- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആസാദ് കശ്മീർ' പരാമർശം; 'മാപ്പ് പറയില്ല, ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല'; കമന്റേറ്റരുടെ ജോലി മാത്രമാണ് ചെയ്തതെന്നും മുൻ പാക് ക്യാപ്റ്റൻ സന മിർ
കറാച്ചി: പാക്കിസ്ഥാൻ ബംഗ്ലാദേശ് വനിതാ ഏകദിന ലോകകപ്പ് മത്സരത്തിനിടെയുള്ള 'ആസാദ് കശ്മീർ' പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കാനോ മാപ്പ് പറയാനോ ഇല്ലെന്ന് മുൻ പാക് ക്യാപ്റ്റനും കമന്റേറ്ററുമായ സന മിർ. പരാമർശം ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും, വിഷയം രാഷ്ട്രീയവത്കരിക്കരുതെന്നും അവർ പറഞ്ഞു. പാകിസ്ഥാൻ ബംഗ്ലാദേശ് മത്സരത്തിനിടെയാണ് പാക് താരം നതാലിയ പർവേസിനെ സന മിർ 'ആസാദ് കശ്മീർ' സ്വദേശി എന്ന് വിശേഷിപ്പിച്ചത്.
29 കാരിയായ നതാലിയ പാക് അധീന കശ്മീരിലെ ബൻഡല സ്വദേശിനിയാണ്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. കമന്ററി പാനലിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യങ്ങളും ഉയർന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് സന മിർ വിഷയത്തിൽ പ്രതികരിച്ചത്. നതാലിയ വളർന്നുവന്ന സാഹചര്യവും അവർ നേരിട്ട ബുദ്ധിമുട്ടുകളും എടുത്തു കാണിക്കുക മാത്രമാണ് ചെയ്തതെന്നും, 'ആസാദ് കശ്മീർ' പരാമർശത്തിൽ ഒരു ദുരുദ്ദേശവുമില്ലെന്നും അവർ വ്യക്തമാക്കി.
കായിക താരങ്ങളുടെ ജന്മദേശത്തെക്കുറിച്ചുള്ള പരാമർശം കമന്റേറ്റർമാരുടെ ജോലിയുടെ ഭാഗമാണെന്നും, ഇത് മറ്റു താരങ്ങളെക്കുറിച്ചും താൻ ചെയ്യാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കളിക്കാർ എവിടെ നിന്നു വരുന്നു എന്നത് അവരുടെ കഠിനാധ്വാനത്തെയും സ്ഥിരോത്സാഹത്തെയും പ്രചോദിപ്പിക്കുന്ന കഥകളായിരിക്കും എന്ന് വിശദീകരിക്കാനാണ് ശ്രമിച്ചതെന്നും സന മിർ പറഞ്ഞു.
ഇത്തരം കാര്യങ്ങൾ അനാവശ്യമായി പെരുപ്പിച്ചു കാണിക്കുന്നതും കായിക രംഗത്തുള്ളവർക്ക് സമ്മർദ്ദം നേരിടേണ്ടി വരുന്നതും ഖേദകരമാണെന്നും അവർ കൂട്ടിച്ചേർത്തു. വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ വന്നതോടെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്.