- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാംഖഡെയെ നിശബ്ദമാക്കിയ ആ മൂന്ന് വിക്കറ്റ്; മൂക്കുകുത്തി വീണത് ഇഷാനും തിലകും ദുബെയും; പവര്‍ പ്ലേയില്‍ ഇന്ത്യയുടെ നടുവൊടിച്ച ഷാഡ്ലി വാല് ഷാല്‍ക്വിക്; കാലിസിന്റെ കളരിയില്‍ പയറ്റി തെളിഞ്ഞിട്ടും അമേരിക്കയിലേക്ക് പലായനം ചെയ്ത ദക്ഷിണാഫ്രിക്കന്‍ താരം

മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ട്വന്റി 20 ലോകകപ്പ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ വിറപ്പിക്കുന്ന പ്രടനമായിരുന്നു അമേരിക്കന്‍ താരങ്ങളുടേത്. വാംഖഡെയില്‍ ഇന്ത്യന്‍ ബാറ്റരുടെ ആറാട്ട് കാണാനെത്തിയ പതിനായരങ്ങളെ നിശബ്ദരാക്കിയാണ് ദക്ഷിണാഫ്രിക്കന്‍ വംശജനായ ഷാല്‍ക്വിക് പവര്‍ പ്ലേയിലെ അവസാന ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ എറിഞ്ഞിട്ട് ഇന്ത്യയുടെ നടുവൊടിച്ചത്. ടൂര്‍ണമെന്റിലെ ഹോട്ട് ഫേവറിറ്റുകളായ ഇന്ത്യയെ പവര്‍പ്ലേയില്‍ തന്നെ 46/4 എന്ന നിലയിലേക്ക് തള്ളിയിട്ട 37-കാരനായ ഷാല്‍ക്വിക് ശരിക്കും ഞെട്ടിച്ചു.
രണ്ടാം ഓവറില്‍ അഭിഷേക് ശര്‍മ്മയെ (0) പുറത്താക്കി അലി ഖാന്‍ തുടങ്ങിയ തകര്‍ച്ച ഷാല്‍ക്വിക് ഏറ്റെടുക്കുകയായിരുന്നു. മത്സരത്തിലെ ആറാം ഓവറിലായിരുന്നു വാന്‍ ഷാല്‍ക്വിക്കിന്റെ മാന്ത്രിക പ്രകടനം. രണ്ടാം പന്തില്‍ ഇഷാന്‍ കിഷന്‍ (20) ഷാല്‍ക്വിക്കിന്റെ സ്ലോ ബോളില്‍ വീണു. അപകടകാരിയായ തിലകിനെ ഷോര്‍ട്ട് ബോളിലൂടെ ഷാല്‍ക്വിക് മടക്കി. ശിവം ദുബെ (0) പൂജ്യത്തിന് പുറത്തായി. ദുബെയെ നേരിട്ട ആദ്യ പന്തില്‍ തന്നെ മറ്റൊരു സ്ലോ ബോളിലൂടെ പുറത്താക്കിയതോടെ ഇന്ത്യ പകച്ചു. തന്റെ ആദ്യ മൂന്ന് ഓവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത ഷാല്‍ക്വിക് ഇന്ത്യയെ വരിഞ്ഞു മുറുക്കുകയും ചെയ്തു.
ഷാഡ്ലി വാന്‍ ഷാല്‍ക്വിക് എന്ന 37-കാരന്റെ ജീവിതം ഏതൊരു സിനിമാക്കഥയെയും വെല്ലുന്നതാണ്. 1988-ല്‍ ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ ജനിച്ച വാന്‍ ഷാല്‍ക്വിക് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം ജാക്വസ് കാലിസ് പഠിച്ച വൈന്‍ബെര്‍ഗ് അബോയ്‌സ് ഹൈസ്‌കൂളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ദക്ഷിണാഫ്രിക്കയുടെ അണ്ടര്‍-19 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, പ്രായപരിധിയുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാല്‍ 2009-ലെ അണ്ടര്‍-19 ലോകകപ്പില്‍ കളിക്കാന്‍ ഷാല്‍ക്വിക്കിന് കഴിഞ്ഞില്ല. തൊട്ടുപിന്നാലെ ആദ്യ പ്രൊഫഷണല്‍ കരാറും നഷ്ടമായതോടെ ക്രിക്കറ്റ് കരിയര്‍ തന്നെ അവസാനിപ്പിക്കാന്‍ ഷാല്‍ക്വിക് ആലോചിച്ചിരുന്നു.
