- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ തവണ ക്വാര്‍ട്ടറില്‍ കേരളത്തോട് കീഴടങ്ങിയത് 1 റണ്ണിന്; സ്വപ്ന നേട്ടത്തിന്റെ പടിവാതിലില്‍ വീണപ്പോഴും കോച്ച് പകര്‍ന്നത് ഒരു മന്ത്രം മാത്രം 'ബസ് തോഡ ഔര്‍ മെഹ്നത് ചായേ ഥാ'; താരങ്ങളില്‍ നിന്ന് ടീമിലേക്ക് രൂപപ്പെടുത്തിയത് 3 വര്‍ഷത്തെ ചിട്ടയായ പരിശീലനത്തിലൂടെ; രഞ്ജിട്രോഫിയില്‍ ജമ്മു കാശ്മീര്‍ മുത്തം പതിഞ്ഞ കഥ
രഞ്ജിട്രോഫിയില്‍ ജമ്മു കാശ്മീര്‍ മുത്തം പതിഞ്ഞ കഥ

ഹുബ്ലി: 2026 ഫെബ്രുവരി 28... ജമ്മുകാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനെ സംബന്ധിച്ച് സുവര്‍ണ്ണ ലിപികളില്‍ എഴുതപ്പെടുന്ന ദിനമാവുകയാണ്.നീണ്ട 67 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് രഞ്ജി ട്രോഫിയില്‍ തങ്ങളുടെ കന്നിഫൈനലില്‍ തന്നെ കിരീടത്തില്‍ മുത്തമിടുകയാണ് ജമ്മുകാശ്മീര്‍. 2025-26 സീസണിന് മുന്‍പ് 334 മത്സരങ്ങളാണ് രഞ്ജിയില്‍ ജമ്മു കശ്മീര്‍ കളിച്ചിരുന്നത്.അതില്‍ 45 എണ്ണം മാത്രമാണ് ടീമിന് ജയിക്കാനായതും.1982-83ല്‍ സര്‍വീസസിനെതിരെയാണ് അവരുടെ ആദ്യ വിജയം.2013-14 സീസണില്‍, അവര്‍ ആദ്യമായി നോക്കൗട്ടിലേക്ക് യോഗ്യത നേടി.ഈ വര്‍ഷമാണ് ടീം ആദ്യമായി സെമിയിലേക്കും തുടര്‍ന്ന് ഫൈനലിലേക്കും എത്തുന്നത്.അ വര്‍ഷം തന്നെ കിരീടത്തില്‍ മുത്തമിട്ട് തങ്ങളുടെ യാത്ര വെറും ഭാഗ്യത്തിന്റെത് മാത്രമല്ലെന്നും കഠിനാധ്വാനത്തിന്റെ പ്രതിഫലനമാണെന്ന് കൂടി ഉറപ്പിക്കുകയാണ് ജമ്മുകാശ്മീര്‍.
കഴിഞ്ഞ 3 വര്‍ഷമായി വലിയ മാറ്റങ്ങളില്ലാതെയാണ് ടീം രഞ്ജിട്രോഫിക്കായി എത്തുന്നത്.അതിനാല്‍ തന്നെ മൂന്നുവര്‍ഷത്തെ ഒരു സംഘത്തിന്റെ പരിശ്രമത്തിന്റെ പുഞ്ചിരിയാണ് ഇന്ന് ഹുബ്ലിയില്‍ വിരിഞ്ഞത്.ഈ സീസണിലെ അവരുടെ വിജയത്തിന് ഒരു പ്രധാന കാരണം ഔഖിബ് നബി എന്ന താരത്തിന്റെ മികച്ച പ്രകടനമാണ്.ആഭ്യന്തര ക്രിക്കറ്റില്‍ വര്‍ഷങ്ങളായി സ്ഥിരത പുലര്‍ത്തുന്ന നബി, ഈ സീസണില്‍ തന്റെ ബൗളിങ്ങ്
പ്രകടനം തന്റെ അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു.മൊത്തത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ രണ്ടാമത്തെ കളിക്കാരനായി മാറി നബി.ബൗളിങ്ങിനൊപ്പം വാലറ്റത്ത് നിര്‍ണ്ണായകമായ റണ്‍സും അദ്ദേഹം സംഭാവന ചെയ്തു.ഒപ്പം എല്ലാവരും ഒത്തുപിടിച്ചതോടെ ജമ്മു 67 വര്‍ഷത്തെ തങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി.
