- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യയോടുള്ള പക ബംഗ്ലാദേശ് ക്രിക്കറ്റിന്റെ അന്ത്യമോ? ലോകകപ്പ് ബഹിഷ്കരണത്തിന് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പോ? പരമ്പരകള്‍ റദ്ദാകും, വരുമാനം നിലയ്ക്കും; താരങ്ങള്‍ പ്രതിസന്ധിയില്‍; ബിസിബിയില്‍ പൊട്ടിത്തെറി

ന്യൂഡല്‍ഹി: ബംഗ്ലാദേശ് പേസ് ബൗളര്‍ മുസ്താഫിസുര്‍ റഹ്‌മാനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും പുറത്താക്കിയതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കം ട്വന്റി 20 ലോകകപ്പ് ബഹിഷ്‌കരണം വരെ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് നേരിടേണ്ടി വരിക കനത്ത തിരിച്ചടികള്‍. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റിന് തിരിച്ചടിയാകും. ഇതോടെ ലോകകപ്പില്‍നിന്ന് പുറത്താകുമെന്നു മാത്രമല്ല, കായികമായും സാമ്പത്തികമായും വലിയ നഷ്ടമുണ്ടാക്കും. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) നല്‍കുന്ന വിഹിതത്തില്‍ 60 ശതമാനത്തോളം (250 കോടിയോളം രൂപ) കുറവുണ്ടാകുമെന്ന് കണക്കാക്കുന്നു. ടിവി സംപ്രേഷണം, പരസ്യം എന്നിവയിലൂടെയുള്ള വരുമാനത്തിലും വലിയ കുറവുണ്ടാകും. ഓഗസ്റ്റ്-സെപ്റ്റംബറില്‍ ഇന്ത്യ ബംഗ്ലാദേശിലേക്ക് ക്രിക്കറ്റ് പര്യടനം തീരുമാനിച്ചിട്ടുണ്ട്. ഈ നിലപാടില്‍ ഉറച്ചുനിന്നാല്‍ ആ പരമ്പര റദ്ദാകും.
ബംഗ്ലാദേശിനുപകരം സ്‌കോട്ലന്‍ഡിനെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഐസിസി നല്‍കുന്ന സൂചന. അതേസമയം, ഐസിസി ഇടപെട്ട് ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുമെന്നും ലോകകപ്പില്‍ കളിക്കാനാകുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) പ്രത്യാശ പ്രകടിപ്പിച്ചു. ''ലോകകപ്പില്‍ കളിക്കണം, പക്ഷേ, ഇന്ത്യയില്‍ പറ്റില്ല എന്നതുമാത്രമാണ് ഞങ്ങളുടെ ആവശ്യം'' -എന്നാണ് വ്യാഴാഴ്ച പ്രത്യേക യോഗത്തിനുശേഷം ബിസിബി അധ്യക്ഷന്‍ അമിനുള്‍ ഇസ്ലാം ബുള്‍ബുള്‍ മാധ്യമങ്ങളോടു പറഞ്ഞത്. ലോകകപ്പില്‍ കളിക്കണമെന്നാണ് കളിക്കാരുടെ താല്‍പ്പര്യമെന്നും റിപ്പോര്‍ട്ടുണ്ട്.
ബംഗ്ലദേശ് കളിച്ചില്ലെങ്കില്‍ ഐസിസിക്ക് വന്‍ നഷ്ടമാണ് ഉണ്ടാകുകയെന്ന് ബംഗ്ലദേശ് കായിക ഉപദേഷ്ടാവ് ആസിഫ് നസ്‌റുല്‍ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ അതിലും വലിയ സാമ്പത്തിക നഷ്ടമാണ് ബംഗ്ലദേശിനെ കാത്തിരിക്കുന്നത്. ക്രിക്കറ്റില്‍ വന്‍ ശക്തിയായ ഇന്ത്യയുമായി ഇടഞ്ഞതിന്റെ പേരില്‍ ഇനി പ്രധാന പരമ്പരകളും ഇതിലൂടെ ലഭിക്കുന്ന കോടികളും ബംഗ്ലദേശിനു നഷ്ടമാകും. എന്നാല്‍ ട്വന്റി20 ലോകകപ്പ് കളിക്കാത്തതിന്റെ പേരില്‍ ബംഗ്ലദേശിന് 240 കോടിയോളം രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്. ലോകകപ്പില്‍ പങ്കെടുക്കുന്നതിലൂടെ ലഭിക്കേണ്ട ഐസിസി റവന്യൂ മാത്രമാണിത്. അതിനു പുറമേ ബ്രോഡ്കാസ്റ്റ്, സ്‌പോണ്‍സര്‍ഷിപ് വരുമാന നഷ്ടവും കോടികള്‍ വരും. ബംഗ്ലദേശ് ക്രിക്കറ്റ് ടീമിന്റെ വാര്‍ഷിക വരുമാനത്തിന്റെ 60 ശതമാനത്തോളം തുക ഒരു തീരുമാനത്തിന്റെ പേരില്‍ മാത്രം നഷ്ടമാകുമെന്നാണു റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷം ഇന്ത്യ ബംഗ്ലദേശ് പരമ്പര നടക്കാനുണ്ട്. ഇത് റദ്ദാക്കപ്പെടുമെന്ന് ഏറക്കുറെ ഉറപ്പാണ്. ബംഗ്ലദേശിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചിരുന്നത് ഇന്ത്യയ്‌ക്കെതിരായ മത്സരങ്ങളിലൂടെയാണ്. പണം നഷ്ടമായാലും കുഴപ്പമില്ല, അഭിമാനമാണ് മുഖ്യമെന്ന നിലപാടിലാണ് ബംഗ്ലദേശ് കായിക ഉപദേഷ്ടാവ് ആസിഫ് നസ്‌റുല്‍. ഇന്ത്യയില്‍ ലോകകപ്പ് കളിക്കില്ലെന്ന് പ്രഖ്യാപിച്ച ആസിഫ്, ബിസിസിഐയെയും ഐസിസിയെയും രൂക്ഷഭാഷയിലാണു വിമര്‍ശിച്ചത്. സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്നും ആസിഫ് നസ്‌റുല്‍ ആരോപിച്ചു.
''ബംഗ്ലദേശിലെ കോടിക്കണക്കിന് ആളുകള്‍ ആരും ലോകകപ്പ് കാണില്ല. ഐസിസിക്ക് വലിയ നഷ്ടം ഉണ്ടാകും. ബംഗ്ലദേശിനെപ്പോലെ ഒരു രാജ്യത്തെ ഒഴിവാക്കുന്നത് ഐസിസിയുടെ പരാജയമാണ്. ലോകകപ്പ് കളിക്കാം, പക്ഷേ ഇന്ത്യയില്‍ വേണ്ട എന്നതു മാത്രമാണു ഞങ്ങളുടെ ആവശ്യം. ശ്രീലങ്കയിലാണെങ്കില്‍ ടീമിനെ അയക്കാന്‍ തയാറാണ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഞങ്ങള്‍ക്ക് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ല. മുസ്തഫിസുറിനെ പുറത്താക്കിയ കാര്യത്തില്‍ ഖേദപ്രകടനമില്ല. ഞങ്ങളുടെ താരങ്ങളും ആരാധകരും മാധ്യമപ്രവര്‍ത്തകരും സംരക്ഷിക്കപ്പെടുമെന്നു ഉറപ്പു ലഭിച്ചിട്ടില്ല. ഞങ്ങളുടെ തീരുമാനം മാറ്റേണ്ട സാഹചര്യമല്ല ഇപ്പോഴുള്ളത്. ഐസിസിയും ബംഗ്ലദേശിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല.'' ആസിഫ് പ്രതികരിച്ചു.
ബംഗ്ലാദേശ് പേസ് ബൗളര്‍ മുസ്താഫിസുര്‍ റഹ്‌മാനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിപ്പിക്കേണ്ടെന്ന തീരുമാനമാണ് ടീമിനെ പ്രകോപിപ്പിച്ചത്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ ആക്രമണം നടക്കുന്നതിനാല്‍ അവിടെനിന്നുള്ള കളിക്കാരനെ ഐപിഎലില്‍ കളിപ്പിക്കുന്നതിനെതിരേ ഇന്ത്യയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ബംഗ്ലാദേശ് കളിക്കാര്‍ വേണ്ടെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചത്. കുറെക്കാലമായി ഇന്ത്യ പാകിസ്താനിലോ പാകിസ്താന്‍ ഇന്ത്യയിലോ ക്രിക്കറ്റ് കളിക്കാറില്ല.
ടൂര്‍ണമെന്റുകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരം നിഷ്പക്ഷ വേദിയിലായിരിക്കും. ലോകകപ്പിലെ ഇന്ത്യ-പാക് മത്സരം കൊളംബോയിലാണ്. ഈ രീതിയില്‍ തങ്ങളുടെ മത്സരങ്ങളും ക്രമീകരിക്കണമെന്നാണ് ആവശ്യം. ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, ഇന്ത്യയ്‌ക്കെതിരായ വികാരം ആളിക്കത്തിച്ച് രാഷ്ട്രീയ മുതലെടുപ്പിനും ശ്രമമുണ്ട്.