എന്നാല്‍ കുടുംബാംഗങ്ങളുടെയും പരിശീലകരുടെയും അകമഴിഞ്ഞ പിന്തുണയോടെ ക്രിക്കറ്റില്‍ തുടര്‍ന്ന ഷാല്‍ക്വിക് ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ക്രിക്കറ്റില്‍ നൈറ്റ്സ്, ഫ്രീ സ്റ്റേറ്റ് ടീമുകളുടെ വിശ്വസ്തനായ ഓള്‍റൗണ്ടറായി. 97 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 2,593 റണ്‍സും 239 വിക്കറ്റുകളും ഷാല്‍ക്വിക് നേടി. എന്നിട്ടും ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമില്‍ ഇടം ലഭിക്കാതിരുന്നതോടെ 2020-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കയില്‍ മൈനര്‍ ലീഗിലൂടെ കളി തുടങ്ങിയ ഷാല്‍ക്വിക് മേജര്‍ ലീഗ് ക്രിക്കറ്റില്‍ ലോസ് ഏഞ്ചല്‍സ് നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി. 2024 ഏപ്രിലില്‍ അമേരിക്കയ്ക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. ഐഎല്‍ടി20യില്‍ അബുദാബി നൈറ്റ് റൈഡേഴ്സിന് വേണ്ടിയും ഷാല്‍ക്വിക് കളിക്കുന്നുണ്ട്.
2024 ഏപ്രിലില്‍ യുഎസിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചതിനുശേഷം, ഷാല്‍ക്വിക്ക് അവരുടെ വിശ്വസ്തനായ ബൗളറായി മാറി. പ്രത്യേകിച്ചും സമ്മര്‍ദ ഘട്ടങ്ങളില്‍. 2024 ടി20 ലോകകപ്പില്‍ പാകിസ്താനെ അട്ടിമറിച്ച ടീമിലും ഷാല്‍ക്വിക്കുണ്ടായിരുന്നു. ഫ്രാഞ്ചൈസി ക്രിക്കറ്റിലെ സ്ഥിരം സാന്നിധ്യമായ ഷാല്‍ക്വിക്ക് ഐഎല്‍ടി20യില്‍ അബുദാബി നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ്. യുഎസിനായി ഇതുവരെ 13 ഏകദിനങ്ങളിലും 14 ടി20 മത്സരങ്ങളിലും കളത്തിലിറങ്ങിയിട്ടുണ്ട്.
വാംഖഡെയിലെ ബാറ്റിംഗ് പിച്ചില്‍ ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത യുഎസ്എ ക്യാപ്റ്റന്‍ മൊണാങ്ക് പട്ടേലിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ഷാല്‍ക്വിക്കിന്റെ സ്‌പെല്‍. ലോകകപ്പില്‍ നിലവിലെ ജേതാക്കള്‍, ലോകറാങ്കിങ്ങിലെ ഒന്നാംസ്ഥാനക്കാര്‍, ബാറ്റര്‍മാരില്‍ ഒന്നാം റാങ്കുകാരന്റെ ടീം, ഏത് ബൗളിങ് നിരയേയും പഞ്ഞിക്കിടാന്‍ പോന്നവര്‍, 20 ഓവറില്‍ 300 റണ്‍സടിക്കുമെന്ന് ക്രിക്കറ്റ് ലോകം ഉറപ്പിച്ച ടീം, ടി20 ക്രിക്കറ്റ് കണക്കുകളില്‍ ഇപ്പോള്‍ ഇന്ത്യക്ക് തുല്യരായി ഇന്ന് ക്രിക്കറ്റ് ലോകത്ത് ആരുമില്ല. എന്നാല്‍, ആ വമ്പന്‍ ബാറ്റിങ് നിരയെ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ വിറപ്പിച്ചത് യുഎസ്എ എന്ന അസോസിയേറ്റ് രാജ്യമാണ്. ആ അവസ്ഥയ്ക്ക് കാരണമായതോ ഒരു ദക്ഷിണാഫ്രിക്കന്‍ വംശജനും.


