അഹമ്മദാബാദ്: ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലെത്തിച്ച പ്രകടനത്തോടെ ടൂര്‍ണമെന്റിലെ താരമായ സഞ്ജു സാംസണെ അഭിനന്ദിച്ച് സൂപ്പര്‍താരം വിരാട് കോലി. ഏറ്റവും പ്രധാനപ്പെട്ട സമയത്ത് നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ച കോലി നിങ്ങളെക്കുറിച്ച് ഓര്‍ത്ത് വലിയ സന്തോഷം, ചേട്ടാ എന്നും കൂട്ടിച്ചേര്‍ത്തു. ടൂര്‍ണമെന്റിലെ ഏറ്റവും അര്‍ഹതപ്പെട്ടയാള്‍ക്ക് തന്നെ മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം ലഭിച്ചെന്നും കോലി കുറിച്ചു.

അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ ന്യൂസീലന്‍ഡിനെ 96 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ മൂന്നാം ടി20 കിരീടം നേടിയത്. ടൂര്‍ണമെന്റില്‍ വെറും അഞ്ചു മത്സരങ്ങള്‍ മാത്രം കളിച്ചാണ് സഞ്ജു പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം നേടിയത്. 80.25 ശരാശരിയിലും 199.37 സ്ട്രൈക്ക് റേറ്റിലും 321 റണ്‍സാണ് സഞ്ജു നേടിയത്. ഒരുപിടി റെക്കോര്‍ഡുകളും സഞ്ജു സ്വന്തം പേരലാക്കിയിരുന്നു.

വിരാട് കോലി (2014, 2016), ജസ്പ്രീത് ബുംറ (2024) എന്നിവര്‍ക്ക് ശേഷം ഈ ബഹുമതി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും സഞ്ജുവിന് സ്വന്തമായി. വെറും അഞ്ച് മത്സരങ്ങള്‍ കളിച്ച സഞ്ജുവാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഫൈനലില്‍ 46 പന്തില്‍ നിന്ന് 89 റണ്‍സ് നേടി ടോപ് സ്‌കോററായി.

മോശം ഫോമിനെത്തുടര്‍ന്ന് ആദ്യം പ്ലേയിങ് ഇലവനില്‍ ഇല്ലാതിരുന്ന സഞ്ജു, അഭിഷേക് ശര്‍മയുടെ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്നും പിന്നീട് ഓഫ് സ്പിന്നര്‍മാരെ നേരിടാനുള്ള തന്ത്രപരമായ തീരുമാനത്തിലൂടെയുമാണ് ടീമില്‍ തിരിച്ചെത്തിയത്. പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ പുറത്താകാതെ 97* (50) റണ്‍സ് നേടി തിരിച്ചുവരവ് നടത്തി. കളിയിലെ താരമായി. സെമിയില്‍ ഇംഗ്ലണ്ടിനെതിരേ 42 പന്തില്‍ 89 റണ്‍സെടുത്തും കളിയിലെ താരമായി. പിന്നാലെ ഫൈനലിലും തകര്‍പ്പന്‍ പ്രകടനം തുടര്‍ന്നു.

