- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്നാഹ മത്സരമല്ല മോനേ, ഇത് ലോകകപ്പ്! വാംഖഡെയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയെ വിറപ്പിച്ച് യുഎസ്എ! അഭിഷേകും ദുബെയും 'ഗോള്‍ഡന്‍ ഡക്ക്'; രക്ഷകനായി സൂര്യകുമാര്‍; 49 പന്തില്‍ 84 റണ്‍സുമായി പട നയിച്ച് ക്യാപ്റ്റന്; 162 റണ്‍സ് വിജയലക്ഷ്യം

മുംബൈ: ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കെതിരെ അമേരിക്കക്ക് 162 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 49 പന്തില്‍ 84 റണ്‍സുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. വാംഖഡെയില്‍ ബാറ്റിംഗ് വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കുന്ന പ്രകടനമാണ് ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ പുറത്തെടുത്തത്. സൗരഭ് നേത്രാവല്‍ക്കര്‍ എറിഞ്ഞ അവസാന ഓവറില്‍ 21റണ്‍സടിച്ച സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ 150 കടത്തിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ തുടക്കത്തില്‍ തന്നെ യുഎസ്എ ബോളര്‍മാര്‍ ഞെട്ടിച്ചു. ആദ്യ ഓവറില്‍ സൗരഭ് നേത്രവല്‍ക്കറിനെ നേരിട്ട ഇഷാന്‍ കിഷന്‍ ശരിക്കും വിയര്‍ത്തു. ആദ്യ പന്തുകളില്‍ ടച്ച് കിട്ടാന് ബുദ്ധിമുട്ടിയ ഇഷാന്‍, അഞ്ചാം പന്തില്‍ ഒരു സിക്‌സര്‍ പറത്തി താളം കണ്ടെത്തി. അലി ഖാന്‍ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ കിഷന്‍ സിംഗിളെടുത്ത് സ്‌ട്രൈക്ക് അഭിഷേകിന് കൈമാറി. അഭിഷേകിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകരെ നിരാശരാകുന്നതാണ് പിന്നീട് കണ്ടത്. കവറിന് മുകളിലൂടെയുള്ള അഭിഷേകിന്റെ ട്രേഡ് മാര്‍ക്ക് ഷോട്ടിനായി അമേരിക്കന്‍ ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേല്‍ ഡീപ് കവറില്‍ ഫീല്‍ഡ് സെറ്റ് ചെയ്തിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ അലി ഖാനെ കവറിന് മുകളിലൂടെ തൂക്കിയടിച്ച അഭിഷേക് സഞ്ജയ് കൃഷ്ണമൂര്‍ത്തിയുടെ കൈകളില്‍ ഒതുങ്ങിയതോടെ ഇന്ത്യ ഞെട്ടി. ട്വന്റി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ഡന്‍ ഡക്കാകുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് അഭിഷേക്. ഗൗതം ഗംഭീര്‍,ആശിഷ് നെഹ്‌റ, ഷാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ഹൂഡ എന്നിവരാണ് ഇതിനു മുന്‍പ് ഇങ്ങനെ പുറത്തായവര്‍.
എന്നാല്‍ ഇന്ത്യ വിറക്കാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളു. രണ്ടാം വിക്കറ്റില്‍ ഇഷാനും തിലകും ചേര്‍ന്ന് വമ്പന്‍ അടികളുമായി ഇന്നിങ്‌സ് മുന്നോട്ടു നീക്കിയെങ്കിലും ആറാം ഓവര്‍ എറിയാന്‍ എത്തിയ ഷഡ്ലി വാന്‍ ഷാല്‍ക്വിക്ക് ഇന്ത്യയ്ക്ക് കനത്ത പ്രഹരമാണ് നല്‍കിയത്. പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് രണ്ടാം പന്തില്‍ ഇഷാന്‍ കിഷനെയും(16 പന്തില്‍ 20) അഞ്ചാം പന്തില്‍ തിലക് വര്‍മയെയും(16 പന്തില്‍ 25) അടുത്ത പന്തില്‍ ശിവം ദുബെയെയും പുറത്താക്കി പവര്‍ പ്ലേയില്‍ ഇന്ത്യയെ 46-4ലേക്ക് തള്ളിയിട്ടു. ഒരു റണ്‍സിനിടെയാണ് മൂന്നു വിക്കറ്റും വീണത്. ഇതോടെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 4ന് 46 എന്ന നിലയിലായി ഇന്ത്യ. 2024 ട്വന്റി20 ലോകകപ്പിനു ശേഷം ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ പവര്‍പ്ലേ സ്‌കോറാണിത്.
റിങ്കു സിംഗും ക്യാപ്റ്റന് സൂര്യകുമാര്‍ യാദവും ഇന്ത്യയുടെ രക്ഷകരാകുമെന്ന് കരുതിയെങ്കിലും പന്ത്രണ്ടാം ഓവറില്‍ സ്‌കോര്‍ 72ല്‍ നില്‍ റിങ്കുവിനെ(6) മൊഹമ്മദ് മൊഹ്‌സിന്‍ മടക്കി. ഹാര്‍ദ്ദിക് പാണ്ഡ്യയില്‍ നിന്ന് വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി ആറ് പന്തില്‍ അഞ്ച് റണ്‍സെടുത്ത ഹാര്‍ദ്ദിക്കിനെ ഹര്‍മീത് സിംഗ് വീഴ്ത്തിയതോടെ ഇന്ത്യ 77-6ലേക്ക് കൂപ്പുകുത്തി. ഇതോടെ ഇന്ത്യ ശരിക്കും പ്രതിരോധത്തിലായി. ഏഴാം വിക്കറ്റില്‍ ഒന്നിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വൈസ് ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍ സഖ്യമാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് 41 റണ്‍സ് കൂട്ടിചേര്‍ത്തു. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും വലിയ പാര്‍ട്ണര്‍ഷിപ്പും ഇതും തന്നെ.
11 പന്തില്‍ 14 റണ്‍സെടുത്ത അക്ഷറിനെ, 17ാം ഓവറില്‍ ഹര്‍മീത് സിങ് മടക്കി. പിന്നീടെത്തിയ അര്‍ഷ്ദീപ് സിങ് (6 പന്തില്‍ 4) ഒരറ്റത്ത് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും 19ാം ഓവറില്‍ ഷഡ്ലി വാന്‍ ഷാല്‍ക്വിക്ക് പുറത്താക്കുകയായിരുന്നു. അവസാന ഓവറില്‍ രണ്ടു സിക്‌സും രണ്ടു ഫോറും സഹിതം 21 റണ്‍സ് അടിച്ചുകൂട്ടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ സ്‌കോര്‍ 160 കടത്തിയത്. പത്താമനായി ഇറങ്ങിയ വരുണ്‍ ചക്രവര്‍ത്തി (0) അവസാന പന്തില്‍ റണ്ണൗട്ടായി. 49 പന്തില്‍ 84 റണ്‍സെടുത്ത സൂരയകുമാര്‍ 10 ഫോറും നാലു സിക്‌സും പറത്തി. അമേരിക്കക്കായി ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് 25 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്തപ്പോള്‍ ഹര്‍മീത് സിംഗ് രണ്ട് വിക്കറ്റെടുത്തു.


