- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രം അടയാളപ്പെടുത്തുന്ന നിമിഷം! ജമ്മു കശ്മീര്‍ രഞ്ജി ട്രോഫി ഫൈനലില്‍! സെമിയില്‍ ബംഗാളിനെ കീഴടക്കിയത് ആറ് വിക്കറ്റിന്; യഥാര്‍ത്ഥ ഹീറോയായി അക്വിബ് നബി; 67 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; രഞ്ജി കിരീടം ഒരു ജയം അകലെ

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ജമ്മു കശ്മീര്‍ ഫൈനലില്‍. സെമിഫൈനലില്‍ പശ്ചിമ ബംഗാളിനെ ആറു വിക്കറ്റിന് കീഴടക്കിയാണ് ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും സുപ്രധാന ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടത്തിന് ജമ്മു കശ്മീര്‍ യോഗ്യത നേടിയത്. കര്‍ണാടക-ഉത്തരഖണ്ഡ് മത്സരത്തിലെ വിജയികളാവും 24ന് തുടങ്ങുന്ന ഫൈനലില്‍ ജമ്മുവിന്റെ എതിരാളികള്‍. ബംഗാളിലെ കല്ല്യാണിയില്‍ നടന്ന ഫൈനലില്‍ ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയ ജമ്മു കശ്മീര്‍, രണ്ടാം ഇന്നിങ്‌സില്‍ ബംഗാളിനെ 99 റണ്‍സില്‍ പുറത്താക്കിയാണ് തിരിച്ചുവരവ് നടത്തിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ബംഗാള്‍ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം ജമ്മു കശ്മീര്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ജമ്മു കശ്മീരിനായി രണ്ട് ഇന്നിംഗ്‌സിലുമായി 9 വിക്കറ്റെടുത്ത അക്വിബ് നബിയാണ് കളിയിലെ താരം. സ്‌കോര്‍ ബംഗാള്‍ 328, 99, ജമ്മു കശ്മീര്‍ 302, 126-4.
ആഭ്യന്തര ക്രിക്കറ്റില്‍ 67 വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് ജമ്മു കശ്മീര്‍ രഞ്ജി ട്രോഫി ഫൈനലില്‍ ഇടംപിടിക്കുന്നത്. ആദ്യ ഇന്നിംഗ്‌സില്‍ 26 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ ബംഗാളിനെ വെറും 99 റണ്‍സിന് എറിഞ്ഞിട്ടാണ് ജമ്മു കശ്മീര്‍ ചരിത്രനേട്ടത്തിലെത്തിയത്. തുടക്കത്തിലെ ഓപ്പണര്‍മാരായ ശുഭം കജൂരിയയുടെയും(1), യാവെര്‍ ഹസന്റെയും(6) വിക്കറ്റുകള്‍ നഷ്ടമായി മൂന്നാം ദിനം 43-2 എന്ന സ്‌കോറില്‍ ക്രീസ് വിട്ട ജമ്മു കശ്മീരിന് നാലാം ദിനം ശുഭം പുന്ദിര്‍(27), വന്‍ഷാജ് ശര്‍മ(43*), അബ്ദുള്‍ സമദ്(27 പന്തില്‍ 30) എന്നിവരുടെ ചെറുത്തുനില്‍പാണ് തുണയായത്. ക്യാപ്റ്റന്‍ പരസ് ദോഗ്രയെ നഷ്ടമായപ്പോള്‍ 71-4ലേക്ക് വീണ ജമ്മു കശ്മീര്‍ പതറിയെങ്കിലും വന്‍ഷജ് ശര്‍മയും അബ്ദുള്‍ സമദും ചേര്‍ന്ന് കശ്മീര്‍ ജയം പൂര്‍ത്തിയാക്കി. ബംഗാളിനായി ആദ്യ ഇന്നിംഗ്‌സില്‍ 8 വിക്കറ്റെടുത്ത മുഹമ്മദ് ഷമി രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റെടുത്തപ്പോള്‍ ആകാശ് ദീപ് മൂന്ന് വിക്കറ്റെടുത്തു.
ജമ്മു കശ്മീരിനായി ആദ്യ ഇന്നിംഗ്‌സില്‍ 5 വിക്കറ്റെടുത്ത അക്വിബ് നബി രണ്ടാം ഇന്നിംഗ്‌സില്‍ നാലു വിക്കറ്റെടുത്താണ് ബംഗാളിനെ 99 റണ്‍സില്‍ എറിഞ്ഞിട്ടത്. സുനില്‍ കുമാറും ജമ്മു കശ്മീരിനായി നാലു വിക്കറ്റെടുത്തപ്പോള്‍ യുദ്ധ്വീര്‍ സിംഗ് രണ്ട് വിക്കറ്റെടുത്തു. 24 റണ്‍സെടുത്ത ഷഹബാസ് അഹമ്മദും 14 റണ്‍സെടുത്ത സൂരജ് സിന്ധു ജയ്‌സ്വാളും 12 റണ്‍സെടുത്ത അനുസ്തൂപ് മജൂംദാറും 11 റണ്‍സെടുത്ത മുഹമ്മദ് ഷമിയും 10 റണ്‍സെടുത്ത ഷാക്കിബ് ഹബീഹ് ഗാന്ധിയും മാത്രമാണ് ബംഗാള്‍ നിരയില്‍ രണ്ടക്കം കടന്നത്. 1959-60 സീസണ്‍ മുതല്‍ രഞ്ജിയില്‍ കളിക്കുന്ന ജമ്മു കശ്മീര്‍ ആദ്യമായാണ് രഞ്ജി ഫൈനലിലെത്തുന്നത്.
ഓള്‍റൗണ്ട് മികവുമായി ആഖിബ് നഖ്വി
ഇരു ഇന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റും ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ ഒന്നാം ഇന്നിങ്‌സില്‍ 42റണ്‍സും നേടിയ ആഖിബ് നഖ്വിയുടെ മിന്നും പ്രകടനമാണ് ജമ്മുവിന് ചരിത്ര യാത്രക്ക് അടിത്തറ പാകിയത്. 1960 മുതല്‍ രഞ്ജി ട്രോഫിയില്‍ ഭാഗമായ ജമ്മു കശ്മീര്‍ 2013 സീസണിലാണ് ആദ്യമായി നോക്കൗട്ട് റൗണ്ടില്‍ ഇടം നേടുന്നത്. കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടറില്‍ പുറത്താവയര്‍, ഈ സീസണില്‍ സെമിയിലെത്തി ചരിത്രം കുറിച്ചു. ഇപ്പോള്‍, മിന്നും പ്രകടനവുമായി കാലശപ്പോരാട്ടത്തിലും ഇടം നേടിയാണ് കശ്മീര്‍ താഴ്വരയെ ഇന്ത്യന്‍ ക്രിക്കറ്റിലെ പുതു പറുദീസയായി അടയാളപ്പെടുത്തുന്നത്.
പശ്ചിമ ബംഗാളിനായി ഒന്നാം ഇന്നിങ്‌സില്‍ മുഹമ്മദ് ഷമി എട്ടു വിക്കറ്റ് വീഴ്ത്തി മിന്നും പ്രകടനം കാഴ്ചവെച്ചുവെങ്കിലും ബാറ്റിങ്ങില്‍ ടീം തകര്‍ന്നത് തിരിച്ചടിയായി. രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റും വീഴ്ത്തിയ ഷമി രണ്ട് ഇന്നിങ്‌സിലുമായി ഒമ്പത് വിക്കറ്റുകളാണ് ഒരു മത്സരത്തില്‍ സ്വന്തംപേരിലാക്കിയത്.


