കൊല്‍ക്കത്ത: ടി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഗംഭീര ഇന്നിങ്സുമായി ഇന്ത്യയെ സെമിയിലെത്തിച്ച സഞ്ജു സാംസണ്‍ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. സഞ്ജുവിനെ അഭിനന്ദിച്ച് ഒരു ഉപയോക്താവ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

വിന്‍ഡീസിനെ തോല്‍പ്പിച്ചതും സഞ്ജുവിന്റെ ഇന്നിങ്സിനെ ചേര്‍ത്തും വംശീയച്ചുവയോടെയാണ് ഇയാള്‍ പോസ്റ്റിട്ടത്. സഞ്ജുവിന്റെ ചിത്രവും ഉപയോഗിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ ഇയാളുടെ പോസ്റ്റ് പങ്കിട്ടുകൊണ്ട് വംശീയതയ്ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനോട് ഉടന്‍ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. ഇംഗ്ലണ്ടാണ് സെമിയില്‍ ഇന്ത്യയുടെ എതിരാളികള്‍.