അഹമ്മദബാദ്: പ്ലെയിങ് ഇലവനില്‍ പോലും ഉണ്ടാകുമോ എന്ന് ഉറപ്പില്ലാത്ത താരം.. തന്റെ ടീം ടൂര്‍ണ്ണമെന്റില്‍ നിന്ന് തന്നെ പുറത്താകുമെന്ന അവസ്ഥയില്‍ അപ്രതീക്ഷിതമായി ടീമിലേക്ക് വിളിവരുന്നു.. ഇനി ഒരു പരാജയം ടൂര്‍ണ്ണമെന്റില്‍ തന്റെ ടീമിന്റെയും ക്രിക്കറ്റില്‍ തന്റെ കരിയറിന്റെയും മുന്നില്‍ വാതില്‍ കൊട്ടിയടക്കുമെന്ന അവസ്ഥയില്‍ വീണ്ടും അയാള്‍ പാഡണിയുന്നു... പിന്നീട് നടന്നത് ചരിത്രം ! വരും തലമുറയ്ക്ക് ഏത് പ്രതിസന്ധി ഘട്ടത്തിലും അതിനെ തരണം ചെയ്ത് മുന്നേറാനുള്ള പ്രചോദനത്തിന്റെ പാഠപുസ്തകമാവുകയായിരുന്നു ആ താരത്തിന്റെ യാത്ര.. അത് മറ്റാരുമല്ല.. മലയാളികളുടെ.. അല്ല.. ഇന്ന് ഇന്ത്യയുടെ തന്നെ സ്വന്തം സഞ്ജു സാംസണിന്റെ കഥ !

പ്ലേയിങ് 11ല്‍ പോലും ഇല്ലാതിരുന്ന ആള് വേള്‍ഡ് കപ്പില്‍ ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍ ആയ കഥ..വെറും 5 ഇന്നിങ്‌സ് കൊണ്ട് ടി20 വേള്‍ഡ് കപ്പില്‍ ഒരു ഇന്ത്യക്കാരന്‍ നേടിയ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡ് സാക്ഷാല്‍ വിരാട് കോഹ്ലിയെ മറികടന്നു സ്വന്തമാക്കിയ കഥ..ഒരു ടി20 വേള്‍ഡ് കപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ അടിച്ചു റെക്കോര്‍ഡ് ഇട്ട കഥ.. തുടര്‍ച്ചയായി മൂന്ന് തവണ ഇന്ത്യയുടെ ഹൈയസ്റ്റ് സ്‌കോറര്‍ ആയ കഥ..പ്രശസ്തമായ ഒരു വാചകം കടമെടുത്താല്‍ ഇങ്ങനെ പറയാം.. സഞ്ചുവിന്റെ ആ കഥ, അത് വല്ലാത്തൊരു കഥയാണ്..

