- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനെതിരെ അഭിഷേക് ശര്‍മ കളിക്കുമോ? അടിച്ചുതകര്‍ക്കാന്‍ സഞ്ജുവിന് ഒരു അവസരം കൂടി; റിങ്കു സിംഗ് പുറത്താകും; പകരമെത്തുക ഓള്‍റൗണ്ടര്‍; ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ക്ക് സാധ്യത; സഞ്ജുവിനെ കളിപ്പിക്കണമെന്ന് മുഹമ്മദ് കൈഫും

കൊളംബോ: ട്വന്റി 20 ലോകകപ്പില്‍ ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും നാളെ ഏറ്റുമുട്ടാനിരിക്കെ ഇന്ത്യന്‍ ടീമിന്റെ പ്ലേയിംഗ് ഇലവനെപ്പറ്റിയാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് ഇടയില്‍ ചര്‍ച്ച. ആവേശപ്പോരാട്ടത്തില്‍ ഓപ്പണറായി അഭിഷേക് ശര്‍മ പ്ലേയിംഗ് ഇലവനിലുണ്ടാകുമോ അതോ സഞ്ജു സാംസണ്‍ ഓപ്പണറായി തുടരുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. അസുഖബാധിതനായ അഭിഷേക് ശര്‍മ സുഖം പ്രാപിച്ചുവരികയാണെങ്കിലും വരാനിരിക്കുന്ന നിര്‍ണായക സൂപ്പര്‍ 8 പോരാട്ടങ്ങള്‍ കണക്കിലെടുത്ത് പാകിസ്ഥാനെതിരെ അഭിഷേകിനെ കളിപ്പിക്കാന്‍ ഇറക്കണോ എന്ന ആശങ്ക ഇന്ത്യന്‍ ക്യാമ്പിലുണ്ട്. അതുകൊണ്ട് തന്നെ പാകിസ്ഥാനെതിരെ സഞ്ജു സാംസണെ തന്നെ ഓപ്പണറായി കളിപ്പിക്കാനാണ് സാധ്യത. നമീബിയക്കെതിരായ മത്സരത്തിന്റെ ടോസ് സമയത്ത് അഭിഷേക് ഒന്നോ രണ്ടോ മത്സരം പുറത്തിരിക്കുമെന്നായിരുന്നു ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയത്. പാക് ടീമിലെ ഓഫ് സ്പിന്നറായ ഉസ്മാന്‍ താരിഖിന്റെ വെല്ലുവിളി നേരിടാന്‍ വലം കൈയന്‍ ബാറ്റര്‍ വേണമെന്നതും സഞ്ജുവിന്റെ സാധ്യത കൂട്ടുന്നു.
നമീബിയക്കെതിരെ നടത്തിയ ബാറ്റിംഗ് വെടിക്കെട്ട് ഇഷാന്‍ കിഷന്റെ ടീമിലെ ഓപ്പണര്‍ സ്ഥാനം ഒന്നു കൂടി ഉറപ്പിച്ചിട്ടുണ്ട്. കൊളംബോയിലെ സ്ലോ പിച്ചില്‍ പാകിസ്ഥാനെതിരെ ഇഷാന്‍ കിഷന്‍ നല്‍കുന്ന വെടിക്കെട്ട് തുടക്കം ഇന്ത്യക്ക് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തുന്നത്. യു.എസ്.എക്കെതിരെ അഭിഷേക് ശര്‍മയും ഇഷാന്‍ കിഷനുമാണ് ഇന്ത്യക്കുവേണ്ടി ഓപ്പണിങ്ങിനിറങ്ങിയത്. ശര്‍മ നേരിട്ട ആദ്യപന്തില്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ഇഷാന്‍ 16 പന്തില്‍ 20 റണ്‍സെടുത്തു. എന്നാല്‍, അഭിഷേക് പനി കാരണം വിശ്രമത്തിലായതോടെ ഇഷാനൊപ്പം സഞ്ജുവാണ് നമീബിയക്കെതിരെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. എട്ടുപന്തില്‍ ഒരു ഫോറും മൂന്നു സിക്‌സുമടക്കം 22 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. ഇഷാന്‍ 24 പന്തില്‍ 64 റണ്‍സ് നേടി. അസുഖം ഭേദമായാല്‍ പാക്കിസ്ഥാനെതിരെ നാളെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ അഭിഷേക് തിരിച്ചുവരും. ഇന്ത്യന്‍ ടീമില്‍ ആധികാരിക പ്രകടനം പുറത്തെടുത്താല്‍പോലും സ്ഥാനം ഉറപ്പില്ലാത്ത ചരിത്രമുള്ള സഞ്ജുവിന് വഴിമാറിക്കൊടുക്കേണ്ടിവരും. എന്നാല്‍, ഫോമിലായാല്‍ എതിരാളികളെ തച്ചുതകര്‍ക്കാന്‍ കെല്‍പുള്ള സഞ്ജുവിനെ ടീമില്‍ നിലനിര്‍ത്തണമെന്നാണ് ക്രിക്കറ്റ് വിദഗ്ദരുടെയടക്കം അഭിപ്രായം. അവരിലൊരാളാണ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ മുഹമ്മദ് കൈഫ്. അഭിഷേക് തിരിച്ചെത്തിയാലും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും അതിനുള്ള വഴിയുണ്ടെന്നും തന്റെ യൂട്യൂബ് ചാനലില്‍ കൈഫ് വിശദീകരിക്കുന്നു.