ഒരേ ലോകകപ്പ് എഡിഷനിലെ സെമി ഫൈനലിലും ഫൈനലിലും അര്‍ധ സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റര്‍ എന്ന നേട്ടവും ഈ ടൂര്‍ണമെന്റിലൂടെ സഞ്ജു സ്വന്തമാക്കി. 2024 ലോകകപ്പില്‍ ഒരു മല്‍സരത്തില്‍ പോലും കളത്തിലിറങ്ങാന്‍ അവസരം ലഭിക്കാത്തവന്‍ ഇക്കുറി മടങ്ങുന്നത് ലോകകിരീടത്തിനൊപ്പം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായി. നിര്‍ണായക ഘട്ടത്തില്‍ കാഴ്ചവച്ച മിന്നുന്ന പ്രകടനത്തിനു പിന്നില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറുമായുള്ള വലിയ സംഭാഷണങ്ങളാണെന്ന് സഞ്ജുവെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ രണ്ടു മാസമായി ബാറ്റിങ് ഇതിഹാസവുമായി താന്‍ നിരന്തരം സംസാരിച്ചിരുന്നതായും സഞ്ജു മല്‍സരശേഷം വെളിപ്പെടുത്തി. ഫൈനലില്‍ നേടിയ 89 റണ്‍സ് ലോകകപ്പ് ഫൈനലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറുമായി. മൂന്നേ മൂന്ന് മല്‍സരങ്ങളിലെ പ്രകടനമാണ് സഞ്ജു സാംസനെ ടൂര്‍ണമെന്റിലെ താരമാക്കിയത്. അഫ്രീദിക്കും കോലിക്കും ശേഷം സെമിയിലും ഫൈനലിലും അര്‍ധസെഞ്ചുറി നേടുന്ന താരമായി സഞ്ജു. 5 മല്‍സരങ്ങളില്‍ നിന്ന് 80.25 ശരാശരിയില്‍ 321 റണ്‍സാണ് സഞ്ജു നേടിയത്.

സഞ്ജുവെന്ന ബ്രാന്‍ഡ് കുതിച്ചുയരും

ഈ ലോകകപ്പോടെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ സഞ്ജു ഒരു ഓളം തന്നെ ഉണ്ടാക്കിയിട്ടുണ്ട്. മറ്റൊരു താരത്തിനും അവകാശപ്പെടാന്‍ ഇല്ലാത്ത വിധത്തിലാണ് സഞ്ജുവിനുള്‌ല ആരാധകവൃന്ദം. ഓരോ ടീം സെലക്ഷനുകളിലും സഞ്ജു വാര്‍ത്തകളിലും സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞുനിന്നു. അര്‍ഹതയുണ്ടായിട്ടും പലപ്പോഴും തഴയപ്പെട്ടുപോയ സഞ്ജുവിനായി മുറവിളികളുയര്‍ന്നു. ഗംഭീരമായ ചില ഇന്നിങ്‌സുകളിലടൂടെ ആരാധകരുടെ മനംകവര്‍ന്നു. പ്രകടനത്തേക്കാളുപരി ശാന്തമായി സംസാരിക്കുന്ന, മര്യാദയുള്ള, വിനയമുള്ള, വളരെ സമീപിക്കാവുന്ന വ്യക്തിയെന്ന നിലയില്‍ സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റിലെ വ്യത്യസ്തമായ ബ്രാന്‍ഡായി മാറുകയും ചെയ്തു.

കായിക വിപണിയിലും സഞ്ജു ഇനി താരമായി മാറുമെന്നത് ഉറപ്പാണ്. ഗില്ലറ്റ്, ഭാരത്പെ, ഡ്രീം11, പ്യൂമ, എസ്ജി തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകളുടെ മുഖമായിഇതിനോടകം മാറിയ സഞ്ജുവിനെത്തേടി വരാനിരിക്കുന്നത് ഓഫറുകളുടെ പെരുമഴയായിരിക്കും. കളിക്കളത്തിലെ പ്രകടനങ്ങള്‍ക്ക് പുറമെ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചകളും പ്രതികരണങ്ങളും ബ്രാന്‍ഡ് വാല്യൂ ഉയര്‍ത്തുന്ന സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. കളിക്കളത്തിലെ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ബ്രാന്‍ഡുകളില്‍ നിന്ന് തല്‍ക്ഷണ പ്രതികരണങ്ങള്‍ക്കും കാരണമാകുന്നു. ഇംഗ്ലണ്ടിനും വെസ്റ്റ് ഇന്‍ഡീസിനുമെതിരായ അദ്ദേഹത്തിന്റെ സമീപകാല ഇന്നിംഗ്സിന് ശേഷം മിന്ത്ര, നോയിസെ തുടങ്ങിയ കമ്പനികളാണ് സഞ്ജുവിനെ പ്രശംസിച്ച് പോസ്റ്റിട്ടിരിക്കുന്നത്. കലാശപ്പോരിലെ പ്രകടനംകൂടി ആകുന്നതോടെ പ്രശംസകളില്‍ സഞ്ജു മുങ്ങും.