കലാശപ്പോരില്‍ 46 ബോളില്‍ 89 റണ്‍സ് നേടിയാണ് ടൂര്‍ണ്ണമെന്റിന്റെ താരമായി സഞ്ജു തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് അര്‍ധസെഞ്ചറികളുള്‍പ്പടെ അഞ്ച് ഇന്നിങ്ങ്‌സുകളില്‍ 321 റണ്‍സ് നേടിയാണ് സഞ്ജു താരമായത്. ലോകകപ്പിന് തിരശ്ശീല വീഴുമ്പോള്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ്, ഏറ്റവും കൂടുതല്‍ സിക്‌സ് (ഒരു ടൂര്‍ണ്ണമെന്റിലെ തന്നെ കൂടുതല്‍ സിക്‌സും) കൂടുതല്‍ ഫോര്‍,ടോപ്പ് സ്‌കോര്‍,സ്‌ട്രൈക്ക് റേറ്റ് എന്നിവയെല്ലാം സഞ്ജു സ്വന്തം പേരില്‍ കുറിച്ചു. വെസ്റ്റിന്‍ഡീനെതിരായ സൂപ്പര്‍ എട്ട് മത്സരവും ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലും വിജയിച്ചതില്‍ മലയാളി താരത്തിന്റെ ബാറ്റിങ് പ്രകടനവും നിര്‍ണായകമായി. ഇതോടെയാണ് 'പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റ്' നോമിനേഷനില്‍ സഞ്ജുവും ഇടം പിടിച്ചത്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ വെബ്സൈറ്റ് വഴിയാണ് വോട്ടെടുപ്പ് നടന്നത്.പട്ടികയിലുള്ള ഒരേയൊരു ഇന്ത്യന്‍ താരവും സഞ്ജു വായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ നമീബിയയ്ക്കെതിരായ മത്സരത്തില്‍ മാത്രമാണ് സഞ്ജു കളിക്കാനിറങ്ങിയത്. സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തോറ്റതോടെയാണ്, പ്ലേയിങ് ഇലവനില്‍ സഞ്ജുവിനെ വീണ്ടും പരീക്ഷിക്കാന്‍ ബിസിസിഐ തയാറായത്.വെസ്റ്റ് ഇന്‍ഡീസിനെതിരെ 97 റണ്‍സും സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും നേടിയാണ് സഞ്ജു ഇന്ത്യയ്ക്ക് ഫൈനലിലേക്ക് വഴി തുറന്നത്.200-ന് മുകളിലുള്ള സ്ട്രൈക്ക് റേറ്റും സഞ്ജുവിനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നു.

ഐസിസി പുറത്തുവിട്ട പട്ടികയില്‍ ഫൈനലില്‍ കളിച്ച മൂന്ന് താരങ്ങളാണുണ്ടായിരുന്നത്. സഞ്ജു സാംസണിനെ കൂടാതെ ന്യൂസിലന്‍ഡിന്റെ രച്ചിന്‍ രവീന്ദ്ര, ടിം സീഫര്‍ട്ട് എന്നിവരാണ് ഫൈനല്‍ കളിക്കുന്ന മറ്റ് നാമനിര്‍ദ്ദേശങ്ങള്‍. വില്‍ ജാക്സ് (ഇംഗ്ലണ്ട്,) സാഹിബ്സാദ ഫര്‍ഹാന്‍ (പാക്കിസ്ഥാന്‍), ലുങ്കി എന്‍ഗിഡി (ദക്ഷിണാഫ്രിക്ക), എയ്ഡന്‍ മാര്‍ക്രം (ദക്ഷിണാഫ്രിക്ക), ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്ക് (യുഎസ്എ) എന്നിവരാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പട്ടികയിലുണ്ടായിരുന്ന മറ്റു താരങ്ങള്‍.

ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ എട്ടു താരങ്ങളാണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ രണ്ട് തവണ നേട്ടം കൈവരിച്ച ഏക താരം വിരാട് കോലിയാണ് (2014, 2016). കഴിഞ്ഞ തവണ (2024) ഇന്ത്യ കിരീടം നേടിയപ്പോള്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയായിരുന്നു ടൂര്‍ണമെന്റിലെ താരം. ഇന്ന് സഞ്ജു സാംസണ്‍ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടതോടെ, കോലിക്കും ബുംറയ്ക്കും ശേഷം ഈ സുവര്‍ണ്ണ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി സഞ്ജു മാറി.

മുന്‍കാല വിജയികള്‍

2007: ഷാഹിദ് അഫ്രീദി (പാക്കിസ്ഥാന്‍)

2009: തിലകരത്‌നെ ദില്‍ഷന്‍ (ശ്രീലങ്ക)

2010: കെവിന്‍ പീറ്റേഴ്സണ്‍ (ഇംഗ്ലണ്ട്)

2012: ഷെയ്ന്‍ വാട്സണ്‍ (ഓസ്‌ട്രേലിയ)

2014: വിരാട് കോലി (ഇന്ത്യ)

2016: വിരാട് കോലി (ഇന്ത്യ)

2021: ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ)

2022: സാം കുറാന്‍ (ഇംഗ്ലണ്ട്)

2024: ജസ്പ്രീത് ബുംറ (ഇന്ത്യ)