- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേരിയ പുല്ലുള്ള വാംഖഡെയിലെ പിച്ച്; തുടക്കത്തില്‍ പേസര്‍മാര്‍ക്ക് അനുകൂലം; പിന്നീട് ബാറ്റര്‍മാരെ തുണയ്ക്കും; രാത്രി മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; ടോസ് നേടുന്ന ടീം ഫീല്‍ഡിങ് തിരഞ്ഞെടുത്തേക്കും; ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍; സഞ്ജു ശ്രദ്ധാകേന്ദ്രം

മുംബൈ: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന്റെ എതിരാളി ഇന്ത്യയോ, ഇംഗ്ലണ്ടോ? മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി ഏഴിന് തുടങ്ങുന്ന സെമിയില്‍ ട്വന്റി-20 ക്രിക്കറ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആവേശം വാനോളമാകും. ഒന്നാം റാങ്കുകാരും നിലവിലെ ജേതാക്കളുമായ ഇന്ത്യ കിരീടം നിലനിര്‍ത്താനുള്ള യാത്രയിലാണെങ്കില്‍ 2022-ലെ ജേതാക്കളായ ഇംഗ്ലണ്ട് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്. ഇരു ടീമുകളും സൂപ്പര്‍ എട്ടിലെ അവസാന മത്സരം കളിച്ച ഇലവനെ നിലനിര്‍ത്തിയേക്കും.
കഴിഞ്ഞ രണ്ടു ലോകകപ്പ് സെമിയിലും ഇന്ത്യയും ഇംഗ്ലണ്ടും കണ്ടുമുട്ടിയിരുന്നു. 2022-ല്‍ ഇന്ത്യയെ തേല്‍പ്പിച്ച ഇംഗ്ലണ്ട് ഫൈനലും ജയിച്ച് കിരീടം നേടി. 2024-ല്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് മുന്നേറിയ ഇന്ത്യയും കിരീടത്തിലെത്തി. അതുകൊണ്ടുതന്നെ വ്യാഴാഴ്ച ജയിക്കുന്ന ടീമിന് ഫൈനലില്‍ ആത്മവിശ്വാസം കൂടും. ഇക്കുറി ഇരു ടീമുകളുടെയും സെമിപ്രവേശത്തിലും സമാനതയുണ്ട്. പ്രാഥമിക റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനോടു തോറ്റ ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ എല്ലാ മത്സരങ്ങളും ജയിച്ചപ്പോള്‍ പ്രാഥമിക റൗണ്ടില്‍ നാലും ജയിച്ച ഇന്ത്യ സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു.
ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍അമേരിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ച് തുടങ്ങി ഇന്ത്യ, നമീബിയയെ 93 റണ്‍സിനും പാകിസ്ഥാനെ 61 റണ്‍സിനും തകര്‍ത്തു. അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ 17 റണ്‍സിനും തോല്‍പിച്ചു. സൂപ്പര്‍ 8 എട്ടിലെത്തിയപ്പോള്‍ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സ് തോല്‍വി. സിംബാബ്വെയെ 72 റണ്‍സിനും നിര്‍ണായക മത്സത്തില്‍ വെസ്റ്റിന്‍ഡീസിനെ അഞ്ച് വിക്കറ്റിനും തോല്‍പിച്ചു.
ഗ്രൂപ്പ് ഘട്ടത്തില്‍ നേപ്പാളിനെ നാല് റണ്‍സിനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് തുടങ്ങിയത്. എന്നാല്‍ വെസ്റ്റിന്‍ഡീസിനോട് 30 റണ്‍സ് തോല്‍വി. പിന്നീട് സ്‌കോട്ട്ലന്‍ഡിനെ അഞ്ച് വിക്കറ്റിനും ഇറ്റലിയെ 24 റണ്‍സിനും തോല്‍പിച്ചു. സൂപ്പര്‍ എട്ടില്‍ ശ്രീലങ്കയെ 51 റണ്‍സിനും പാകിസ്ഥാനെ രണ്ട് വിക്കറ്റിനും ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിനും തോല്‍പിച്ചു.
മൂന്നാം തവണയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും സെമി ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇരു ടീമിനും ഓരോ ജയം വീതം. 2022ലെ നാണക്കേടിന് 2024ല്‍ മറുപടി നല്‍കിയതിന്റെ ചരിത്രമുണ്ട് ടീം ഇന്ത്യക്ക്. 2022ല്‍ അഡലെയ്ഡിലെ ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ അടി മറന്നുകാണില്ല ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യയുടെ 168 റണ്‍സ്, ഒരുവിക്കറ്റ് പോലും പോകാതെ 4 ഓവര്‍ ബാക്കി നില്‍ക്കെ അനായാസം മറികടന്ന ഇംഗ്ലണ്ട്. ജോസ് ബട്ലര്‍ - അലക്സ് ഹെയ്ല്‍സ് സഖ്യത്തിന്റെ പ്രഹരം മറക്കാന്‍ ഇന്ത്യക്ക് വേണ്ടിവന്നത് രണ്ട് വര്‍ഷം മാത്രം.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറിയുടെ മികവില്‍ ഗയാനയില്‍ 68 റണ്‍സിന്റെ ആധികാരിക ജയം. ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റും വീഴ്ത്തി മധുരപ്രതികാരം. ദക്ഷിണാഫ്രിക്കയേയും മറികടന്ന് രോഹിത്തും സംഘവും കരീബിയന്‍ മണ്ണിറങ്ങിയത് കീരടവുമായി. ഇംഗ്ലണ്ടിനെതിരായ ലോക ട്വന്റി 20 സെമി പോരുകളില്‍ റണ്‍വേട്ടക്കാരില്‍ മുന്നിലുള്ള ഹര്‍ദിക് പാണ്ഡ്യയും വിക്കറ്റ് വേട്ടക്കാരിലെ അക്സര്‍ പട്ടേലും ഇത്തവണയുമുണ്ട് ടീം ഇന്ത്യക്കൊപ്പം.