സന്തുലിതമായ പൊതു പ്രതിച്ഛായയിലാണ് സഞ്ജുവിന്റെ ആകര്‍ഷണീയത കുടികൊള്ളുന്നത് എന്നാണ് ബ്രാന്‍ഡ് വിദഗ്ധരെ ഉദ്ധരിച്ച് ബിസിനസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു പരമ്പരാഗത ക്രിക്കറ്റ് കളിക്കാരന്റെ ശാന്തമായ പെരുമാറ്റവും അക്രമണാത്മക ബാറ്റ്സ്മാന്റെ കഴിവും അദ്ദേഹം സംയോജിപ്പിക്കുന്നു. പ്രകടനത്തോടൊപ്പം കളിക്കളത്തിന് പുറത്തും ആളുകളെ ആകര്‍ഷിക്കുന്ന അത്ലറ്റുകളെ അന്വേഷിക്കുന്ന ബ്രാന്‍ഡുകള്‍ക്ക് സഞ്ജു ഇതോടെ ഇഷ്ടതാരമായി മാറുന്നുവെന്നും വിദഗ്ധര്‍ പറയുന്നു.

മാര്‍ക്കറ്റിംഗ് കാഴ്ചപ്പാടില്‍ സാംസന്റെ ഏറ്റവും വലിയ ശക്തികളിലൊന്ന് അദ്ദേഹത്തിന്റെ ശക്തമായ പ്രാദേശിക ബന്ധമാണെന്നും വിലയിരുത്തപ്പെടുന്നു. മലയാളി താരമായ സഞ്ജുവിന് പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍, യുവ പ്രേക്ഷകര്‍ക്കിടയില്‍ വിശ്വസ്തരായ ഒരു ആരാധകവൃന്ദമുണ്ട്. ഒപ്പം ഐപിഎല്ലിലൂടെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനെന്ന നിലയില്‍ ദക്ഷിണേന്ത്യക്ക് പുറത്തേക്കും സഞ്ജുവെന്ന ബ്രാന്‍ഡ് വ്യാപിച്ചു.

ക്രിക്കറ്റ് പ്രേക്ഷകര്‍ക്കപ്പുറം ഫുട്ബോള്‍ ആരാധകരുമായി ഇടപഴകാനുള്ള സഞ്ജുവിന്റെ ശ്രമങ്ങളും ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തി. കേരള ബ്ലാസ്റ്റേഴ്‌സ് ബ്രാന്‍ഡ് അംബാസിഡറായം സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്‌സിയുടെ സഹ ഉടമയായും ഫുട്‌ബോളുമായി പങ്കുചേര്‍ന്ന സഞ്ജുവിനെ അടുത്തിടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി നിയമിക്കുകയും ചെയ്തിരുന്നു.

ആധുനിക ക്രിക്കറ്റ് കളിക്കാരെ അവരുടെ കളിക്കളത്തിലെ പ്രകടനത്തിലൂടെ മാത്രം നിര്‍വചിക്കാനാകില്ല. ആരാധകരുമായി ബന്ധപ്പെടാനും വിശ്വസനീയമായ ഒരു പൊതു ഇമേജ് നിലനിര്‍ത്താനും ബ്രാന്‍ഡുകളുമായി പങ്കാളിത്തം സ്ഥാപിക്കാനുമുള്ള കഴിവ് പ്രധാനമാണ്. കാണികളെയും ബ്രാന്‍ഡുകളെയും ഒരുപോലെ ആകര്‍ഷിക്കുന്ന താരമെന്ന നിലയില്‍ സഞ്ജുവിനെ ബിസിസിഐക്കും ഐസിസിക്കും ഒരുപോലെ അനിവാര്യ ഘടകമായിത്തീരും.