ചെന്നൈ: ട്വന്റി20 ലോകകപ്പ് സൂപ്പർ-8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമർശനവുമായി മുൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ടീം വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേലിനെ പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കിയ ഗംഭീറിന്റെ നടപടിയെ 'ബൗദ്ധിക ശൂന്യത' എന്നാണ് ശ്രീകാന്ത് വിശേഷിപ്പിച്ചത്. സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു മുൻ ചീഫ് സെലക്ടറുടെ പടയൊരുക്കം.

"ഗൗതം ഗംഭീർ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത്തരത്തിലുള്ള തന്ത്രങ്ങളുമായാണ് മുന്നോട്ടുപോകുന്നതെങ്കിൽ അദ്ദേഹത്തിന്റെ പരിശീലക കരിയർ തന്നെ അപകടത്തിലാകും. പരാജയം ഏറ്റുവാങ്ങിയ ശേഷം ന്യായീകരണങ്ങളുമായി വരുന്നതിൽ എന്ത് പ്രയോജനമാണുള്ളത്?"- ശ്രീകാന്ത് ചോദിച്ചു. ടീമിന്റെ വൈസ് ക്യാപ്റ്റനെ തന്നെ സുപ്രധാന മത്സരത്തിൽ പുറത്തിരുത്തിയതിലെ വിരോധാഭാസത്തെ ശ്രീകാന്ത് പരിഹസിച്ചു.

"നേരത്തെ ശുഭ്മൻ ഗില്ലിനും സമാനമായ സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ത്യൻ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനാകുന്നവർ ടീമിന് പുറത്താകുന്ന അവസ്ഥയാണിപ്പോൾ. ഇനി ആരും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാവാൻ ആഗ്രഹിക്കില്ല" അദ്ദേഹം പരിഹസിച്ചു. ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിലും മികച്ച ഇക്കോണമിയിൽ പന്തെറിഞ്ഞ അക്ഷറിന് പകരം വാഷിംഗ്ടൺ സുന്ദറിനെ ഇറക്കിയത് ടീമിന് തിരിച്ചടിയായെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. സുന്ദർ ബൗളിംഗിലും ബാറ്റിംഗിലും പരാജയപ്പെട്ടത് തോൽവിയുടെ ആഘാതം കൂട്ടി.

ദക്ഷിണാഫ്രിക്കയോട് 76 റൺസിന് തോറ്റത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണെന്ന് ശ്രീകാന്ത് പറഞ്ഞു. 2022 സെമി ഫൈനലിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണിതെന്നും ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 26-ന് ചെന്നൈയിൽ സിംബാബ്‌വെക്കെതിരെ നടക്കുന്ന അടുത്ത മത്സരം ഇന്ത്യക്ക് ജീവൻമരണ പോരാട്ടമാണ്. സെമി സാധ്യതകൾ നിലനിർത്താൻ ഇന്ത്യക്ക് ഈ മത്സരത്തിൽ വിജയം അനിവാര്യമായിരിക്കെ, ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.