തിരുവനന്തപുരം: അനന്തപുരി ക്രിക്കറ്റ് ആവേശത്തിന്റെ കൊടുമുടിയില്‍. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി 20 പോരാട്ടം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അല്‍പ്പസമയത്തിനുള്ളില്‍ ആരംഭിക്കും. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുത്തു. പരമ്പര നേരത്തെ തന്നെ 3-1ന് ഇന്ത്യ സ്വന്തമാക്കിയെങ്കിലും, ലോകകപ്പിന് മുന്‍പുള്ള ഈ അവസാന അങ്കം ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്.

സഞ്ജുവിന് 'അഗ്‌നിപരീക്ഷ'

മലയാളി ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത് സഞ്ജു സാംസണിലേക്കാണ്. സ്വന്തം നാട്ടില്‍, സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങുന്ന സഞ്ജുവിന് ഇന്ന് പിഴച്ചാല്‍ അത് കരിയറിനെ തന്നെ ബാധിച്ചേക്കാം. കഴിഞ്ഞ നാല് മത്സരങ്ങളില്‍ നിന്ന് വെറും 40 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. വിക്കറ്റ് കീപ്പറായും ഓപ്പണറായും ഇന്ന് ടീമിലുള്ള സഞ്ജുവിന് ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിക്കാന്‍ ഈ ഒരു പ്രകടനം അത്യന്താപേക്ഷിതമാണ്. കാര്യവട്ടത്തെ ഗാലറി മുഴുവന്‍ സഞ്ജുവിനായി ആര്‍ത്തുവിളിക്കുമ്പോള്‍ അത് താരത്തിന് കരുത്താകുമോ അതോ സമ്മര്‍ദ്ദമാകുമോ എന്നാണ് കണ്ടറിയേണ്ടത്.

വടകരയിലെ മണ്ണില്‍ റണ്‍മഴ പെയ്യുമോ?

കാര്യവട്ടം സ്റ്റേഡിയത്തിലെ പിച്ചിന് ഇത്തവണ ഒരു പ്രത്യേകതയുണ്ട്. വടകരയില്‍ നിന്ന് പ്രത്യേകമായി എത്തിച്ച കളിമണ്ണ് ഉപയോഗിച്ചാണ് പിച്ച് നവീകരിച്ചിരിക്കുന്നത്. നേരത്തെ വനിതാ ടീമുകള്‍ ഇവിടെ കളിച്ചപ്പോള്‍ 200-ന് മുകളില്‍ സ്‌കോര്‍ പിറന്നിരുന്നു. അതുകൊണ്ട് തന്നെ കാര്യവട്ടത്ത് ഇന്ന് റണ്‍മഴ പെയ്യുമെന്നാണ് ക്യുറേറ്റര്‍ നല്‍കുന്ന സൂചന. പരിക്കിനെ തുടര്‍ന്ന് വിട്ടുനിന്ന ഇഷാന്‍ കിഷനും അക്ഷര്‍ പട്ടേലും ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തിയിട്ടുണ്ട്.

കാര്യവട്ടം: ഇന്ത്യയുടെ ഭാഗ്യ മൈതാനം

ഇതുവരെ കാര്യവട്ടത്ത് നടന്ന ഒന്‍പത് അന്താരാഷ്ട്ര മത്സരങ്ങളില്‍ എട്ടിലും ജയിച്ച ചരിത്രമാണ് ഇന്ത്യയ്ക്കുള്ളത്. ഒരിക്കല്‍ മാത്രമാണ് ഇവിടെ ഇന്ത്യ തോല്‍വി അറിഞ്ഞത്. 2017-ല്‍ കാര്യവട്ടത്തെ ആദ്യ രാജ്യാന്തര മത്സരത്തിലും എതിരാളികള്‍ ന്യൂസിലന്‍ഡ് ആയിരുന്നു. അന്ന് ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. വിശാഖപട്ടണത്തെ കഴിഞ്ഞ മത്സരത്തില്‍ 50 റണ്‍സിന് തോറ്റതിന്റെ ക്ഷീണം തീര്‍ക്കാന്‍ സൂര്യയും സംഘവും ഇന്ന് സര്‍വ്വശക്തിയുമെടുത്ത് പോരാടുമെന്നുറപ്പ്.

അക്ഷര്‍ പട്ടേലും ഇഷാന്‍ കിഷനും വരുണ്‍ ചക്രവര്‍ത്തിയും ഇന്ത്യന്‍ ഇലവനില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡ് നിരയില്‍ നാല് മാറ്റങ്ങളുണ്ട്. കോണ്‍വേയ്ക്ക് പകരം ഫിന്‍, ചാപ്മാന് പകരം ജേക്കബ്‌സ്, കെജെ വീണ്ടും, ഹെന്റിക്ക് പകരം ലോക്കി വീണ്ടും. ഹെന്റി പുറത്തായത് മുന്‍കരുതല്‍. സഞ്ജു സ്വന്തം നാട്ടില്‍ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നുവെന്ന സവിശേഷതയുമുണ്ട്. മത്സരത്തിന്റെ ടിക്കറ്റ് ഒറ്റദിവസംകൊണ്ട് മുഴുവന്‍ വിറ്റുതീര്‍ന്നിരുന്നു.