര്യം അറിയിച്ച് ഐസിസിക്ക് കത്തയയ്ക്കാന്‍ ബിസിബിയോടു നിര്‍ദേശിച്ചതായി സര്‍ക്കാര്‍ ഉപദേഷ്ടാവ് ആസിഫ് നസ്രുള്‍ പറഞ്ഞു.
''കായിക മന്ത്രാലയത്തിന്റെ ചുമതലയുള്ള ഉപദേഷ്ടാവ് എന്ന നിലയില്‍, മുഴുവന്‍ കാര്യങ്ങളും വ്യക്തമാക്കി ഐസിസിക്ക് കത്തയയ്ക്കാന്‍ ഞാന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചിട്ടുണ്ട്. കരാറിലേര്‍പ്പെട്ട ഒരു ബംഗ്ലദേശ് താരത്തിന് ഇന്ത്യയില്‍ കളിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ബംഗ്ലദേശ് ദേശീയ ടീമിന് ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് കത്തില്‍ ബോര്‍ഡ് വ്യക്തമാക്കണം. ബംഗ്ലദേശിന്റെ ലോകകപ്പ് മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തണമെന്ന് ഔദ്യോഗികമായി അഭ്യര്‍ഥിക്കാന്‍ ഞാന്‍ ബോര്‍ഡിനോട് നിര്‍ദേശിച്ചിട്ടുണ്ട്.'' നസ്രുള്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ എഴുതി
ബംഗ്ലദേശില്‍ ഐപിഎലിന്റെ സംപ്രേഷണം നടത്തരുതെന്നും ബംഗ്ലദേശ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തോട് (ഐ ആന്‍ഡ് ബി) നിര്‍ദേശിച്ചതായി ആസിഫ് നസ്രുള്‍ പറഞ്ഞു. ''ബംഗ്ലദേശിലെ ഐപിഎല്‍ സംപ്രേഷണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് ഉപദേഷ്ടാവിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഒരു സാഹചര്യത്തിലും ബംഗ്ലദേശ് ക്രിക്കറ്റിനോ ക്രിക്കറ്റ് താരങ്ങള്‍ക്കോ ബംഗ്ലദേശിനോ നേരെയുള്ള ഒരു അപമാനവും ഞങ്ങള്‍ സഹിക്കില്ല. അടിമത്തത്തിന്റെ ദിനങ്ങള്‍ അവസാനിച്ചു.'' ആസിഫ് നസ്രുള്‍ പറഞ്ഞു.
നിലവിലെ ഷെഡ്യൂള്‍ പ്രകാരം ട്വന്റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലദേശിന്റെ നാലു മത്സരങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇതില്‍ മൂന്നെണ്ണം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലും ഒരെണ്ണം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലുമാണ്. വെസ്റ്റിന്‍ഡീസ് (ഫെബ്രുവരി 7), ഇറ്റലി (ഫെബ്രുവരി 9), ഇംഗ്ലണ്ട് (ഫെബ്രുവരി 14) എന്നിവര്‍ക്കെതിരെയാണ് കൊല്‍ക്കത്തയിലെ മത്സരങ്ങള്‍. ഫെബ്രുവരി 17നു നേപ്പാളിനെതിരെയാണ് മുംബൈയിലെ മത്സരം.
എന്നാല്‍, ലോകകപ്പ് ആരംഭിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെ വേദിമാറ്റം അസാധ്യമണെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. ''ആരുടെയെങ്കിലും ഇഷ്ടാനുസരണം മത്സരങ്ങള്‍ മാറ്റാന്‍ കഴിയില്ല. എതിര്‍ ടീമുകളെക്കുറിച്ചും ചിന്തിക്കുക. അവരുടെ വിമാന ടിക്കറ്റുകള്‍, ഹോട്ടലുകള്‍ എന്നിവ ബുക്ക് ചെയ്തിട്ടുണ്ട്. എല്ലാ ദിവസങ്ങളിലും മൂന്നു മത്സരങ്ങളുണ്ട്, ഒരു മത്സരം ശ്രീലങ്കയിലാണ്. പ്രക്ഷേപണ സംഘമുണ്ട്. അതിനാല്‍ ഇതു പറയുന്നതു പോലെ അത്ര എളുപ്പമായിരിക്കില്ല.'' ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. മാസങ്ങള്‍ക്കു മുന്‍പ് ഉണ്ടാക്കിയ ധാരണ പ്രകാരം ലോകകപ്പിലെ പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ബംഗ്ലദേശിന്റെയും നീക്കം.
ശനിയാഴ്ച്ച നടന്ന ബിസിബി ബോര്‍ഡ് ഡയറക്ടര്‍മാരുടെ അടിയന്തര യോഗത്തിനുശേഷം മീഡിയ കമ്മിറ്റി ചെയര്‍മാന്‍ അംജദ് ഹുസൈനാണ് നിലപാട് വ്യക്തമാക്കിയത്. 'മുസ്തഫിസുര്‍ റഹ്‌മാനെ വിട്ടയയ്ക്കാന്‍ ബിസിസിഐ കൊല്‍ക്കത്ത ടീമിനോട് ആവശ്യപ്പെട്ടത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ കൊല്‍ക്കത്തയിലാണ് നടക്കുന്നത്. അതിനാല്‍ കളിക്കാരുടെ സുരക്ഷയെ കുറിച്ച് ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഐസിസിക്ക് കത്തെഴുതും'-അംജദ് ഹുസൈന്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം നടന്ന ഐപിഎല്‍ താരലേലത്തില്‍ 9.2 കോടി രൂപ ചെലവഴിച്ചാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇടങ്കയ്യന്‍ പേസ് ബൗളറായ മുസ്തഫിസുര്‍ റഹ്‌മാനെ ടീമിലെത്തിച്ചത്. എന്നാല്‍, ഇതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുസ്തഫിസുറിനെ ടീമില്‍നിന്ന് ഒഴിവാക്കാന്‍ കൊല്‍ക്കത്ത ടീമിനോട് ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു.
മുസ്തഫിസുറിനെ കൊല്‍ക്കത്ത ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് ബിസിസിഐയുടെ അസാധാരണ ഇടപെടല്‍. മാര്‍ച്ചില്‍ ആരംഭിക്കുന്ന ഇത്തവണത്തെ ഐപിഎലില്‍ ഇടംനേടിയ ഏക ബംഗ്ലദേശ് താരമാണ് ഇടംകൈ പേസറായ മുസ്തഫിസുര്‍ റഹ്‌മാന്‍. ഡിസംബറില്‍ നടന്ന മിനി ലേലത്തില്‍ 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത്.
എന്നാല്‍ ബംഗ്ലദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായി. കൊല്‍ക്കത്തയുടെ സഹ ഉടമ ഷാറൂഖ് ഖാനെതിരെയും വിമര്‍ശനം നീണ്ടു. കൊല്‍ക്കത്തയില്‍ ഐപിഎല്‍ മത്സരം തടയുമെന്ന ഭീഷണിയുമുണ്ടായി. ഇക്കാര്യത്തില്‍ രാഷ്ട്രീയ സമ്മര്‍ദവും ശക്തമായതോടെയാണ് മുന്‍പ് എട്ട് ഐപിഎല്‍ സീസണുകളില്‍ കളിച്ചിട്ടുള്ള മുസ്തഫിസുറിനെ ടീമില്‍നിന്നു നീക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടത്.