വര്‍ഷങ്ങളായി കാണുന്ന സ്വപ്നം..ഒടുവില്‍ സാക്ഷാത്കാരത്തിലേക്ക്
മൂന്ന് വര്‍ഷമായി ഈ ടീം ഒരുമിച്ചുണ്ട്.ഈ സീസണില്‍ അവര്‍ ഒന്നായി മാറി.ഞങ്ങള്‍ മറികടന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്..നോക്കൂ, ഞങ്ങള്‍ ഇപ്പോള്‍ എവിടെയാണെന്ന്.രഞ്ജി ഫൈനലില്‍ സെമിഫൈനലില്‍ ബംഗാളിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയ ശേഷം ടീമിന്റെ ബൗളിംഗ് പരിശീലകന്‍ പി കൃഷ്ണകുമാര്‍ പറഞ്ഞ വാക്കുകളാണിത്.കശ്മീര്‍ താഴ്വരയില്‍ നിന്നുള്ള ബൗളര്‍മാര്‍ അവിശ്വസനീയമാംവിധം കഴിവുള്ളവരായിരുന്നു.എന്നാല്‍ അവരെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍,ഒരു പരിശീലകന് ആദ്യം അവരുടെ വിശ്വാസം നേടേണ്ടതുണ്ടായിരുന്നു.'കശ്മീരില്‍ നിന്നുള്ള കളിക്കാര്‍ ബുദ്ധിമുട്ടുകളില്‍ നിന്നാണ് വരുന്നത്.അവര്‍ക്ക് ഒരിക്കലും സൗകര്യങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ആരെങ്കിലും അവരോട് സ്നേഹത്തോടെയും വാത്സല്യത്തോടെയും സംസാരിച്ചാല്‍ അവര്‍ പ്രതികരിക്കും.ആ വിശ്വാസം കെട്ടിപ്പടുക്കുന്നത് ഏതൊരു ബൗളിംഗ് പ്ലാനിനെയും പോലെ പ്രധാനമായിരുന്നു. ഇപ്പോള്‍ അവര്‍ ഞങ്ങളുമായി കുടുംബ കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നു.'
'മൂന്ന് വര്‍ഷം മുമ്പ് ഞാന്‍ ചേര്‍ന്നപ്പോള്‍, കശ്മീരിലെയും ജമ്മുവിലെയും വ്യത്യസ്ത സംസ്‌കാരങ്ങളെക്കുറിച്ച് ഞാന്‍ പഠിച്ചു- കളിക്കാര്‍ എങ്ങനെ പ്രതികരിക്കും,എന്താണ് അവരെ ശാന്തരാക്കുന്നത്,എന്താണ് അവരെ ആശ്വസിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാന്‍,'മുന്‍ എന്‍സിഎ പരിശീലകന്‍ പറയുന്നു.ജമ്മു കശ്മീര്‍ ടീമിന്റെ സമീപനത്തില്‍ ആ പുനര്‍നിര്‍മ്മാണം പ്രധാനമാണ്.രണ്ട് വര്‍ഷമായി, ടീം മികച്ച ബാറ്റ്‌സ്മാന്മാരെ വിശകലനം ചെയ്യാന്‍ പല രീതികളും നടപ്പാക്കി.അവരുടെ ബൗളിംഗ് എന്നും കരുത്തേറിയതാണ്.കഴിഞ്ഞ മൂന്നു സീസണുകളിലായി അത് പ്രകടവുമാണ്.കഴിഞ്ഞ സീസണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരായ ഒരു റണ്ണിന്റെ തോല്‍വി, വേദനാജനകമാണെങ്കിലും ടീമിന്റെ മനസ്സില്‍ ഒരു വിത്ത് പാകി.തങ്ങള്‍ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന തോന്നല്‍ അത് ടീമംഗങ്ങളില്‍ ഉണ്ടാക്കി.
