തിരുവനന്തപുരം: സഞ്ജു സാംസണ്‍ തുടക്കത്തില്‍ വീണിട്ടും കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആരാധകര്‍ക്കു ബാറ്റിങ് വിരുന്നൊരുക്കി ഇന്ത്യന്‍ ടീം. ന്യൂസീലന്‍ഡിനെതിരായ അഞ്ചാം ട്വന്റി20യില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തു. ന്യൂസീലന്‍ഡിന് 272 റണ്‍സ് വിജയലക്ഷ്യം. സെഞ്ചറി നേടിയ ഇഷാന്‍ കിഷനാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 43 പന്തുകള്‍ നേരിട്ട ഇഷാന്‍ 103 റണ്‍സെടുത്തു പുറത്തായി. ഇഷാന്‍ കിഷന് പുറമെ അര്‍ധ സെഞ്ചുറി നേടിയ നായകന്‍ സൂര്യകുമാര്‍ യാദവിന്റെയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയുടേയും ബാറ്റിംഗ് കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചത്.

10 സിക്‌സുകളും ആറു ഫോറുകളുമാണ് ഇഷാന്‍ കാര്യവട്ടത്ത് ബൗണ്ടറി കടത്തിയത്. 28 പന്തുകളില്‍ അര്‍ധ സെഞ്ചറിയിലെത്തിയ ഇഷാന്‍ പിന്നീടുള്ള 14 പന്തുകളിലാണ് 100 തൊട്ടത്. 30 പന്തില്‍ 63 റണ്‍സെടുത്ത ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഇന്ത്യയ്ക്കായി തിളങ്ങി. അഭിഷേക് ശര്‍മ (16 പന്തില്‍ 30), ഹാര്‍ദിക് പാണ്ഡ്യ (17 പന്തില്‍ 42) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി.

'വീട്ടുമുറ്റത്ത്' നടന്ന മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ മാത്രമാണ് ഇന്ത്യയ്ക്കു വേണ്ടി തിളങ്ങാനാകാതെ പോയത്. ആറു പന്തുകള്‍ നേരിട്ട സഞ്ജു ആറ് റണ്‍സെടുത്തു പുറത്തായി. മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ലോക്കി ഫെര്‍ഗൂസനെ കവറിനു മുകളിലൂടെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ച സഞ്ജുവിനു പിഴയ്ക്കുകയായിരുന്നു. ബെവന്‍ ജേക്കബ്‌സ് ക്യാച്ചെടുത്താണ് സഞ്ജുവിന്റെ മടക്കം. മികച്ച തുടക്കം ലഭിച്ച അഭിഷേക് രണ്ടു സിക്‌സുകളും നാലു ഫോറുകളും ബൗണ്ടറി കടത്തിയെങ്കിലും ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ പുറത്തായി മടങ്ങുകയായിരുന്നു.

ഇഷാനും സൂര്യകുമാറും ക്രീസില്‍ ഒന്നിച്ചതോടെ ഇന്ത്യന്‍ സ്‌കോറിങ് കുതിച്ചു. 9.5 ഓവറില്‍ ഇന്ത്യ 100 പിന്നിട്ടു. മത്സരത്തിലെ 12-ാം ഓവറിലായിരുന്നു ഇഷാന്റെ ബാറ്റിംഗ് വെടിക്കെട്ട് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. കിവീസ് സ്പിന്നര്‍ ഇഷ് സോധിയെ ഒരോവറില്‍ നാല് ഫോറും രണ്ട് സിക്‌സറുമടക്കം 28 റണ്‍സിനാണ് ഇഷാന്‍ കൂട്ടിച്ചേര്‍ത്തത്. താരത്തിന്റൈ പ്രകടനത്തെ 'കൊല ഫോം' എന്നാണ് കമന്ററി ബോക്‌സില്‍ സുനില്‍ ഗാവസ്‌കര്‍ വിശേഷിപ്പിച്ചത്. വെറും 57 പന്തില്‍ നിന്ന് 137 റണ്‍സിന്റെ കൂറ്റന്‍ പാര്‍ട്ണര്‍ഷിപ്പാണ് സൂര്യ-ഇഷാന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.

അര്‍ധ സെഞ്ചറി നേടിയ സൂര്യയെ മിച്ചല്‍ സാന്റ്‌നറിന്റെ 15ാം ഓവറില്‍ ടിം സിഫര്‍ട്ട് സ്റ്റംപ് ചെയ്തു പുറത്താക്കി. 42 പന്തുകളില്‍നിന്നാണ് ഇഷാന്‍ കിഷന്‍ സെഞ്ചറിയിലെത്തിയത്. സെഞ്ചറി നേടിയതിനു പിന്നാലെ ഇഷാന്‍ പുറത്തായി മടങ്ങി.

സ്‌കോര്‍ 260 പിന്നിട്ടതിനു പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ വീണു. കൈല്‍ ജെയ്മീസണിന്റെ പന്തിലായിരുന്നു പാണ്ഡ്യയുടെ മടക്കം. റിങ്കു സിങ്ങും (എട്ട്), ശിവം ദുബെയും (ഏഴ്) ഇന്ത്യന്‍ നിരയില്‍ പുറത്താകാതെനിന്നു. ന്യൂസീലന്‍ഡിനായി ലോക്കിഫെര്‍ഗൂസന്‍ രണ്ടും, ജേക്കബ് ഡഫി, കൈല്‍ ജെയ്മീസന്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവുംവീഴ്ത്തി.