- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇതാണോ നമ്മുടെ പുതിയ നാട്, ഇനി മുതല്‍ ഇതും നമ്മുടെ നാടാണ്', മകനോട് അമ്മ; ചെന്നൈയില്‍ ബസിറങ്ങി സഞ്ജു സാംസണ്; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
ചെന്നൈയില്‍ ബസിറങ്ങി സഞ്ജു സാംസണ്

ചെന്നൈ: ഐപിഎല്ലിന് ആരവത്തിന് തുടക്കമാവുന്നതിന് മുന്നേ ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് സഞ്ജു സാംസണിന്റെ എന്‍ട്രി. ചെന്നൈ സൂപ്പര്‍ വിമാനത്താവളത്തിന് പുറത്തേയ്ക്ക് വരുന്ന താരത്തിന്റെ വീഡിയോ ചെന്നൈ സൂപ്പര്‍ കിങ്്‌സ് ടീം പങ്കുവെച്ചു. ടീം ക്യാംപിലെത്തിയ സഞ്ജു, ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ എന്നിവര്‍ക്കൊപ്പം ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തു.
സഞ്ജുവും ധോണിയും ഗ്രൗണ്ടില്‍ ഒന്നിച്ചിരിക്കുന്നതിന്റെ വീഡിയോയും ചെന്നൈ പങ്കുവെച്ചു. ബസിനുള്ളില്‍ ഒരു കുട്ടിയും അമ്മയും മലയാളത്തില്‍ സംസാരിക്കുന്ന വോയ്്സ് ഓവറിലാണ് വീഡിയോ തുടങ്ങുന്നത്. 'അമ്മാ, നമ്മള്‍ എങ്ങോട്ടാണ് പോകുന്നത്' എന്നു കുട്ടി ചോദിക്കുമ്പോള്‍, 'നമ്മള്‍, നമ്മുടെ നാട്ടിലേക്കു പോകുകയാണ് മോനെ' എന്നാണ് അമ്മയുടെ മറുപടി. 'അപ്പോള്‍ ഇതല്ലേ നമ്മുടെ നാട്' എന്നു കുട്ടി തിരിച്ചു ചോദിക്കുന്നു. ഇതിനു ശേഷം ബസിലെ മറ്റു ചിലര്‍ തമിഴില്‍ സംസാരിക്കുന്നതും കേള്‍ക്കാം.
'ഇതാണോ നമ്മുടെ പുതിയ നാട്' എന്നു കുട്ടി ചോദിക്കുന്നു. 'ഇനി മുതല്‍ ഇതും നമ്മുടെ നാടാണ് മോനേ' എന്നാണ് അമ്മ കുട്ടിയോട് പറയുന്നത്. സ്റ്റോപ്പെത്തുമ്പോള്‍ സഞ്ജു ബസിനുള്ളില്‍നിന്ന് ഇറങ്ങുന്നു. 'ശരിയായ സമയത്ത്, ശരിയായ സ്ഥലത്ത് പ്രവര്‍ത്തിച്ചാല്‍ ലോകം മുഴുവന്‍ കീഴടക്കാം.' എന്ന് തമിഴിലും ഇംഗ്ലീഷിലുമായി എഴുതി കാണിച്ചാണ് വിഡിയോ അവസാനിക്കുന്നത്. ഇന്ത്യയ്ക്ക് സഞ്ജു ട്വന്റി20 ലോകകപ്പ് സമ്മാനിച്ചതിനെക്കുറിച്ച് സൂചിപ്പിക്കുന്നതാണ് ഈ വരികളിലൂടെ.
ഇന്നു രാവിലെ സഞ്ജുവും ധോണിയും പരിശീലനത്തിന്റെ ഇടവേളയില്‍ ഒരുമിച്ച് ഇരിക്കുന്നതിന്റെ വീഡിയോയും ചെന്നൈ സൂപ്പര്‍ കിങ്സ് പങ്കുവെച്ചു. കഴിഞ്ഞ നവംബറില്‍ ധോണിയെക്കുറിച്ച്, സഞ്ജു പറഞ്ഞ വാക്കുകളും ബാക്ഗ്രൗണ്ടില്‍ കേള്‍ക്കാം. ഈ സീസണില്‍ സഞ്ജു ചെന്നൈ ടീമിന്റെ വൈസ് ക്യാപ്റ്റനായേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്. മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന സഞ്ജുവിനെ 18 കോടി രൂപയ്ക്കാണ് ഇത്തവണ ചെന്നൈ ടീമിലെത്തിച്ചത്.


