പുനെ: പൊന്നും വിലയുള്ള ആ ഒരു റണ്‍! കേരളത്തിന് ലീഡ് സമ്മാനിച്ച ആ ഒരൊറ്റ റണ്‍ മാത്രമായിരുന്നു സെമിയിലേക്കുള്ള ജമ്മു കശ്മീരിന്റെ ഏറ്റവും വലിയ വെല്ലുവിളി. ക്വാര്‍ട്ടര്‍ പോരാട്ടം അവസാന ദിവസത്തിലേക്ക് നീണ്ടതോടെ കേരള താരങ്ങള്‍ പ്രതിരോധ കോട്ടകെട്ടി പ്രതീക്ഷ കാത്തു. ആരാധകര്‍ കാത്തിരുന്നതുപോലെ ഒന്നാമിന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം രഞ്ജി ട്രോഫി സെമിയില്‍. ഗുജറാത്താണ് സെമി പോരാട്ടത്തില്‍ കേരളത്തിന്റെ എതിരാളികള്‍. രണ്ടാം സെമിയില്‍ മുംബൈയും വിദര്‍ഭയും മത്സരിക്കും.

തോല്‍ക്കാന്‍ മനസ്സില്ലാതെ സല്‍മാന്‍ നിസാര്‍ രണ്ട് ഇന്നിങ്‌സുകളിലും നടത്തിയ പോരാട്ടമാണ് ലക്ഷ്യം കണ്ടത്. ഒപ്പം രണ്ട് ഇന്നിംഗ്‌സിലുമായി പത്ത് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷിന്റെ ബൗളിംഗ് മികവും നിര്‍ണായകമായി. തോല്‍വിയുടെ വക്കില്‍ നിന്നും പൊരുതി നേടിയ സമനില കരുത്തില്‍ കേരളം സെമി ടിക്കറ്റെടുത്തു. ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെതിരേ സമനില പിണഞ്ഞതോടെയാണ് ഒന്നാമിന്നിങ്‌സില്‍ ലീഡെടുത്ത കേരളം സെമിയിലേക്ക് മുന്നേറിയത്. ജമ്മു കശ്മീര്‍ - 280, 399/9 ഡിക്ല. കേരളം - 281, 295/൬





ക്വാര്‍ട്ടറില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 399 റണ്‍സ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം ബാറ്റിങ് തുടര്‍ന്ന കേരളം ശ്രദ്ധയോടെയാണ് കളിച്ചത്. ജയിക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ തോല്‍ക്കാതിരിക്കാനാണ് കേരളം ശ്രദ്ധിച്ചത്. മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ തന്നെ കേരളത്തിന് സെമിയിലെത്താമെന്ന സ്ഥിതിയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ നിര്‍ണായക ലീഡ് നേടാനായതാണ് ടീമിന് രക്ഷയായത്. മത്സരം സമനിലയിലായതോടെ ഒന്നാമിന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ കേരളം സെമിയിലെത്തി. ഒന്നാമിന്നിങ്‌സില്‍ ജമ്മു കശ്മീര്‍ 280 റണ്‍സിന് പുറത്തായപ്പോള്‍ കേരളം 281 റണ്‍സ് നേടിയിരുന്നു. ആ ഒരു റണ്ണിന്റെ ലീഡായിരുന്നു കേരളത്തിന്റെ സെമി ബര്‍ത്ത് ഉറപ്പിക്കുന്നതില്‍ നിര്‍ണായകമായത്.

രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന്റെ തുടക്കം മികച്ചതായിരുന്നില്ല. അക്ഷയ് ചന്ദ്രനും സച്ചിന്‍ ബേബിയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ടീം സ്‌കോര്‍ 128 ല്‍ നില്‍ക്കേ 48 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനെ നഷ്ടമായി. പിന്നാലെ സച്ചിന്‍ ബേബിയും(48)കൂടാരം കയറിയതോടെ കേരളം പ്രതിരോധത്തിലായി. ജലജ് സക്സേനയും(18) ആദിത്യ സര്‍വാതെയും (8) നിരാശപ്പെടുത്തി.

കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലേക്ക് വീണു. എന്നാല്‍ സല്‍മാന്‍ നിസാറും മുഹമ്മദ് അസ്സറുദ്ദീനും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ കേരളം മത്സരത്തിലേക്ക് തിരിച്ചുവന്നു. ജമ്മു കശ്മീര്‍ ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്താനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. സല്‍മാന്‍ നിസാറും മുഹമ്മദ് അസ്സറുദ്ദീനും പുറത്താവാതെ നിന്നു. മത്സരം സമനിലയിലായതോടെ കേരളം സെമിയില്‍ പ്രവേശിച്ചു.

