കട്ടക്ക്: മോശം പ്രകടനത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിടുന്നതിനിടെ ബാറ്റുകൊണ്ട് മറുപടി നല്‍കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇംഗ്ലണ്ടിനെതിരെ കട്ടക്കില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ അതിവേഗ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരം ഇന്ത്യക്ക് മികച്ച തുടക്കമാണ് സമ്മാനിച്ചത്.

32 പന്തിലാണ് താരം അര്‍ധ സെഞ്ച്വറിയിലെത്തിയത്. നാലു സിക്‌സും നാലു ഫോറുമടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. താരത്തിന്റെ ഏകദിന കരിയറിലെ നാലാമത്തെ വേഗതയേറിയ അര്‍ധ സെഞ്ച്വറിയാണിത്. ആറു മാസം മുമ്പാണ് രോഹിത് അവസാനമായി രാജ്യാന്തര ക്രിക്കറ്റില്‍ ഒരു അര്‍ധ സെഞ്ച്വറി നേടിയത്. വിവിധ ഫോര്‍മാറ്റുകളിലായി കഴിഞ്ഞ 10 ഇന്നിങ്‌സുകളിലും രോഹിത്തിന് ഇരുപതിന് മുകളില്‍ സ്‌കോര്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. മോശം പ്രകടനത്തില്‍ താരത്തിന്റെ ടീമിലെ സ്ഥാനം പോലും ചോദ്യ ചിഹ്നമായിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ നായകന്‍ ഗംഭീര തിരിച്ചുവരവ് നടത്തിയത്.

കട്ടക്കില്‍ രോഹിത് ഏകദിന ക്രിക്കറ്റിലെ 58ാം അര്‍ധ സെഞ്ചറി തികച്ചു. മത്സരത്തില്‍ ബാറ്റിങ് തുടരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ 59 പന്തില്‍ 81 റണ്‍സെടുത്തു. 30 പന്തുകളില്‍നിന്നായിരുന്നു രോഹിത് അര്‍ധ സെഞ്ചറിയിലെത്തിയത്. അഞ്ച് സിക്‌സുകളും എട്ട് ഫോറുകളും താരം ഇതിനകം നേടിക്കഴിഞ്ഞു.

ഏകദിന ക്രിക്കറ്റിലെ സിക്‌സറുകളുടെ എണ്ണത്തില്‍ വെസ്റ്റിന്‍ഡീസിന്റെ ഇതിഹാസ താരം ക്രിസ് ഗെയ്‌ലിനെ രോഹിത് മറികടന്നു. 334 സിക്‌സുകളാണ് ഏകദിന മത്സരങ്ങളില്‍നിന്ന് രോഹിത് ഇതുവരെ നേടിയിട്ടുള്ളത്. ക്രിസ് ഗെയ്ല്‍ 331 സിക്‌സുകള്‍ നേടിയിട്ടുണ്ട്. പാക്കിസ്ഥാന്റെ മുന്‍ താരം ഷാഹിദ് അഫ്രീദിയാണ് ഇക്കാര്യത്തില്‍ ഒന്നാമന്‍. 351 സിക്‌സുകളാണ് അഫ്രീദി കരിയറില്‍ അടിച്ചുകൂട്ടിയത്.

കഴിഞ്ഞ മത്സരങ്ങളില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍, കട്ടക്കില്‍ അനായാസം ബാറ്റു വീശി. ഫ്‌ലിക് ഷോട്ടുകളും ഓവര്‍ കവര്‍, ഡൗണ്‍ ദ് ഗ്രൗണ്ട് ഷോട്ടുകളും കണ്ട് ആരാധകര്‍ ആവേശത്തിലായി. 37ാം വയസ്സില്‍ വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ തുടര്‍ച്ചയായി നേരിടേണ്ടിവരുന്നതിനിടെയാണ് രോഹിതിന്റെ വെടിക്കെട്ട് ഇന്നിങ്‌സ് എന്നതും ശ്രദ്ധേയമാണ്.

ചാമ്പ്യന്‍സ് ട്രോഫിക്ക് തയാറെടുക്കുന്ന ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് രോഹിത് ഫോം വീണ്ടെടുത്തത്. നിലവില്‍ 21 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 158 റണ്‍സെടുത്തിട്ടുണ്ട്. ഓപ്പണറായി ഇറങ്ങിയ ശുഭ്മന്‍ ഗില്‍ 52 പന്തില്‍ 60 റണ്‍സ് എടുത്തു പുറത്തായി. ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം ഏകദിന ക്രിക്കറ്റില്‍ മടങ്ങിയെത്തിയ വിരാട് കോലി നിരാശപ്പെടുത്തി. എട്ട് പന്തില്‍ അഞ്ച് റണ്‍സ് എടുത്ത് താരം പുറത്തായി. മൈതാനത്തെ ഫ്‌ലഡ് ലൈറ്റ് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് മത്സരം അല്‍പസമയം തടസ്സപ്പെട്ടു.

ഗെയ്‌ലിന് മറികടന്നു, ഇനി അഫ്രീദി

കട്ടക്കില്‍ രണ്ടാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ 331 സിക്‌സുകളുമായി ഗെയ്‌ലിനൊപ്പമായിരുന്നു രോഹിത്ത്. മത്സരത്തില്‍ നേടിയ അഞ്ച് സിക്‌സുകളോടെ രോഹിത്തിന്റെ ഏകദിനത്തിലെ സിക്‌സുകളുടെ എണ്ണം 336 ആയി. ഗെയില്‍ ഏകദിന ക്രിക്കറ്റില്‍നിന്ന് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2019ലാണ് താരം അവസാനമായി ഒരു ഏകദിനം കളിച്ചത്. മുന്‍ പാകിസ്താന്‍ നായകന്‍ ഷഹീദ് അഫ്രീദിയാണ് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരം. 398 മത്സരങ്ങളില്‍നിന്ന് 351 സിക്‌സുകള്‍. ആദ്യ ഏകദിനത്തില്‍ രോഹിത് രണ്ട് റണ്‍സിന് പുറത്തായിരുന്നു.

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 305 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് മുന്നോട്ടുവെച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 49.5 ഓവറില്‍ 304 റണ്‍സിന് പുറത്തായി. ഓപ്പണര്‍ ബെന്‍ ഡക്കറ്റും (56 പന്തില്‍ 65 റണ്‍സ്) ജോ റൂട്ടും (72 പന്തില്‍ 69) സന്ദര്‍ശകര്‍ക്കായി അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യക്കായി രവീന്ദ്ര ജദേജ മൂന്നു വിക്കറ്റ് വീഴ്ത്തി. നാഗ്പുരില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ നാലു വിക്കറ്റിനു ജയിച്ച ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. ട്വന്റി20 പരമ്പര ഇന്ത്യ നേടിയിരുന്നു.