തിരുവനന്തപുരം: ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും. തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയില്‍ കെസിഎ പുതുതായി നിര്‍മ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയിലാണ് താരത്തെ ആദരിക്കുന്നത്.

മാര്‍ച്ച് 16-ന് വൈകിട്ട് ആറുമണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ സ്റ്റേഡിയം കായികലോകത്തിന് സമര്‍പ്പിക്കും. ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സഞ്ജു സാംസണിനെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കെസിഎ ഭാരവാഹികള്‍ ആദരിക്കുന്നത്.

കെസിഎ പ്രസിഡന്റ് ശ്രീജിത്ത് വി നായര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രിമാരായ വി അബ്ദുറഹ്‌മാന്‍, വി ശിവന്‍കുട്ടി, ജി ആര്‍ അനില്‍, എംഎല്‍എമാരായ വി ശശി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും പങ്കെടുക്കും. ലോകകപ്പ് വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായ സഞ്ജു പുതിയ തലമുറയിലെ കായികതാരങ്ങള്‍ക്ക് വലിയ പ്രചോദനമാകുമെന്നും, മംഗലപുരം സ്റ്റേഡിയം തലസ്ഥാനത്തെ ക്രിക്കറ്റ് വളര്‍ച്ചയ്ക്ക് പുത്തനുണര്‍വ് നല്‍കുമെന്നും പ്രസിഡന്റ് ശ്രീജിത്ത് വി നായര്‍ പറഞ്ഞു.

രാജ്യത്തിന്റെ അഭിമാനമായ സഞ്ജുവിനുള്ള ജന്മനാടിന്റെ ഈ ആദരവ് സ്റ്റേഡിയം ഉദ്ഘാടനത്തിന്റെ മാറ്റുകൂട്ടുമെന്ന് കെസിഎ സെക്രട്ടറി വിനോദ് എസ് കുമാര്‍ പറഞ്ഞു.