നേരത്തേ രണ്ടാം ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സിന് ജമ്മു രണ്ടാമിന്നിങ്സ് ഡിക്ലയര്‍ ചെയ്തതോടെയാണ് കേരളത്തിന്റെ വിജയലക്ഷ്യം 399 ആയി മാറിയത്. അതേസമയം ആദ്യ ഇന്നിങ്‌സില്‍ സല്‍മാന്‍ നിസാറിന്റെ സെഞ്ചുറി പ്രകടനമാണ് കേരളത്തിന് തുണയായത്. താരത്തിന്റെ പ്രകടനമികവില്‍ ടീം ഒരു റണ്‍ ലീഡാണ് സ്വന്തമാക്കിയത്. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെന്ന നിലയില്‍ നിന്ന് സല്‍മാന്‍ നിസാര്‍ ബേസില്‍ തമ്പിയെ കൂട്ടുപിടിച്ച് ടീം സ്‌കോര്‍ 281-ലെത്തിച്ചു. 112 റണ്‍സെടുത്ത സല്‍മാന്‍ പുറത്താവാതെ നിന്നു. 15 റണ്ണായിരുന്നു ബേസിലിന്റെ സമ്പാദ്യം. ഒന്നാം ഇന്നിങ്സില്‍ ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്മീര്‍ 280 റണ്‍സ് നേടിയിരുന്നു.

ജയത്തോളം പോന്ന സമനില

399 റണ്‍സ് വിജയലക്ഷ്യവുമായി നാലാം ദിനം 100-2 എന്ന നിലയില്‍ ക്രീസിലിറങ്ങിയ കേരളം അസാധ്യമായ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശി വിക്കറ്റ് കളയാന്‍ ശ്രമിക്കാതെ സമനിലക്കായാണ് കളിച്ചത്. ഒടുവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സെടുത്തി വീരോചിത സമനില സ്വന്തമാക്കിയ കേരളം ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ ബലത്തില്‍ സെമിയിലെത്തി. 2018-2019 സീസണുശേഷം ആദ്യമായാണ് കേരളം രഞ്ജി ട്രോഫി സെമിയിയെലെത്തുന്നത്. ജമ്മു കശ്മീരിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 280 റണ്‍സിന് മറുപടിയായി കേരളം 281 റണ്‍സടിച്ചിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ജമ്മു കശ്മീര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സടിച്ചു. ഇതോടെ അതേ റണ്‍സ് വിജയലക്ഷ്യം കേരളത്തിന് കുറിക്കപ്പെട്ടു. എന്നാല്‍ ജയത്തേക്കാള്‍ ഉപരി സമനില ലക്ഷ്യമിട്ടായിരുന്നു കേരളത്തിന്റെ മുന്നേറ്റം.

അവസാന ദിനം തുടക്കം മുതല്‍ പ്രതിരോധത്തിലൂന്നി സമനിലക്കായി കളിച്ച കേരളത്തിനായി അക്ഷയ് ചന്ദ്രന്‍ 183 പന്തുകള്‍ നേരിട്ട് 48 റണ്‍സടിച്ചപ്പോള്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 162 പന്തുകള്‍ നേരിട്ട് 48 റണ്‍സടിച്ചു. ആദ്യ സെഷനില്‍ വിക്കറ്റ് വീഴ്ത്താനാവാതെ എറിഞ്ഞു തളര്‍ന്ന ജമ്മു കശ്മീര്‍ ബൗളര്‍മാര്‍ പ്രതീക്ഷ നഷ്ടമായി.

എന്നാല്‍ രണ്ടാം സെഷനില്‍ സച്ചിന്‍ ബേബിയെയും അക്ഷയ് ചന്ദ്രനെയും പുറത്താക്കിയ സാഹില്‍ ലാഹോത്ര കേരളത്തെ ഞെട്ടിച്ചു. പിന്നാലെ പ്രതീക്ഷയായ ജലജ് സക്‌സേനയെയും(18), ആദിത്യ സര്‍വാതെയയും(8) ആബിദ് മുഷ്താഖ് പുറത്താക്കിയതോടെ കേരളം 128-2ല്‍ നിന്ന് 180-6ലേക്ക് കൂപ്പുകുത്തി. എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയുമായി കേരളത്തിന് നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് സമ്മാനിച്ച സല്‍മാന്‍ നിസാര്‍ രണ്ടാം ഇന്നിംഗ്‌സിലും കേരളത്തിന്റെ രക്ഷകനായി.

വിജയപ്രതീക്ഷയിലായ ജമ്മു കശ്മീരീനെ ഒരു സെഷനോളം മുഹമ്മദ് അസറുദ്ദീനെ കൂട്ടുപിടിച്ച് സല്‍മാന്‍ നിസാര്‍ പ്രതിരോധിച്ചു നിന്നു. ഒടുവില്‍ 291-6 എന്ന സ്‌കോറില്‍ ഇരു ടീമുകളും കൈകൊടുത്ത് പിരിഞ്ഞപ്പോള്‍ ഒരു റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയതിന്റെ ബലത്തില്‍ കേരളം സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. 162 പന്ത് നേരിട്ട സല്‍മാന്‍ നിസാര്‍ 44 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 118 പന്ത് നേരിട്ട മുഹമ്മദ് അസറുദ്ദീന്‍ 67 റണ്‍സുമായി പുറത്താകാതെ നിന്നു. പിരിയാത്ത ഏഴാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 111 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കേരളത്തിന് സമനില സമ്മാനിച്ചത്.