ഇങ്ങനെ കൃത്യമായ പ്ലാനിങ്ങിലൂടെയാണ് കാശ്മീര്‍ തങ്ങളുടെ യാത്ര ലക്ഷ്യത്തിലെത്തിച്ചത്.കൃത്യമായ പരിശീലനമുറകളിലൂടെ ഒന്നിലധികം മാച്ച് വിന്നര്‍മാരെ ഉണ്ടാക്കാന്‍ ടീമിന് സാധിച്ചു.ഔഖിബ് നബിയുടെ ചിറകിലേറിയാണെങ്കിലും ബാക്കിയുള്ളവര്‍ നബിയെ മികച്ച രീതിയില്‍ പിന്തുണച്ചു.ഈ സീസണില്‍ ഇതിനകം 655 റണ്‍സ് നേടിയ അബ്ദുള്‍ സമദ് ആകട്ടെ അല്ലെങ്കില്‍ ബംഗാളിനെതിരെ ഏഴ് വിക്കറ്റ് വീഴ്ത്തിയതും ഈ സീസണില്‍ ജമ്മു & കാശ്മീരിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനുമായ ഇടംകൈയ്യന്‍ പേസര്‍ സുനില്‍ കുമാറാകട്ടെ ഓരോരുത്തരും തങ്ങളുടെ റോളുകള്‍ ഭംഗിയായി നിര്‍വഹിച്ചു.വ്യക്തിഗത പ്രകടനങ്ങളില്‍ നിന്ന് ഒരു ടീമായി മാറുകയായിരുന്നു ജമ്മു-കാശ്മീര്‍.സാഹചര്യങ്ങള്‍ ആവശ്യപ്പെടുമ്പോഴെല്ലാം അവര്‍ ഒരു നായകനെ കണ്ടെത്തി.കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജമ്മു കശ്മീര്‍ മികച്ച പ്രതിഭകളെ വളര്‍ത്തിയെടുത്തിട്ടുണ്ട്.
മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ പര്‍വേസ് റസൂലായാലും, രണ്ടാം വിക്കറ്റില്‍ നിന്ന് പുറത്തായ ഉംറാന്‍ മാലിക്കായാലും.സമദ് സമീപകാലത്ത് ഐപിഎല്ലിലും സജീവ സാന്നിധ്യമാണ്.സീമര്‍ യുധ്വീര്‍ സിങ്ങിനും ഐപിഎല്‍ പരിചയമുണ്ട്. വ്യക്തിപരമായതുള്‍പ്പടെ പലവിധ പ്രതിസന്ധികളെ തരണം ചെയ്ത് ഇന്ന് ഇവരെല്ലാം ലക്ഷ്യം കാണുമ്പോള്‍ നേട്ടത്തിന്റെ വലിയൊരു പങ്ക് കോവിഡ്-19 ന് ശേഷമുള്ള ജമ്മു കശ്മീര്‍ ക്രിക്കറ്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയും കഴിഞ്ഞ സീസണില്‍ അവരെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുകയും ചെയ്ത നിലവിലെ ബിസിസിഐ പ്രസിഡന്റ് മിഥുന്‍ മന്‍ഹാസിനും നല്‍കണം.
2025-26 സീസണിലെ ജമ്മുകാശ്മീരിന്റെ യാത്ര
എലൈറ്റ് വിഭാഗത്തിലെ ഗ്രൂപ്പ് ഡിയില്‍ ജമ്മു കശ്മീരിന്റെ തുടക്കം തോറ്റുകൊണ്ടായിരുന്നു. ആദ്യ മത്സരത്തില്‍ മുംബൈയാണ് ജമ്മുവിനെ കീഴടക്കിയത്. 35 റണ്‍സിനായിരുന്നു മുംബൈയുടെ ജയം. ആദ്യ ഇന്നിങ്‌സില്‍ മുംബൈ 386 റണ്‍സ് പടുത്തുയര്‍ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജമ്മു 325 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ മുംബൈയെ 181 റണ്‍സിന് എറിഞ്ഞിട്ടെങ്കിലും 243 റണ്‍സ് വിജയലക്ഷ്യത്തിലെത്താന്‍ ജമ്മുവിന് സാധിച്ചില്ല. 207 റണ്‍സിന് ജമ്മുവിനെ പുറത്താക്കി മുംബൈ ജയം പിടിച്ചെടുത്തു. ആദ്യ ഇന്നിങ്‌സില്‍ അഞ്ചുവിക്കറ്റെടുത്ത യുദ്ധ്വീര്‍ സിങ്ങും രണ്ടാം ഇന്നിങ്‌സില്‍ അഞ്ചുവിക്കറ്റെടുത്ത ആഖിബ് നബിയും ടീമിനായി തിളങ്ങി.