'നമീബിയക്കെതിരെ എട്ട് പന്തുകളില്‍ നിന്ന് 22 റണ്‍സ് നേടിയ തുടക്കമാണ് സഞ്ജു നല്‍കിയത്. അദ്ദേഹം വളരെ ആക്രമണാത്മകമായി കളിച്ചു എന്നാണ് അതിനര്‍ഥം. സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ എവിടെയെങ്കിലും ഉള്‍പ്പെടുത്താന്‍ കഴിയുമോ അഭിഷേക് ശര്‍മ ഇന്നിങ്‌സ് ഓപണ്‍ ചെയ്യട്ടെ. പക്ഷേ റിങ്കു സിങ്ങിന്റെ സ്ഥാനത്ത് സഞ്ജുവിനെ കൊണ്ടുവരാന്‍ കഴിയുമോ തീര്‍ച്ചയായും എന്നാണ് എന്റെ ഉത്തരം. റിങ്കു ലോകകപ്പുകളില്‍ അധികം കളിച്ചിട്ടില്ല, രണ്ട് മത്സരങ്ങളില്‍ മാത്രമാണ് കളത്തിലിറങ്ങിയത്. അവന്‍ മികച്ച കളിക്കാരനാണെന്നതില്‍ ഒരു സംശയവുമില്ല. പക്ഷേ, സഞ്ജു പരിചയസമ്പന്നനായ ബാറ്റ്സ്മാനാണ്. കൂടാതെ ഒട്ടേറെ മത്സരങ്ങളില്‍ ക്യാപ്റ്റനായിരുന്ന പരിചയവുമുണ്ട്. അതുകൊണ്ട് റിങ്കുവിന് പകരം സഞ്ജുവിനെ നിങ്ങള്‍ക്ക് ഉള്‍പ്പെടുത്തിക്കൂടേ' -കൈഫ് അഭിപ്രായപ്പെടുന്നു.
റിങ്കു തന്റെ താളം കണ്ടെത്തിയിട്ടില്ലെന്നും ലോകകപ്പിന്റെ സമ്മര്‍ദത്തിന് അടിപ്പെട്ടുപോകുന്നുവെന്നും കൈഫ് ചൂണ്ടിക്കാട്ടുന്നു. 'പല കളിക്കാരും ആദ്യമായാണ് ലോകകപ്പില്‍ കളിക്കുന്നത്. റിങ്കു ഇതുവരെ തന്റെ ഫ്‌ലോയില്‍ പൂര്‍ണമായി എത്തിയിട്ടില്ല. ലോകകപ്പ് സമ്മര്‍ദം സ്വാഭാവികമാണ്. ലോകകപ്പില്‍ പുറത്തായതുപോലെ അവന്‍ സാധാരണ പുറത്താകാറില്ല. കൂറ്റനടിക്ക് ശ്രമിക്കുകയും ലോങ് ഓഫില്‍ ക്യാച്ച് നല്‍കുകയും ചെയ്യുന്നു. ഉത്തര്‍ പ്രദേശിനൊപ്പം രഞ്ജി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും, കുടാതെ ഐ.പി.എല്ലിലും, ഇന്ത്യയ്ക്കായുള്ള ദ്വിരാഷ്ട്ര പരമ്പര മത്സരങ്ങളിലുമൊക്കെ അവന്‍ എപ്പോഴും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അതിനാല്‍, ലോകകപ്പ് സമ്മര്‍ദം അല്‍പം അലട്ടുന്നുണ്ടാകാം, ' -കൈഫ് പറഞ്ഞു. നമീബിയക്കെതിരെ അവസാന ഓവറുകളില്‍ ക്രീസിലെത്തിയ റിങ്കു ആറു പന്തു നേരിട്ട് ഒരു റണ്‍ മാത്രമെടുത്ത് പുറത്താവുകയായിരുന്നു.
