മുംബൈ: ഇന്ത്യന്‍ ടീമിന്റെ ഉപനായക സ്ഥാനത്തേക്ക് ശുഭ്മന്‍ ഗില്‍ തിരിച്ചെത്തിയതോടെ മലയാളി താരം സഞ്ജു സാംസണിന്റെ പ്ലേയിങ് ഇലവനിലെ സ്ഥാനം അപകടത്തിലായെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം കുറിച്ച് മുന്‍ താരം സുനില്‍ ഗാവസ്‌കര്‍. ഗില്‍ ടീമില്‍ എത്തിയാലും സഞ്ജുവിന് സ്ഥാനം ലഭിക്കുമെന്നും, പ്രതിഭാധനനായ താരത്തെ പുറത്തിരുത്തുന്നത് യുക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'സഞ്ജു ഏത് സ്ഥാനത്തും കളിക്കാന്‍ കഴിവുള്ള താരമാണ്. അഞ്ചാമത്തെയോ ആറാമത്തെയോ സ്ഥാനത്ത് അദ്ദേഹത്തെ ഇറക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ല. മികച്ച വിക്കറ്റ് കീപ്പറായും അദ്ദേഹം ടീമിന് കരുത്തേകും. അതുകൊണ്ട് പ്ലേയിങ് ഇലവനില്‍നിന്ന് ഒഴിവാക്കാന്‍ ആവശ്യമില്ല,' ഗാവസ്‌കര്‍ അഭിപ്രായപ്പെട്ടു.

ഓപ്പണര്‍മാരായി ശുഭ്മന്‍ ഗില്ലിനും അഭിഷേക് ശര്‍മയ്ക്കുമാണ് മുന്‍ താരം പിന്തുണ നല്‍കുന്നത്. മൂന്നാമതെത്തുക തിലക് വര്‍മയും നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും കളിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദേശം. 'എതിര്‍ ടീമിന്റെ സ്‌കോര്‍ പിന്തുടരുന്ന സാഹചര്യത്തില്‍ അഞ്ചാം സ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യയെയോ സഞ്ജു സാംസണിനെയോ ഇറക്കാം. ഇവര്‍ക്കൊപ്പം അക്ഷര്‍ പട്ടേലും ടീമിന്റെ ഭാഗമായിരിക്കണം,' അദ്ദേഹം പറഞ്ഞു.

ബോളിങ് നിരയില്‍ ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിങ്ങും പേസ് വിഭാഗത്തെ പ്രതിനിധീകരിക്കുമെന്നാണ് ഗാവസ്‌കറുടെ വിലയിരുത്തല്‍. ഓള്‍റൗണ്ടര്‍മാരായി അക്ഷര്‍ പട്ടേലിനെയും ഹാര്‍ദിക് പാണ്ഡ്യയെയും ഉള്‍പ്പെടുത്തണമെന്നും, സ്പിന്നറായി കുല്‍ദീപ് യാദവിനും വരുണ്‍ ചക്രവര്‍ത്തിക്കും ഇടം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ശിവം ദുബെ, ജിതേഷ് ശര്‍മ, റിങ്കു സിങ് തുടങ്ങിയ പ്രതിഭകള്‍ ടീമിലുണ്ടെങ്കിലും പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാനുള്ള മത്സരം കടുത്തതായിരിക്കും,' ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.