മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ (ആര്‍.സി.ബി) ഐ.പി.എല്‍ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തില്‍ വൈകാരിക കുറിപ്പുമായി സൂപ്പര്‍താരം വിരാട് കോലി. ജൂണ്‍ നാലിലെ ഹൃദയഭേദകമായ ആ ദുരന്തം ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹും കുറപ്പില്‍ പറഞ്ഞു. ആര്‍.സി.ബിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് കോഹ്ലിയുടെ പ്രതികരണം.

ദുരന്തം നടന്ന് 91ാം ദിവസമാണ് കോലി വിഷയത്തില്‍ വിശദമായി പ്രതികരിക്കുന്നത്. കിരീട വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കഴിഞ്ഞദിവസം ആര്‍.സി.ബി അറിയിച്ചിരുന്നു. നേരത്തെ. പ്രഖ്യാപിച്ച 10 ലക്ഷത്തിനു പുറമെയാണ് 25 ലക്ഷം കൂടി ആര്‍.സി.ബി നല്‍കുന്നത്.

18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആര്‍.സി.ബി കന്നിക്കിരീടമുയര്‍ത്തിയതിന്റെ ആവേശത്തില്‍ ചിന്നസ്വാമി സ്റ്റേഡിയത്തിനു സമീപത്തേക്ക് ആയിരക്കണക്കിന് പേര്‍ എത്തിയതാണ് ദുരന്തത്തിന് കാരണമായത്. 'ഞങ്ങളുടെ ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ് ദുരന്തത്തില്‍ കലാശിച്ചത്. ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തെ കുറിച്ചും പരിക്കേറ്റ ആരാധകരെക്കുറിച്ചുമാണ് ഇപ്പോള്‍ ചിന്തിക്കുന്നതും പ്രാര്‍ഥിക്കുന്നതും.

നിങ്ങളുടെ നഷ്ടം ഞങ്ങളുടെ കൂടി ജീവിതത്തിന്റെ ഭാഗമാണ്. കരുതലോടെയും ബഹുമാനത്തോടെയും ഉത്തരവാദിത്തത്തോടെയും ഒത്തൊരുമിച്ച് നമുക്ക് മുന്നോട്ട് പോകാം' -കോലി കുറിച്ചു.

അപകടത്തില്‍ 47 പേര്‍ക്ക് പരിക്കേറ്റിരുന്നു. ആര്‍.സി.ബി ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവന കോഹ്ലി ദുരന്തത്തിനു തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വാക്കുകള്‍ കിട്ടുന്നില്ല, തകര്‍ന്നുപോയി എന്ന ഒറ്റവരി കുറിപ്പും ഇതോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പണം നല്‍കുന്നത് സാമ്പത്തിക സഹായമായിട്ടല്ല, മറിച്ച് അനുകമ്പയുടെയും ഐക്യത്തിന്റെയും തുടര്‍ച്ചയായ പരിചരണത്തിന്റെയും വാഗ്ദാനമായിട്ടാണെന്നാണ് ആര്‍.സി.ബി പ്രതികരിച്ചത്. ഒരുതരത്തിലുള്ള സാമ്പത്തിക സഹായവും അവര്‍ വരുത്തിയ വിടവിന് പകരമാകില്ല. പക്ഷേ, ആദ്യഘട്ടമെന്ന നിലയിലും ഏറെ ബഹുമാത്തോടെയുമാണ് ആര്‍.സി.ബി 25 ലക്ഷം രൂപ കുടുംബത്തിന് കൈമാറുന്നതെന്നും ടീം അധികൃതര്‍ വ്യക്തമാക്കി.