- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിമന്റ് പിച്ചില്‍ പ്ലാസ്റ്റിക് പന്തുകള്‍ അടിച്ചു പറത്തി പരിശീലിച്ചും ഫലം കണ്ടില്ല; ജോഫ്ര ആര്‍ച്ചറിന്റെ വേഗപന്തിന് മുന്നില്‍ മുട്ടിടിച്ചുവീണ് സഞ്ജു സാംസണ്; വിക്കറ്റിനു പിന്നിലെ 'ബ്രില്യന്‍സ്' ബാറ്റിംഗില്‍ പിഴച്ചതോടെ ആരാധകരും നിരാശയില്‍
ജോഫ്ര ആര്‍ച്ചറിന്റെ വേഗപന്തിന് മുന്നില്‍ മുട്ടിടിച്ചുവീണ് സഞ്ജു സാംസണ്
രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജു സാംസണ് ബാറ്റിംഗില്‍ നിരാശ. ഓപ്പണറായി ഇറങ്ങി ആറു പന്തുകള്‍ നേരിട്ട സഞ്ജു മൂന്ന് റണ്‍സ് മാത്രമെടുത്താണു മൂന്നാം മത്സരത്തില്‍ പുറത്തായത്. ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ സഞ്ജു മിഡ് ഓണിലേക്ക് ഉയര്‍ത്തി അടിച്ച പന്ത് ആദില്‍ റാഷിദ് പിടികൂടിയാണ് പുറത്തായത്. ചെറിയ സ്‌കോറിനു പുറത്തായതിന്റെ നിരാശത്തില്‍ രോഷം പ്രകടിപ്പിച്ചാണ് സഞ്ജു ഇത്തവണ ഗ്രൗണ്ട് വിട്ടത്.
മൂന്നു മത്സരങ്ങളിലും രാജസ്ഥാന്‍ റോയല്‍സിലെ മുന്‍ സഹതാരം കൂടിയായ ജോഫ്ര ആര്‍ച്ചറുടെ പന്തിലാണു സഞ്ജു പുറത്തായതെന്ന പ്രത്യേകതയുമുണ്ട്. മൂന്നാം ട്വന്റി20യില്‍ ഇംഗ്ലിഷ് പേസര്‍മാരെ നേരിടാന്‍ സഞ്ജു പ്രത്യേക പരിശീലനം നടത്തിയിരുന്നെങ്കിലും മത്സരത്തില്‍ അതു ഫലം കണ്ടില്ല.
ടീമിന്റെ പുതിയ ബാറ്റിങ് പരിശീലകനായ സീതാന്‍ഷു കോട്ടകിന്റെ മേല്‍നോട്ടത്തില്‍ ത്രോഡൗണ്‍ സ്‌പെഷലിസ്റ്റുകളുടെ സഹായത്തോടെയായിരുന്നു സഞ്ജുവിന്റെ പ്രത്യേക പരിശീലന സെഷന്‍. ആര്‍ച്ചര്‍ ഉള്‍പ്പെടെയുള്ളവരുടെ പേസും ബൗണ്‍സുമുള്ള പന്തുകളെ വിദഗ്ധമായി കൈകാര്യം ചെയ്യുന്നതിന്, സിമന്റ് പിച്ചില്‍ പ്ലാസ്റ്റിക് പന്തുകള്‍ നേരിട്ടായിരുന്നു പരിശീലനം. പിന്നീട് സൈഡ് നെറ്റിലും സഞ്ജു ദീര്‍ഘനേരം പരിശീലനം നടത്തിയിരുന്നു. ഈ ഘട്ടത്തില്‍ പേസും ബൗണ്‍സുമുള്ള പന്തുകളെ സഞ്ജു അനായാസം നേരിട്ടിരുന്നു.
ആര്‍ച്ചര്‍ ഉള്‍പ്പെടെയുള്ളവരുടെ പേസും ബൗണ്‍സുമുള്ള പന്തുകളെ വിദഗ്ധമായി കൈകാര്യം ചെയ്യുന്നതിന്, സിമന്റ് പിച്ചില്‍ പ്ലാസ്റ്റിക് പന്തുകള്‍ നേരിട്ടായിരുന്നു പരിശീലനം. ഒരു മണിക്കൂറോളം സമയം സഞ്ജു സിമന്റ് പിച്ചില്‍ പ്ലാസ്റ്റിക് പന്തുകള്‍ ഉപയോഗിച്ചുള്ള പരിശീലനം തുടര്‍ന്നു. സിമന്റ് പിച്ചില്‍ കുത്തിയുയരുന്ന പ്ലാസ്റ്റിക് പന്തുകളില്‍ പുള്‍, ഹുക് ഷോട്ടുകളാണ് താരം കൂടുതലായി പരിശീലിച്ചത്. ഇതിനു പുറമേ റാംപ് ആന്‍ഡ് കട്ട് ഷോട്ടുകള്‍ പരിശീലിക്കാനും സമയം കണ്ടെത്തി. പരിശീനത്തിനിടെ ബാറ്റിങ് കോച്ച് സീതാന്‍ഷു കോട്ടക് ഇടയ്ക്കിടെ സഞ്ജുവിന്റെ സമീപമെത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ത്രോഡൗണ്‍ സ്‌പെഷലിസ്റ്റുകള്‍ വ്യത്യസ്ത രീതികളില്‍ സഞ്ജുവിനായി പന്തെറിയുകയും ചെയ്തിരുന്നു.