എന്നാല്‍ രണ്ടാം മത്സരത്തില്‍ ജമ്മുവിന്റെ ഉഗ്രന്‍ തിരിച്ചുവരവാണ് കണ്ടത്. രാജസ്ഥാനെ അക്ഷരാര്‍ഥത്തില്‍ തകര്‍ത്തെറിഞ്ഞു. ഇന്നിങ്‌സിനും 41 റണ്‍സിനുമാണ് പരസ് ദോഗ്രയും സംഘവും ജയിച്ചുകയറിയത്. ആദ്യ ഇന്നിങ്‌സില്‍ 152 റണ്‍സിന് രാജസ്ഥാനെ പുറത്താക്കിയ ജമ്മു ഒന്നാമിന്നിങ്‌സില്‍ 282 റണ്‍സോടെ ലീഡെടുത്തു. രണ്ടാമിന്നിങ്‌സിലാകട്ടെ ജമ്മു ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പോലും രാജസ്ഥാനായില്ല. ആഖിബ് നബി ഏഴുവിക്കറ്റോടെ തിളങ്ങിയതോടെ രാജസ്ഥാന്‍ 89 റണ്‍സിന് കൂടാരം കയറി. രണ്ട് ഇന്നിങ്‌സുകളിലുമായി ആഖിബ് പത്ത് വിക്കറ്റെടുത്തു.
ഛത്തീസ്ഗഢുമായുള്ള അടുത്ത മത്സരം സമനിലയില്‍ കലാശിച്ചു. ഒന്നാമിന്നിങ്‌സില്‍ ലീഡ് നേടിയതും ഛത്തീസ്ഗഢായിരുന്നു. അതിനാല്‍ ഒരു പോയന്റ് മാത്രമാണ് ടീമിന് ലഭിച്ചത്. എന്നാല്‍ ഡല്‍ഹിക്കെതിരേയും ഹൈദരാബാദിനെതിരേയും ജയിച്ചുകയറി നോക്കൗട്ട് പ്രതീക്ഷകള്‍ ജമ്മു സജീവമാക്കി. ഡല്‍ഹിക്കെതിരേ എഴുവിക്കറ്റിനാണ് ജമ്മു വിജയിച്ചത്. മത്സരത്തില്‍ എട്ടുവിക്കറ്റുകളുമായി വന്‍ഷാജ് ശര്‍മയും അഞ്ചുവിക്കറ്റുമായി ആഖിബ് നബിയുമാണ് ഡല്‍ഹി ബാറ്റര്‍മാരെ വിറപ്പിച്ചത്. ഹൈദരാബാദിനെതിരേ 281 റണ്‍സിന്റെ കൂറ്റന്‍ ജയവും പരസ് ദോഗ്രയും സംഘവും സ്വന്തമാക്കി.
പിന്നീടുള്ള രണ്ട് ഗ്രൂപ്പ് മത്സരങ്ങളും സമനിലയില്‍ കലാശിച്ചെങ്കിലും ജമ്മു അടുത്ത റൗണ്ടിലേക്ക് മുന്നേറി. പുതുച്ചേരി, ഹിമാചല്‍ പ്രദേശ് ടീമുകള്‍ക്കെതിരേയായിരുന്നു മത്സരങ്ങള്‍. വിജയിക്കാനായില്ലെങ്കിലും ടീമിന്റെ ബാറ്റിങ് നിരയുടെയും ബാളിങ് നിരയുടെയും കരുത്ത് വെളിവാക്കുന്നതായിരുന്നു മത്സരങ്ങള്‍. പുതുച്ചേരിയുടെ പത്ത് വിക്കറ്റുകളും ബൗളര്‍മാര്‍ പിഴുതെറിഞ്ഞെങ്കില്‍ ഹിമാചലിനെ ആദ്യ ഇന്നിങ്‌സില്‍ ഓള്‍ഔട്ടാക്കുകയും മറുപടി ബാറ്റിങ്ങില്‍ 771 റണ്‍സെന്ന വലിയ സ്‌കോര്‍ പടുത്തുയര്‍ത്തുകയും ചെയ്തു. ശുഭം പുംദീര്‍(165), അബിദ് മുഷ്താഖ്(177), കന്‍ഹയ വധവന്‍(110) എന്നിവരുടെ സെഞ്ചുറികളാണ് ടീമിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഒടുക്കം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് ടീം ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തത്.