അതേ സമയം മധ്യനിരയില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. പരിക്കിന്റെ നീണ്ട ഇടവേളക്കുശേഷം ടീമില്‍ തിരിച്ചെത്തിയ തിലക് വര്‍മയില്‍ നിന്ന് ഇന്ത്യ മികച്ചൊരു ഇന്നിംഗ്‌സ് പ്രതീക്ഷിക്കുന്നു. ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് തിലക് ആയിരുന്നു. പാകിസ്ഥാനെതിരെ തിലക് തിളങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തില്‍ അമേരിക്കക്കെതിരെ അപരാജിത അര്‍ധസെഞ്ചുറി നേടി ടീമിന്റെ രക്ഷകനായ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവില്‍ നിന്നും ഇന്ത്യ മറ്റൊരു മികച്ച ഇന്നിംഗ്‌സ് നാളെ പ്രതീക്ഷിക്കുന്നു. നമീബിയക്കെതിരെ നിരാശപ്പെടുത്തിയ സൂര്യ നാളെ വീണ്ടും ഉദിച്ചുയരുമെന്നാണ് കരുതുന്നത്.
പാക്കിസ്ഥാനെതിരെ എക്കാലത്തും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ഹാര്‍ദ്ദിക് പാണ്ഡ്യയില്‍ നിന്ന് ബാറ്റുകൊണ്ടു ബോളുകൊണ്ടും മറ്റൊരു മികച്ച പ്രകടനം ഇന്ത്യ നാളെ പ്രതീക്ഷിക്കുന്നു. പാക് സ്പിന്നര്‍മാരെ നേരിടാന്‍ ഇന്ത്യയുടെ പ്രധാന ആയുധം സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ശിവം ദുബെ ആയിരിക്കും. മധ്യനിരയില്‍ ദുബെയുടെ ഫിനിഷിംഗിലായിരിക്കും ഇന്ത്യ നാളെ പ്രതീക്ഷ വെക്കുക. സമീപകാലത്തായിയ ബാറ്റിംഗില്‍ നിറം മങ്ങുന്ന അക്‌സര്‍ പട്ടേല്‍ വീണ്ടും ഫോമിലാവുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ രണ്ട് കളികളിലും അക്‌സറിന് ബാറ്റിംഗില്‍ ഫോമിലാവാനായിരുന്നില്ല. റിങ്കു സിംഗിന് പകരം നാളെ ഇന്ത്യ വാഷിംഗ്ടണ്‍ സുന്ദറിന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പ്രേമദാസ സ്റ്റേഡിയത്തില്‍ സ്പിന്നര്‍മാര്‍ക്ക് ലഭിക്കുന്ന പിന്തുണയും പാക് ടീമിലെ ഇടം കൈയന്‍മാരുടെ സാന്നിധ്യവും സുന്ദറിന്റെ സാധ്യത കൂട്ടുന്നു. റിങ്കു സിംഗിനെ പുറത്തിരുത്തി സുന്ദറിനെ കളിപ്പിക്കുന്നതിലൂടെ ബാറ്റിംഗ് കരുത്ത് കൂട്ടാനും ഇന്ത്യക്കാവും.
നമീബീയയക്കെതിരെ രണ്ടോവറില്‍ മൂന്ന് വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയാകും നാളെ ഇന്ത്യയുടെ വജ്രായുധം. സ്പിന്‍ പിച്ചില്‍ വരുണിന്റെ നാലോവറുകള്‍ നിര്‍ണായകമാകും. സ്പിന്നര്‍മാരെ തുണക്കുമെന്ന് കരുതുന്ന പിച്ചില്‍ അര്‍ഷ്ദീപിന് പകരം കുല്‍ദീപിനെ ഇറക്കണമെന്ന ആവശ്യമുയരുന്നുണ്ടെങ്കിലും ഇന്ത്യ സാഹസത്തിന് തയാറാവുമോ എന്ന് കണ്ടറിയണം. അര്‍ഷ്ദീപ് പുറത്തിരുന്നാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ജസ്പ്രീത് ബുമ്രയുമായും ഇന്ത്യയുടെ ന്യൂബോള്‍ കൈകാര്യം ചെയ്യുക. യോര്‍ക്കറുകള്‍ക്കൊപ്പം മികച്ച സ്ലോ ബോളുകളും എറിയുന്ന ജസ്പ്രീത് ബുമ്രയുടെ പ്രകടനം നാളെ നിര്‍ണായകമാകും. നമീബിയക്കെതിരെ പവര്‍ പ്ലേയില്‍ പന്തെറിയാതിരുന്ന ബുമ്ര പാക്കിസ്ഥാനെതിരെ പവര്‍ പ്ലേയില്‍ പന്തെറിയാനെത്തുമെന്നാണ് കരുതുന്നത്.


