ദുബായ്: ബംഗ്ലദേശിനെ പിന്തുണച്ച് ലോകകപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങുന്ന പാക്കിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്നും പിന്മാറിയാല്‍ അതേ സ്ഥാനത്ത് ബംഗ്ലദേശിനെ മത്സരിപ്പിക്കാനാണ് നീക്കം. ടൂര്‍ണമെന്റില്‍നിന്നു പാക്കിസ്ഥാന്‍ പിന്മാറുന്ന സാഹചര്യമുണ്ടായാല്‍ പകരം ബംഗ്ലദേശിനെ കളിപ്പിക്കാനാണ് ഐസിസി ആലോചിക്കുന്നത്. ലോകകപ്പ് ടൂര്‍ണമെന്റില്‍ പാക്കിസ്ഥാന്റെ പങ്കാളിത്തം സംബന്ധിച്ചുള്ള അന്തിമതീരുമാനം ഈ വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ പ്രഖ്യാപിക്കുമെന്നാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വി അറിയിച്ചത്.

ഇന്ത്യയിലും ശ്രീലങ്കയിലുമായി ഫെബ്രുവരി 7നാണ് ലോകകപ്പ് ആരംഭിക്കുന്നത്. തീരുമാനം പ്രഖ്യാപിക്കുന്നത് ഫെബ്രുവരി 2 വരെ നീട്ടി പരമാവധി സമ്മര്‍ദം ചെലുത്തുകയാണ് പിസിബിയുടെ ലക്ഷ്യമെന്നാണ് കരുതുന്നത്. ലോകകപ്പില്‍നിന്നു പൂര്‍ണമായും പിന്മാറുന്നതിനു പകരം സഹ-ആതിഥേയരായ ഇന്ത്യയുമായുള്ള മത്സരം മാത്രം ബഹിഷ്‌കരിക്കുന്നതിനെക്കുറിച്ചും പിസിബി ആലോചിക്കുന്നതായാണ് സൂചന. മുന്‍ധാരണപ്രകാരം ലോകകപ്പില്‍ പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദിയായ ശ്രീലങ്കയിലാണ്.

തങ്ങളുടെ മത്സരങ്ങളെല്ലാം ശ്രീലങ്കയില്‍ നടത്തണമെന്നായിരുന്നു ബംഗ്ലദേശിന്റെയും ആവശ്യം. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബംഗ്ലദേശിന്റെ ആവശ്യം. ഇതു നിരസിച്ചാണ് ബംഗ്ലദേശിനെ ഐസിസി ലോകകപ്പില്‍നിന്നു പുറത്താക്കിയത്. പകരം ഗ്രൂപ്പ് സിയില്‍ ബംഗ്ലദേശിനു പകരം സ്‌കോട്ലന്‍ഡിനെ ഉള്‍പ്പെടുത്തുകയും ചെയ്തു. സ്‌കോട്ലന്‍ഡ് ടീമിനെ പ്രഖ്യാപിച്ച് മത്സരത്തിനുള്ള തയ്യറെടുപ്പിലാണ്.

ബംഗ്ലദേശിനു പിന്തുണ നല്‍കിയാണ് ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ പാക്കിസ്ഥാന്‍ ആലോചിക്കുന്നത്. അങ്ങനെ പിന്മാറിയാല്‍ പാക്കിസ്ഥാന്‍ പകരം ഗ്രൂപ്പ് എയില്‍ ബംഗ്ലദേശിനെ കൊണ്ടുവന്നു പ്രശ്‌നപരിഹരിക്കാനാണ് ഐസിസി പദ്ധതിയിടുന്നത്. ശ്രീലങ്കയില്‍ മത്സരങ്ങള്‍ നടത്തണമെന്ന ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഇതോടെ സാങ്കേതിക തടസങ്ങളില്ലാതെ നടപ്പിലാക്കാനും ഐസിസിക്ക് സാധിക്കും.

