ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പാകിസ്ഥാനെതിരെ മലയാളി താരം സഞ്ജു സാംസണ്‍ ഏത് നമ്പറില്‍ ബാറ്റിംഗിനിറങ്ങും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. യുഎഇക്കെതിരായ മത്സരത്തില്‍ സഞ്ജുവിന് ബാറ്റിങ്ങിന് അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഒടുവില്‍ കളിച്ച പരമ്പരയില്‍ വരെ ഓപ്പണറായി ഇറങ്ങിയിരുന്ന സഞ്ജുവിന് പകരം വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. വണ്‍ഡൗണായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും എത്തി. ടീം ലിസ്റ്റ് പ്രകാരം സഞ്ജുവിന്റെ ബാറ്റിങ് പൊസിഷന്‍ അഞ്ചാണ്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സിതാന്‍ഷു കോട്ടക് പ്രതീക്ഷ നല്‍കുന്ന വിവരം പുറത്തുവിട്ടത്. സഞ്ജു സാംസണ് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കഴിയുമെന്ന് സിതാന്‍ഷു കോട്ടക് വ്യക്തമാക്കി. പാകിസ്ഥാനെതിരായ മത്സരത്തില്‍ കളിക്കളത്തിന് അപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച് ടീമിലാരും ചിന്തിക്കുന്നില്ലെന്നും കോട്ടക് പറഞ്ഞു.

ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് തരിപ്പണമാക്കി തുടങ്ങിയ ടീം ഇന്ത്യ പാകിസ്ഥാനെതിരായ പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ്. രണ്ടാം മത്സരത്തിലും ശ്രദ്ധാകേന്ദ്രമായിരിക്കുന്നത് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണ്. മലയാളി ഓപ്പണറുടെ ബാറ്റിംഗ് ഓര്‍ഡറിലെ സ്ഥാനത്തെ ചൊല്ലിയുള്ള ആശങ്കകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സിതാന്‍ഷു കോട്ടക് മറുപടി നല്‍കി. ടീം തെരഞ്ഞെടുപ്പില്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളില്ല. പാകിസ്ഥാനെതിരായ മത്സരത്തില്‍ കളിക്കളത്തിന് പുറത്തുനടക്കുന്ന കാര്യങ്ങള്‍ ടീമിനെ അലട്ടുന്നില്ലെന്നും സിതാന്‍ഷു കോട്ടക് വ്യക്തമാക്കി.

'പാകിസ്ഥാനെതിരായ മത്സരം വാശിയേറിയതായിരിക്കും. ഇന്ത്യ- പാകിസ്ഥാന്‍ മത്സരം എക്കാലവും അങ്ങനെയാണ്. അതിനാല്‍ ആ മത്സരത്തില്‍ മാത്രമാണ് ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്. ക്രിക്കറ്റല്ലാതെ മറ്റൊന്നും ഇപ്പോള്‍ മനസിലില്ല. ടീമില്‍ താരങ്ങള്‍ ആരുടെ റോളും സ്ഥിരമല്ല. സ്വന്തം ചുമതലയെ കുറിച്ച് എല്ലാവര്‍ക്കുമറിയാം. സാഹചര്യം അനുസരിച്ച് ബാറ്റിംഗിന് ഇറങ്ങുകയാണ് വേണ്ടത്. ഓപ്പണര്‍മാരുടെയും നമ്പര്‍ ത്രീയുടെയും കാര്യത്തില്‍ തീര്‍ച്ചയായും ചില താരങ്ങളുടെ പേര് നമ്മുടെ മനസിലുണ്ടാകും. അതിന് ശേഷം ഏത് താരവും ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ സന്നദ്ധമാണ്, അതിനുള്ള ശേഷി അവര്‍ക്കുണ്ട്. അത് ടീമിന് ശുഭ സൂചനയാണ്. ഫിനിഷര്‍മാരുടെ റോള്‍ നിറവേറ്റാന്‍ കഴിയുന്ന ഒരുപിടി താരങ്ങളുള്ളതും ടീമിന്റെ പ്രത്യേകതയാണ്' എന്നും സിതാന്‍ഷു കോട്ടക് കൂട്ടിച്ചേര്‍ത്തു.

'' ഇന്ത്യയുടെ ബാറ്റിങ് നിരയെ നോക്കുകയാണെങ്കില്‍, എല്ലാവര്‍ക്കും ഏതു നമ്പറിലും ഇറങ്ങി ബാറ്റ് ചെയ്യാന്‍ സാധിക്കും. നാലോ അഞ്ചോ ആക്രമണാത്മക കളിക്കാര്‍ ഉണ്ടെങ്കിലും മുഖ്യ പരിശീലകനോ ക്യാപ്റ്റനോ സാഹചര്യത്തിനനുസരിച്ച് തീരുമാനിക്കാം.''

''ഏകദേശം എല്ലാവരും ഏതു നമ്പറിലും ബാറ്റു ചെയ്യാന്‍ തയാറാണ്. കഴിഞ്ഞ മത്സരത്തില്‍ സഞ്ജു അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യുമായിരുന്നു. അടുത്ത മത്സരത്തില്‍ അദ്ദേഹം ഏതു നമ്പറിലും ബാറ്റ് ചെയ്‌തേക്കാം. ഇപ്പോള്‍ അതു നിശ്ചയിച്ചിട്ടില്ല. എല്ലാവര്‍ക്കും അവരുടെ പങ്കിനെക്കുറിച്ച് അറിയാം. അതിനാല്‍, സാഹചര്യത്തിനനുസരിച്ച് അവര്‍ തയാറാകും.'' കോട്ടക് കൂട്ടിച്ചേര്‍ത്തു. ഇന്ത്യപാക്ക് മത്സരം എന്നും ആവേശകരമാണെന്നും അതുകൊണ്ടു തന്നെ കളിയിലല്ലാതെ മറ്റൊന്നിലും ഇന്ത്യന്‍ ടീം ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നാളെയാണ് ഇന്ത്യ- പാകിസ്ഥാന്‍ ആവേശ മത്സരം. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയമാണ് ടൂര്‍ണമെന്റിലെ ഏറ്റവും വാശിയേറിയ ഗ്രൂപ്പ് മത്സരത്തിന് വേദിയാവുന്നത്. ദുബായ് സമയം രാത്രി എട്ട് മണിക്ക് മത്സരം ആരംഭിക്കും. അയല്‍ക്കാരുടെ പോരില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലേക്ക് ഉറ്റുനോക്കുകയാണ് ഏവരും. ടൂര്‍ണമെന്റില്‍ ടീം ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ സഞ്ജു സാംസണെ അഞ്ചാം നമ്പറിലാണ് ബാറ്റിംഗിന് ടീം നിശ്ചയിച്ചിരുന്നത്. എന്നാല്‍ സഞ്ജുവിന് ബാറ്റേന്താന്‍ അവസരം ലഭിക്കും മുമ്പേ ഇന്ത്യന്‍ ടീം 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി. സഞ്ജുവിനെ ബാറ്റിംഗില്‍ മധ്യനിരയ്ക്ക് പകരം ടോപ് ഓര്‍ഡറില്‍ ഇറക്കണമെന്ന ആവശ്യം ശക്തമാണ്.