ക്വാര്‍ട്ടറില്‍ മധ്യപ്രദേശായിരുന്നു എതിരാളികള്‍. എന്നാല്‍ പരാസിന്റെയും സംഘത്തിന്റെയും കുതിപ്പ് തടയാന്‍ മധ്യപ്രദേശിനുമായില്ല. 56 റണ്‍സ് ജയത്തോടെയാണ് ജമ്മു മധ്യപ്രദേശ് കടമ്പ മറികടന്നത്. ആദ്യ ഇന്നിങ്‌സില്‍ 194 റണ്‍സിന് കൂടാരം കയറിയെങ്കിലും അതേനാണയത്തില്‍ ജമ്മു മറുപടി നല്‍കി. ആഖിബ് നബി ഏഴുവിക്കറ്റോടെ കത്തിക്കയറിയപ്പോള്‍ 152 റണ്‍സിന് മധ്യപ്രദേശ് ഇന്നിങ്‌സ് അവസാനിച്ചു. രണ്ടാമിന്നിങ്‌സിലാകട്ടെ 248 റണ്‍സാണ് കശ്മീര്‍ അടിച്ചെടുത്തത്. 290 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെക്കുകയും ചെയ്തു. എന്നാല്‍ ഒന്നാമിന്നിങ്‌സിന് സമാനമായി ആഖിബ് നബി അഞ്ചുവിക്കറ്റുമായി ജമ്മുവിന്റെ രക്ഷക്കെത്തി. 234 റണ്‍സെടുക്കാനേ മധ്യപ്രദേശിനായുള്ളൂ. അതോടെ സെമിയിലേക്ക്.
സൂപ്പര്‍ താരം മുഹമ്മദ് ഷമിയും ആകാശ്ദീപും അഭിമന്യു ഈശ്വരനും അടങ്ങുന്ന കരുത്തുറ്റ ബംഗാള്‍ നിരയായിരുന്നു സെമിയില്‍ ജമ്മുവിനെ കാത്തിരുന്നത്. ആഖിബ് അഞ്ചുവിക്കറ്റെടുത്തെങ്കിലും ഒന്നാമിന്നിങ്‌സില്‍ ബംഗാള്‍ 328 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജമ്മുവിനെ കാത്തിരുന്നത് മുഹമ്മദ് ഷമിയുടെ കിടിലന്‍ സ്‌പെല്ലുകളായിരുന്നു. ഷമി എട്ടുവിക്കറ്റോടെ ഉജ്ജ്വല ബൗളിങ് കാഴ്ചവെച്ചതോടെ ജമ്മു പ്രതിരോധത്തിലായി. ക്യാപ്റ്റന്‍ പരസ് ദോഗ്രയുടെയും(58) അബ്ദുള്‍ സമദിന്റേയും(82) ഇന്നിങ്‌സ് ഒടുക്കം ടീമിനെ 302 ലെത്തിച്ചു. എന്നാല്‍ നിര്‍ണായകമായ ഒന്നാമിന്നിങ്‌സ് ലീഡ് ജമ്മുവിന് നഷ്ടമായി. ഷമിയുടെ പ്രകടനത്തില്‍ 26 റണ്‍സിന്റെ ലീഡാണ് ബംഗാള്‍ സ്വന്തമാക്കിയത്. മത്സരം സമനിലയിലായാല്‍ ബംഗാള്‍ ഫൈനലില്‍ കടക്കുമെന്ന സ്ഥിതി. പക്ഷേ രണ്ടാമിന്നിങ്‌സില്‍ കളി മാറി. ആഖിബും സുനില്‍ കുമാറുമടക്കം ജമ്മു ബൗളര്‍മാര്‍ ബംഗാളിനെ വിറപ്പിച്ചപ്പോള്‍ വെറും 99 റണ്‍സിന് ടീം ഓള്‍ഔട്ടായി. ബംഗാള്‍ ഉയര്‍ത്തിയ 126 റണ്‍സ് ലക്ഷ്യം നാലുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ജമ്മു മറികടന്നു. അതോടെ രഞ്ജി ട്രോഫി ചരിത്രത്തില്‍ ഇതാദ്യമായി ജമ്മു കശ്മീര്‍ ഫൈനലില്‍ പ്രവേശിച്ചു.