ലോകകപ്പില്‍നിന്ന് ബംഗ്ലദേശിനെ പുറത്താക്കിയതിനു പിന്നാലെ മുഴക്കിയ ബഹിഷ്‌കരണ ഭീഷണിയില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) യഥാര്‍ഥത്തില്‍ പെട്ടിരിക്കുകയാണ്. ഐസിസി കര്‍ശന മുന്നറിയിപ്പ് നല്‍കിയതോടെയാണ് ടീമിനെ പ്രഖ്യാപിച്ചത്. പിന്മാറിയാലുള്ള നഷ്ടം താങ്ങാനും വയ്യ, പിന്മാറിയില്ലെങ്കിലുള്ള നാണക്കേട് സഹിക്കുകയും വേണം എന്ന നിലയിലാണ് അവര്‍. ഇതിനിടെയാണ് ലോകകപ്പില്‍നിന്നു പിന്മാറാനുള്ള കാരണമായി പാക്കിസ്ഥാന്‍ ചൂണ്ടിക്കാട്ടുന്ന ബംഗ്ലദേശിനെ തന്നെ കൊണ്ടുവന്ന് പിസിബിയെ വെട്ടിലാക്കാന്‍ ഐസിസി നീക്കം നടത്തുന്നത്. ഇതോടെ പിന്‍മാറ്റം കൊണ്ടുണ്ടാവുന്ന രാഷ്ടീയ നേട്ടവും പാകിസ്ഥാന് നഷ്ടമാവും.

വിഷയത്തില്‍ പാകിസ്ഥാന്‍ അനാവശ്യമായി ഇടപെടുകയാണെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല കുറ്റപ്പെടുത്തി. ബംഗ്ലാദേശ് ലോകകപ്പ് കളിക്കണമെന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. അവര്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം മത്സരക്രമം മാറ്റാന്‍ കഴിയില്ല. പാകിസ്ഥാന്‍ ഒരു കാരണവുമില്ലാതെ ബംഗ്ലാദേശിനെ പ്രകോപിപ്പിക്കാനും വഴിതെറ്റിക്കാനുമാണ് ശ്രമിക്കുന്നതെന്ന് ശുക്ല വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

കാത്തിരിക്കുന്നത് കനത്ത തിരിച്ചടി

ഐസിസിയില്‍ നിന്ന് പാകിസ്ഥാന് ലഭിക്കേണ്ട വാര്‍ഷിക വരുമാന വിഹിതമായ 34.5 ദശലക്ഷം ഡോളര്‍ (ഏകദേശം 966 കോടി പാകിസ്ഥാനി രൂപ) ഐസിസി തടഞ്ഞുവെക്കും. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) കളിക്കാന്‍ വിദേശ താരങ്ങള്‍ക്ക് അംഗരാജ്യങ്ങള്‍ എന്‍ഒസി നല്‍കില്ല. ഇത് ലീഗിന്റെ വാണിജ്യ മൂല്യം തകര്‍ക്കും. വരാനിരിക്കുന്ന ഏഷ്യാ കപ്പുകളില്‍ നിന്ന് പാകിസ്ഥാനെ വിലക്കാനും മറ്റ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി പരമ്പരകള്‍ റദ്ദാക്കാനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ഒറ്റപ്പെടാനും സാധ്യതയുണ്ട്.

ഐസിസിയില്‍ നിന്ന് പാകിസ്ഥാന് ലഭിക്കേണ്ട വാര്‍ഷിക വരുമാന വിഹിതമായ 34.5 ദശലക്ഷം ഡോളര്‍ (ഏകദേശം 966 കോടി പാകിസ്ഥാനി രൂപ) ഐസിസി തടഞ്ഞുവെക്കും. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) കളിക്കാന്‍ വിദേശ താരങ്ങള്‍ക്ക് അംഗരാജ്യങ്ങള്‍ എന്‍ഒസി നല്‍കില്ല. ഇത് ലീഗിന്റെ വാണിജ്യ മൂല്യം തകര്‍ക്കും. വരാനിരിക്കുന്ന ഏഷ്യാ കപ്പുകളില്‍ നിന്ന് പാകിസ്ഥാനെ വിലക്കാനും മറ്റ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി പരമ്പരകള്‍ റദ്ദാക്കാനും അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്ഥാന്‍ ഒറ്റപ്പെടാനും സാധ്യതയുണ്ട്.