അതിവേഗ ബോളര്‍മാരുടെ പേസും ബൗണ്‍സുമുള്ള പന്തുകളില്‍ സഞ്ജു സാംസണിന് കാര്യമായ തോതില്‍ റണ്‍സ് കണ്ടെത്താനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ രണ്ടു മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചറിനെതിരെ സമാനമായ രീതിയില്‍ സഞ്ജു പുറത്തായതു ചൂണ്ടിക്കാട്ടിയായിരുന്നു ചോപ്രയുടെ വിമര്‍ശനം
ഒന്നാം ട്വന്റി20യില്‍ ഗസ് അറ്റ്കിന്‍സനെതിരെ ഒരു ഓവറില്‍ 22 റണ്‍സ് നേടിയ പ്രകടനം മാറ്റിനിര്‍ത്തിയാല്‍, പേസും ബൗണ്‍സുമുള്ള പന്തുകളില്‍ റണ്‍സ് കണ്ടെത്താന്‍ സഞ്ജുവിന് സാധിക്കുന്നില്ലെന്ന് ചോപ്ര ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, ഇവരുടെ പന്തുകളില്‍ സഞ്ജു വിക്കറ്റും നഷ്ടമാക്കുന്നതായി അദ്ദേഹം പറഞ്ഞു. അതിവേഗ പന്തുകളിലെ ദൗര്‍ബല്യം ചര്‍ച്ചയാകുന്നതിനിടെയാണ്, മൂന്നാം മത്സരത്തിലും ജോഫ്ര ആര്‍ച്ചറിന് മുന്നില്‍ വീണത്.
ആദ്യ മത്സരത്തില്‍ 20 പന്തുകള്‍ നേരിട്ട സഞ്ജു 26 റണ്‍സാണു നേടിയത്. ഒരു സിക്‌സും നാലു ഫോറുകളും അടിച്ച താരം ആര്‍ച്ചറുടെ പന്തില്‍ ഗുസ് അറ്റ്കിന്‍സന്‍ ക്യാച്ചെടുത്ത് പുറത്താകുകയായിരുന്നു.രണ്ടാം മത്സരത്തില്‍ ഏഴു പന്തുകളില്‍ അഞ്ച് റണ്‍സ് മാത്രമാണു സഞ്ജുവിന്റെ സമ്പാദ്യം. ആര്‍ച്ചര്‍ എറിഞ്ഞ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ബ്രൈഡന്‍ കാഴ്‌സ് ക്യാച്ചെടുത്താണു രണ്ടാം ട്വന്റി20യില്‍ മലയാളി താരം മടങ്ങിയത്.
അതേ സമയം വിക്കറ്റ് കീപ്പിംഗില്‍ മലയാളി താരം ഇന്നും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ജോസ് ബട്‌ലറുടെ വിക്കറ്റിനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ നിര്‍ബന്ധിച്ച് റിവ്യൂ എടുപ്പിച്ചത് സഞ്ജു സാംസണായിരുന്നു. സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ എട്ടാം ഓവറിലായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറുടെ പുറത്താകല്‍. 22 പന്തുകളില്‍ 24 റണ്‍സെടുത്താണു ഇംഗ്ലിഷ് ക്യാപ്റ്റന്റെ മടക്കം. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ റിവേഴ്‌സ് സ്വീപിന് ശ്രമിച്ച ബട്‌ലറെ വിക്കറ്റ് കീപ്പര്‍ സഞ്ജു പിടിച്ചെടുക്കുകയായിരുന്നു.
എന്നാല്‍ ഫീല്‍ഡ് അംപയര്‍ ഔട്ട് അനുവദിച്ചില്ല. ഇതോടെ ബോളര്‍ വരുണ്‍ ചക്രവര്‍ത്തിയും സഞ്ജു സാംസണും ചേര്‍ന്ന് ഡിആര്‍എസിനു പോകാന്‍ സൂര്യകുമാര്‍ യാദവിനെ നിര്‍ബന്ധിക്കുകയായിരുന്നു. സൂര്യയ്ക്ക് ഉറപ്പില്ലായിരുന്നെങ്കിലും റിവ്യൂ എടുക്കണമെന്ന് സഞ്ജു ആവശ്യപ്പെട്ടു. ഇതോടെയാണു ഡിആര്‍എസിനു പോകാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തയാറായത്.
റീപ്ലേകളില്‍ ബട്‌ലറുടെ ഗ്ലൗവില്‍ പന്തു തട്ടിയിട്ടുണ്ടെന്നു വ്യക്തമായി. ബട്‌ലര്‍ക്കു പിന്നാലെ, തകര്‍ത്തടിച്ച ബെന്‍ ഡക്കറ്റും പുറത്തായതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു.
സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഇന്ത്യയ്ക്കായി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. നാലോവറുകള്‍ പന്തെറിഞ്ഞ വരുണ്‍ ചക്രവര്‍ത്തി 24 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയത്. 28 പന്തില്‍ 51 റണ്‍സെടുത്ത ബെന്‍ ഡക്കറ്റാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ലിയാം ലിവിങ്സ്റ്റണ്‍ (24 പന്തില്‍ 43), ജോസ് ബട്‌ലര്‍ (22 പന്തില്‍ 24) എന്നിവരും രണ്ടക്കം കടന്നു.