ശ്രദ്ധാകേന്ദ്രമായി സഞ്ജു
ഓരോ കളിയിലും ബാറ്റിങ്ങില്‍ ഓരോരുത്തരുടെ മികവിലാണ് ഇന്ത്യ ജയിച്ച് മുന്നേറിയത്. ആദ്യ മത്സരത്തില്‍ യുഎസിനെതിരേ സൂര്യകുമാറും പിന്നീട് ഇഷാന്‍ കിഷന്‍, ശിവം ദുബെ, അഭിഷേക് ശര്‍മ തുടങ്ങിയവരും തിളങ്ങി. ഫോം ഔട്ടായതിനാല്‍ ആദ്യ മത്സരങ്ങളില്‍ ഇലവനില്‍ ഇടംകിട്ടാതിരുന്ന മലയാളി താരം സഞ്ജുസാംസണ്‍, സെമി ഫൈനലാകുമ്പോള്‍ ടീമിന്റെ ഏറ്റവും വലിയ പ്രതീക്ഷയായിരിക്കുന്നു. സൂപ്പര്‍ എട്ടിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെനിന്ന സഞ്ജുവില്‍നിന്ന് ടീം ഏറെ പ്രതീക്ഷിക്കുന്നു. മറ്റൊരു ഓപ്പണര്‍ അഭിഷേക് ശര്‍മ ഫോമിലല്ലാത്തതിനാല്‍ പ്രത്യേകിച്ചും. അഭിഷേക്, ഇഷാന്‍ കിഷന്‍ എന്നിവര്‍ ഓപ്പണറായും വണ്‍ഡൗണായി തിലക് വര്‍മയും വരുമ്പോള്‍ തുടരെ മൂന്നു ഇടംകൈ ബാറ്റര്‍മാര്‍ ഇറങ്ങുന്ന സാഹചര്യമായിരുന്നു. ഇത് മുതലെടുത്ത് ഓഫ്സ്പിന്നര്‍മാരെ തുടക്കത്തിലേ ബൗളിങ്ങിന് കൊണ്ടുവന്ന് വിക്കറ്റെടുക്കുന്നത് പതിവായതോടെയാണ് സഞ്ജുവിനെ വീണ്ടും ഇറക്കിയത്. ആ നീക്കം ഫലിച്ചു.
ബൗളിങ്ങില്‍ ജസ്പ്രീത് ബുംറ സ്ഥിരതയോടെ ടീമിന്റെ വിശ്വാസം കാക്കുമ്പോള്‍ മിസ്റ്ററി സ്പിന്നിലൂടെ വരുണ്‍ ചക്രവര്‍ത്തി ബ്രേക്ക് ത്രൂ നല്‍കുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ വരുണ്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയത് ആശങ്കയാണ്. ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കൊപ്പം ആറാം ബൗളറായി ശിവംദുബെയുമുണ്ട്.
ഇംഗ്ലണ്ടിന്റെ പ്രധാന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ സഞ്ജുവിന് ഭീഷണിയാകാറുണ്ട്. ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ വ്യക്തിപരമായ മികവിനൊപ്പം സാം കറന്‍, വില്‍ ജാക്സ് എന്നിവരുടെ ഓള്‍റൗണ്ട് പ്രകടനവും ഇംഗ്ലണ്ടിന് കരുത്തായി. ഓപ്പണര്‍ ജോസ് ബട്ലര്‍ കഴിഞ്ഞ അഞ്ചു മത്സരത്തിലും രണ്ടക്കത്തിലെത്താത്തത് ടീമിന് തലവേദനയാണ്. ലെഗ് സ്പിന്നര്‍ ആദില്‍ റഷീദ്, ഇടംകൈ സ്പിന്നര്‍ ലിയാം ഡൗസണ്‍, ഓഫ് സ്പിന്നര്‍ വില്‍ ജാക്‌സ് എന്നിവരടങ്ങിയ സ്പിന്‍ അറ്റാക്കും വെല്ലുവിളിയാകും.
ബാറ്റര്‍മാര്‍ മിന്നിക്കും
തുടക്കത്തില്‍ പേസര്‍മാര്‍ക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്ന വാംഖഡെ പിച്ച് പിന്നീട് ബാറ്റര്‍മാരെ തുണയ്ക്കുമെന്നാണ് പ്രതീക്ഷ. പിച്ചില്‍ നേരിയ പുല്ലുണ്ട്. രാത്രി മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതിനാല്‍ ടോസ് നേടുന്ന ടീം ഫീല്‍ഡിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സില്‍ ഒന്നിച്ചുകളിച്ച സൂര്യകുമാര്‍, തിലക് വര്‍മ, ബുംറ, ഹാര്‍ദിക് എന്നിവര്‍ക്ക് സുപരിചിതമായ ഗ്രൗണ്ടാണ് വാംഖഡെ. ഇന്ത്യ 2011 ഏകദിന ലോകകപ്പ് ഉയര്‍ത്തിയ സ്ഥലം എന്ന വൈകാരികതയുമുണ്ട്.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുമ്ര.
ഇംഗ്ലണ്ട് സാധ്യതാ ഇലവന്‍: ഫില്‍ സാള്‍ട്ട്. ജോസ് ബട്‌ലര്‍, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്‌സ്, ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്