ജമ്മു-കശ്മീരിലെ യുവാക്കള്‍ക്ക് പുത്തന്‍ പ്രതീക്ഷ
ഒരു സംസ്ഥാനം എന്ന നിലയില്‍ ജമ്മു കശ്മീര്‍ ചരിത്രപരമായി അതിന്റേതായ പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്.ഒരു ക്രിക്കറ്റ് ടീം ആഭ്യന്തര ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കിരീടം നേടിയാലും അത് ഒറ്റരാത്രികൊണ്ട് അവ ഇല്ലാതാക്കില്ല.എങ്കിലും ഇത്തരം വിജയങ്ങള്‍ ആ സംസ്ഥാനത്തെ യുവാക്കള്‍ക്ക് നല്‍കുന്നത് പ്രതീക്ഷയുടെ നല്ല നാളെകാളാണെന്നും കോച്ച് പറയുന്നു.രഞ്ജി ട്രോഫിയില്‍ എല്ലാ വര്‍ഷവും നാല് എലൈറ്റ് ഗ്രൂപ്പുകളിലായി 32 ടീമുകള്‍ ഒരേ ആഗ്രഹത്തോടെയാണ് തുടങ്ങുന്നത്.എന്നാല്‍, ഒരാള്‍ക്ക് മാത്രമേ അത് സാക്ഷാത്കരിക്കാന്‍ കഴിയൂ.ഈ വര്‍ഷം വരെ, ജമ്മു & കശ്മീര്‍ ഒരിക്കലും സാധിക്കാത്ത പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.എന്നാല്‍ ഇപ്പോള്‍, എല്ലാം മാറിയിരിക്കുന്നു.
ഈ വിജയം ഞങ്ങള്‍ക്കൊരു മധുരപ്രതികാരം കൂടിയാണ്.കോവിഡിന് മുന്‍പ് രഞ്ജി ടൂര്‍ണ്ണമെന്റിലെ ഞങ്ങളുടെ മനോഹര കുതിപ്പിന് കടിഞ്ഞാണിട്ടത് കര്‍ണ്ണാടകയാണ്.അതേ കര്‍ണ്ണാടകയെയാണ് ഇപ്പോള്‍ ഞങ്ങള്‍ വീഴ്ത്തിയതും.ക്ലീന്‍ ബൗളിംഗ് പ്ലാനുകള്‍,സാംസ്‌കാരിക ഐക്യം, വലിയ പേരുകളെ ഇനി പേടിക്കാത്ത ആത്മവിശ്വാസം - ഇങ്ങനെ ജമ്മു & കശ്മീര്‍ പുതിയ ഒരു രീതി തന്നെ കെട്ടിപ്പടുത്തിട്ടുണ്ട്.'ഞങ്ങളുടെ പതിവ് പിന്തുടരാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്ന് കോച്ച് തന്നെ പറയുന്നു.കോച്ചിന്റെയും താരങ്ങളുടെയും ഈ വാക്ക് കാശ്മീരിലെ വളര്‍ന്നുവരുന്ന താരങ്ങള്‍ക്കു നല്‍കുന്ന ഊര്‍ജ്ജവും ചെറുതല്ല.
വിജയം കണ്ടില്ലെങ്കിലും ജയത്തോളം പോന്ന സമനില തന്നെയാണ് കലാശപ്പോരിലും കര്‍ണ്ണാടകയ്ക്കെതിരെ ജമ്മുകാശ്മീര്‍ നേടിയത്.
പേരെടുത്ത നിരവധി താരങ്ങള്‍ അണിനിരന്ന കര്‍ണാടകയെ വിറപ്പിച്ചാണ് താഴ്വരയിലെ പോരാട്ടവീര്യമേന്തുന്ന ജമ്മു കാശ്മീര്‍ താരങ്ങള്‍ ചരിത്രം എഴുതിയത്.291 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ജമ്മു കാശ്മീര്‍ രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റിന് 342 റണ്‍സില്‍ നില്‍ക്കവെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. ഖമറാന്‍ ഇക്ബാല്‍ 160 റണ്‍സോടെ ജമ്മുവിനായി രണ്ടാം ഇന്നിങ്സില്‍ തിളങ്ങി. സഹില്‍ ലോട്ടറ 101 റണ്‍സോടെ ക്രീസില്‍ തുടര്‍ന്നു.
എന്തായാലും രഞ്ജി ട്രോഫി ചരിത്രത്തിലെ കിരീട ജേതാക്കളിലേക്ക് തങ്ങളുടെ പേരും ജമ്മു കാശ്മീര്‍ എഴുതിച്ചേര്‍ത്തിരിക്കുകയാണ്.കഠിനമായ സാഹചര്യങ്ങളെ ക്രിക്കറ്റ് സ്വപ്നം കൊണ്ട് തോല്‍പ്പിച്ച് അവര്‍ ചരിത്രത്തിലേക്ക് നടന്നു കയറുമ്പോള്‍ ആ കളി മികവിന് കൈയടിക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല. നിരവധി പ്രതിഭകളെ വാര്‍ത്തെടുക്കുന്ന പവര്‍ഹൗസായി ജമ്മു കാശ്മീര്‍ മാറുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയാം.


